തൃശ്ശൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും വിവാദത്തില്‍. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തിലൂടെ പുറത്ത് വന്നത് സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് മന്ത്രിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ക്ഷേത്ര ദര്‍ശനത്തിനിടെ കടകംപള്ളി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. അന്നദാനത്തിനുള്ള പണം കൂടി നല്‍കിയതിന് ശേഷമാണ് ക്ഷേത്രം വിട്ടത്.
വൈകീട്ട് ദേവസ്വം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് മന്ത്രിതന്നെ പിന്നീട് പ്രസംഗിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ പ്രവര്‍ത്തനം ആത്മാര്‍ഥമായാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി പ്രതികരിച്ചു.
അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് ഇതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിശ്വാസത്തിന്റെ പേരിലുള്ള സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.