| Monday, 15th October 2018, 9:14 pm

ഇനി തെറ്റിദ്ധാരണ പരത്തരുത്; ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയിലെയും വരവ് ചിലവുകള്‍ പുറത്തുവിട്ട് കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാരെടുക്കുന്നുവെന്ന പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡിലെയും ശബരിമലയിലെയും വരവ് ചെലവ് കണക്കുകള്‍ വിശദമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ വേണ്ടി വരുന്ന 487 കോടി രൂപ ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേണ്ടി വന്നത് 678 കോടി രൂപയാണെന്ന് മന്ത്രി പറയുന്നു.

201718 കാലയളവില്‍ ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആകെ ലഭിച്ചത് 683 കോടി രൂപയാണ്. ബോര്‍ഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളില്‍ ചിലവിനെക്കാള്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളില്‍ മാത്രമാണ്. 1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശബരിമല ഉള്‍പ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സര്‍ക്കാര്‍ സഹായവും ഉപയോഗിച്ചാണെന്നും മന്ത്രി വെളിപ്പെടുത്തുന്നു.

2017-18 ല്‍ ശബരിമലയില്‍ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി വിനിയോഗിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത് 133 കോടി രൂപയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണെന്നും, അതിലും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്താറില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നല്‍കിയത്. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. വസ്തുതകള്‍ ഇതായിരിക്കേ, തെറ്റിദ്ധാരണകള്‍ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും, നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റ്

201718 കാലയളവില്‍ ശബരിമല ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആകെ ലഭിച്ചത് 683 കോടി രൂപയാണ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളില്‍ ചിലവിനെക്കാള്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളില്‍ മാത്രമാണ്. 1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശബരിമല ഉള്‍പ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സര്‍ക്കാര്‍ സഹായവും ഉപയോഗിച്ചാണ്.

ഈ കാലയളവില്‍ ശബരിമലയില്‍ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി വിനിയോഗിച്ചു. പ്രതിവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത് 133 കോടി രൂപയാണ്. ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ ആകെ ചിലവാക്കുന്ന 487 കോടി രൂപ ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേണ്ടി വന്നത് 678 കോടി രൂപയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, ശബരിമലയിലെയും പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നുവെന്ന വ്യാജപ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് വരവ് ചെലവ് കണക്കുകള്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്, അതില്‍ സംസ്ഥാന സര്‍ക്കാര്‍ കൈ കടത്താറില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നല്‍കിയത്. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. വസ്തുതകള്‍ ഇതായിരിക്കേ, തെറ്റിദ്ധാരണകള്‍ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും, നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണ്.

We use cookies to give you the best possible experience. Learn more