| Tuesday, 26th November 2019, 10:33 am

തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ ഗൂഢാലോചന; ഒരു ചാനല്‍ മാത്രം വിവരമറിഞ്ഞു; നടന്നതെല്ലാം ഒരു തിരക്കഥ പോലെ: കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലേക്കെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഒരു ചാനല്‍ മാത്രം തൃപ്തി ദേശായിയുടെ വരവ് അറിഞ്ഞെന്നും ബിന്ദു അമ്മിണിക്കെതിരായ ആക്രമണം പോലും കൃത്യമായ ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു.

ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വാധീനമുള്ള മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും ശബരിമലയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് അവര്‍ തിരിക്കുക. വെളുപ്പിന് 5 മണിക്ക് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേരുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തിലെ ഒരു മാധ്യമം മാത്രം ആ വിവരം അറിയുക. ആ മാധ്യമം അവരുടെ ബൈറ്റെല്ലാം എല്ലാം എടുത്ത് ലൈവായി കൊടുക്കുക. അതിന് ശേഷം തങ്ങള്‍ കോട്ടയം വഴി ശബരിമലയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് അവിടുന്ന് യാത്ര പുറപ്പെടുന്നു. പിന്നെ കുറച്ചുകഴിഞ്ഞ് അവരെ കാണുന്നത് എറണാകുളത്തെ പൊലീസ് കമ്മീഷണറുടെ ഓഫീസിന്റെ മുന്നിലാണ്. അവിടെ ഏതാനും പേര്‍, ഒരാളുടെ കയ്യില്‍ മുളക് പൊടിയോ മറ്റോ ഉണ്ടായിരുന്നെന്ന് പറയുന്നു. അവരെ ആക്രമിക്കുന്നു. മാധ്യമങ്ങള്‍ എല്ലാം തന്നെ വളരെ സജീവമായി ഈ പ്രത്യേക സാഹചര്യം തുടര്‍ച്ചയായി ജനങ്ങളുടെ മുന്‍പില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ പിന്നില്‍ കൃത്യമായ അജണ്ടയും സംവിധാനവും ഉണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. അങ്ങനെ തന്നെ കരുതുന്നു. ഇല്ലെങ്കില്‍ രാവിലെ 5 മണിക്ക് നെടുമ്പാശേരിയിലില്‍ വരുന്ന ഇവര്‍ കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നു എന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ട്. പക്ഷേ അവര്‍ കൃത്യമായും പൊലീസ് കമ്മീഷണര്‍ ആസ്ഥാനത്ത് എത്തിച്ചേരുമെന്ന് അറിഞ്ഞ് അവിടെ ചില ആളുകള്‍ മാത്രം എത്തുക. കാത്ത് നില്‍ക്കുന്ന ആളുകളുടെ കൈവശം മുളകുപൊടി കൂടി ഉണ്ടാവുക.

ഇത് ബോധപൂര്‍വമാണ്. നമ്മുടെ സംസ്ഥാനത്ത് ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച ശേഷം വളരെ നന്നായി നടക്കുന്ന തീര്‍ത്ഥാടക കാലത്തെ സംഘര്‍ഷഭരിതമാക്കാനും ആ തീര്‍ത്ഥാടനത്തെ ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്ന് മനസിലാക്കുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 2018 ലെ വിധി അംഗീകരിച്ച് നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുത്ത സര്‍ക്കാരാണ് ഇത്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാരാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ലെ വിധിയില്‍ അവ്യക്തതയുണ്ടെന്ന് ഞങ്ങള്‍ പറയുന്ന കാര്യമല്ല. നിയമ്ജ്ഞര്‍ പറയുന്ന കാര്യമാണ്.

2018 ലെ വിധി നിലനില്‍ക്കുന്നുണ്ടോ അതിനെന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് അവ്യക്തമായി നിലനില്‍ക്കുന്നു. അത് മാറണം. അതാണ് സര്‍ക്കാര്‍ പറഞ്ഞത്.

അത് മാറേണ്ടതായ സാഹചര്യം ഉണ്ടായില്ല. ആ സാഹചര്യം നിലനില്‍ക്കുകയാണ്. ഇത് ക്രമസമാധാന പ്രശ്‌നമാക്കി വളര്‍ത്താന്‍ ശ്രമിക്കുന്ന ആളുകള്‍ ഉണ്ട് എന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.

ഇവിടെ സംഘര്‍ഷം ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ചിലര്‍ ശ്രമിക്കുന്നത്. 2015-16 കാലത്തെ തീര്‍ത്ഥാടനത്തെ വെല്ലുന്ന തീര്‍ത്ഥാടക പ്രവാഹമാണ് ഉണ്ടായത്. അവര്‍ക്ക് സേവനം ഒരുക്കാന്‍ വലിയ പരിശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഘട്ടമാണ്. ഈ ഘട്ടത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.

ബിന്ദു അമ്മിണിക്കെതിരായ കയ്യേറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന്, സ്ത്രീകള്‍ക്ക് നേരെ കയ്യേറ്റം നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിലാണ് മുളകുപൊടി വിതറിയതെന്നും കടകംപള്ളി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more