തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാന്‍ പറ്റുന്ന സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരും. കണ്ടെയ്‌മെന്റ് സോണുകളില്‍ ഇളവുകള്‍ അനുവദിക്കില്ല. മറ്റിടങ്ങളില്‍ പൊതുഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയതായും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിന്റെ ഭാഗമായി ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായകരമായ ഇളവുകള്‍ നല്‍കേണ്ടതായിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളില്‍ ശക്തമായ രക്ഷാനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്ത പ്രദേശങ്ങളില്‍ ജീവിതം സാധാരണ ഗതിയിലാക്കാന്‍ സാധിക്കുന്ന ഇളവുകള്‍ നല്‍കാന്‍ കഴിയേണ്ടതുണ്ട്’, മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നഗരസഭയ്ക്ക് കീഴിലും തീരപ്രദേശങ്ങളിലും പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്ന് രാത്രി അവസാനിക്കാനിരിക്കെ ഇന്ന് യോഗം ചേരാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയായിരിക്കും ലോക്ക് ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
തീരദേശ മേഖലയിലെ മൂന്ന് സോണുകളായി തിരിച്ചുള്ള പ്രതിരോധ നടപടികളായിരുന്നു കൈക്കൊണ്ടത്. ഇതിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുമായി മന്ത്രി കടകംപള്ളി രാവിലെ ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ട സാഹചര്യം ആയിട്ടില്ലെന്ന് മന്ത്രി പറഞ്ഞത്.
തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ട സാഹചര്യമായിട്ടില്ലെന്നും പക്ഷേ ജനജീവിതം പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിന് വേണ്ടിയുള്ള ഇളവുകള്‍ അല്ലാത്ത മേഖലയില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഇന്ന് വൈകീട്ടാണ് ഉണ്ടാവുക. തീരപ്രദേശത്ത് പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഗുണം കാണാനുണ്ടെന്നും എന്നാല്‍ ജനജീവിതം സുഗമമാക്കുന്ന തരത്തിലുള്ള നടപടികളിലേക്ക് കടക്കുമെന്നുമാണ് മന്ത്രി വിശദീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക