തിരുവനന്തപുരം: പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെയും കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെയും മാധ്യമഭീകരതയുടെയും ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കാരണം ആ മനുഷ്യന് അഭിമാനക്ഷതവും വേദനയും ഉണ്ടായതില്‍ അദ്ദേഹത്തെ അപരാധിയായി ചിത്രീകരിച്ച മാധ്യമങ്ങള്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും കടകംപള്ളി പറഞ്ഞു.
ദുരന്തമുഖത്ത് മുന്നില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ദുരിതം നേരിടുന്ന ആ മനുഷ്യന്റെ ആത്മാഭിമാനം മുറിവേറ്റതില്‍ വേദനിക്കുന്നു. ആ സഖാവിനെ അഭിവാദ്യം ചെയ്യുന്നു. അദേഹത്തെ ഒരു ദിവസത്തേക്കെങ്കിലും തെറ്റിദ്ധരിച്ച മുഴുവന്‍ മലയാളികള്‍ക്കും വേണ്ടി മാപ്പ് ചോദിക്കുന്നെന്നും കടകംപള്ളി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഏഷ്യാനെറ്റിനെതിരെയും രൂക്ഷവിമര്‍ശനമാണ് മന്ത്രി ഉന്നയിച്ചത്. നിക്ഷിപ്ത താല്പര്യക്കാരായ ചില മാധ്യമങ്ങളുടെ മറ്റൊരു നുണക്കഥ കൂടെയാണ് തകര്‍ന്നു വീണതെന്നും ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത തകര്‍ക്കാനായെന്ന വണ്ണം കള്ളവാര്‍ത്ത പടച്ചു വിടുന്ന ദയനീയ അവസ്ഥയിലാണ് ഇക്കൂട്ടര്‍ എന്നും കടകംപള്ളി പറഞ്ഞു.
”ഇന്നലെ റബ്‌കോയുടെ കടങ്ങള്‍ എഴുതിത്തള്ളി എന്ന വ്യാജവാര്‍ത്തയായിരുന്നു എഷ്യാനെറ്റ് അതീവ പ്രാധാന്യത്തോടെ പ്രൈം ടൈം ചര്‍ച്ച ആക്കിയത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരെടുത്ത് അറിയിച്ച തീരുമാനങ്ങള്‍ പ്രളയസമയത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ഒരു നാട് ദുരന്തം നേരിടുമ്പോള്‍ ചെയ്യേണ്ടതെന്തെന്നും ഇപ്പോള്‍ ചെയ്യുന്നതെന്തെന്നും സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്, തിരിച്ചറിയേണ്ടതുണ്ട്. – കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സഖാവ് ഓമനക്കുട്ടനെ വിളിച്ചു ഞാന്‍ സംസാരിച്ചു. ഓമനക്കുട്ടന്‍ ആരെന്നത് ഇപ്പോള്‍ പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ?
പ്രളയകാലത്ത് തലപൊക്കുന്ന വിഷജീവികളുടെ, കള്ളം മാത്രം പ്രചരിപ്പിക്കുന്നവരുടെ, മാധ്യമഭീകരതയുടെ ഏറ്റവും പുതിയ ഇരയാണ് ഓമനക്കുട്ടന്‍.
ക്യാമ്പുകളില്‍ ചെന്ന് സര്‍ക്കാരിനെതിരെ അടിക്കാന്‍ ഇല്ലാക്കഥകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓമനകുട്ടന്മാരെ പോലെ രാപ്പകലില്ലാതെ ക്യാമ്പില്‍ അവസാനത്തെ ആള്‍ക്കും വേണ്ടി ഓടി നടക്കുന്നവരെ പരിചയം കാണില്ല.
തന്റെ കയ്യില്‍ നിന്നെടുത്തും ഇല്ലെങ്കില്‍ ചുറ്റുമുള്ളവരോട് കടം വാങ്ങിയും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നവരെ കണ്ണില്‍ പിടിക്കില്ല. അവര്‍ ക്യാമ്പില്‍ മനുഷ്യരെയോ അവരുടെ സഹവര്‍ത്തിത്വത്തെയോ കാണില്ല, അതിലൊക്കെ എന്ത് വാര്‍ത്താപ്രാധാന്യം?
നിക്ഷിപ്ത താല്പര്യക്കാരായ ചില മാധ്യമങ്ങളുടെ മറ്റൊരു നുണക്കഥ കൂടെയാണ് തകര്‍ന്നു വീണത്. ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത തകര്‍ക്കാനായെന്ന വണ്ണം കള്ളവാര്‍ത്ത പടച്ചു വിടുന്ന ദയനീയ അവസ്ഥയിലാണ് ഇക്കൂട്ടര്‍ ഇപ്പോള്‍.
ഇന്നലെ റബ്‌കോയുടെ കടങ്ങള്‍ എഴുതിത്തള്ളി എന്ന വ്യാജവാര്‍ത്തയായിരുന്നു എഷ്യാനെറ്റ് അതീവ പ്രാധാന്യത്തോടെ പ്രൈം ടൈം ചര്‍ച്ച ആക്കിയത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരെടുത്ത് അറിയിച്ച തീരുമാനങ്ങള്‍ പ്രളയസമയത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ ഒരു നാട് ദുരന്തം നേരിടുമ്പോള്‍ ചെയ്യേണ്ടതെന്തെന്നും ഇപ്പോള്‍ ചെയ്യുന്നതെന്തെന്നും സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്, തിരിച്ചറിയേണ്ടതുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കാരണം ഒരു മനുഷ്യന് അഭിമാനക്ഷതവും വേദനയും ഉണ്ടായതില്‍ മാപ്പ് പറയുകയാണ് ഇത്തിരിയെങ്കിലും മാനവികബോധം ഉണ്ടെങ്കില്‍ ഓമനക്കുട്ടനെ അപരാധിയായി ചിത്രീകരിച്ച മാധ്യമങ്ങള്‍ ചെയ്യേണ്ടത്.
ദുരന്തമുഖത്ത് മുന്നില്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ദുരിതം നേരിടുന്ന ആ മനുഷ്യന്റെ ആത്മാഭിമാനം മുറിവേറ്റതില്‍ വേദനിക്കുന്നു. ആ സഖാവിനെ അഭിവാദ്യം ചെയ്യുന്നു. അദേഹത്തെ ഒരു ദിവസത്തേക്കെങ്കിലും തെറ്റിദ്ധരിച്ച മുഴുവന്‍ മലയാളികള്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. ലാല്‍സലാം.