| Friday, 29th April 2022, 12:05 pm

മോദിയും കേന്ദ്രവും നല്‍കിയ വാഗ്ദാനങ്ങളല്ലാതെ അവര്‍ കനിഞ്ഞനുവദിച്ച ആ സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണം; സ്വാമി സച്ചിദാനന്ദക്ക് നേരെ വിമര്‍ശനവുമായി കടകംപള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രിയെ അഭിനന്ദിച്ച ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ശിവഗിരിയേയും ഗുരുവിനേയും കൂടുതല്‍ അറിഞ്ഞ് ആദരിക്കുന്നതിലും മഠത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന സ്വാമിയുടെ പരാമര്‍ശത്തിന് എതിരെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

‘ മോദിയും കേന്ദ്രവും നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് അപ്പുറം അവര്‍ കനിഞ്ഞനുവദിച്ച ആ സഹായങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാന്‍ കൂടി സ്വാമി തയ്യാറാവണം,’ കടകംപള്ളി പറഞ്ഞു.

‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നുപറഞ്ഞ ഗുരുവിന്റെ പിന്മുറക്കാര്‍ രാജ്യത്തെ ജാതിയുടേയും മതത്തിന്റേയും പേരില്‍ ചേരി തിരിക്കാനും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനും നടക്കുന്നവരുടെ പാണന്മാരായി ചിലര്‍ അധപതിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.

ശിവഗിരി തീര്‍ത്ഥാടന ടൂറിസം സര്‍ക്ക്യൂട്ടാണ് കേന്ദ്രമനുവദിച്ചത്. ഇതാദ്യം മുന്നോട്ടുവെച്ചത് കേരള സര്‍ക്കാരാണ്. എന്നാല്‍ ഇത് പകുതിയില്‍ ഉപേക്ഷിച്ചുപോകാന്‍ കേന്ദ്രം തീരുമാനിച്ചതാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷം വിഭാവനം ചെയ്തതാണ് ശിവഗിരി കേന്ദ്രീകരിച്ച് തീര്‍ഥാടന ഇടനാഴി പദ്ധതി. ടൂറിസം മന്ത്രിയെന്ന നിലയില്‍ താന്‍ അന്ന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വദേശിദര്‍ശന്‍ പദ്ധതി പ്രകാരം ശിവഗിരി തീര്‍ഥാടന വികസനം നടത്താമെന്ന് മനസ്സിലാക്കി. തുടര്‍ന്ന് 118 കോടിയുടെ പദ്ധതി കേന്ദ്ര വിനോദ സഞ്ചാര വകുപ്പിനുമുന്നില്‍ അവതരിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീര്‍ഥാടന ഇടനാഴി ആവിഷ്‌കരിച്ചത്.
ഇതിനിടയില്‍ ശിവഗിരി മഠം നേരിട്ട് മറ്റൊരു നോട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അയച്ചു. തുടര്‍ന്ന് 118 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഐ.ടി.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

2019 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച പദ്ധതി 2020 മെയില്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് റദ്ദാക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രം പിന്മാറിയത്. മൂന്നു വര്‍ഷത്തിനിപ്പുറം പദ്ധതിയുടെ അവസ്ഥ വ്യക്തമാക്കാനെങ്കിലും സ്വാമി തയ്യാറാകണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more