| Sunday, 31st October 2021, 5:53 pm

മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു, അന്നത് നിരസിച്ചു: കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാര്‍പാപ്പക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ നേരത്തെ തന്നെ താല്‍പര്യം ഉണ്ടായിരുന്നുവെന്നും മൂന്ന് വര്‍ഷം മുന്‍പ് താന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നതായും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഫോട്ടോയുള്‍പ്പെടെ പങ്കുെവച്ചായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കണമെന്നും കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു എന്നും കടകംപള്ളി ആരോപിച്ചു.

‘കേരള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്നേഹ സമ്മാനങ്ങളും നല്‍കിയിരുന്നു. കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ക്ഷണം സ്വീകരിച്ചു കൊണ്ട് കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകിയാണെങ്കിലും മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുകയാണെന്നും മാര്‍പാപ്പയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

മാര്‍പാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാല്‍ മണിക്കൂറിലേറെ ചര്‍ച്ച നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും മോദിക്കൊപ്പമുണ്ടായിരുന്നു.

CONTENT HIGHLIGHTS:  Center was asked to invite the Pope to visit India, but was turned down: Kadakampally Surendran

We use cookies to give you the best possible experience. Learn more