| Friday, 21st June 2019, 11:21 am

വിശ്വാസികളെ തെരുവിലിറക്കരുത്: ശബരിമല യുവതീ പ്രവേശനത്തിനെതിരെ കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമ പരിരക്ഷയ്ക്ക് ബില്‍ കൊണ്ടുവരണം. വിശ്വാസികളെ തെരുവിലിറക്കരുതെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ഉത്തരവാദിത്തം നിറവേറ്റി എന്നു പറയാന്‍ മാത്രമായിരിക്കാം എന്‍.കെ പ്രേമചന്ദ്രന്‍ ബില്ല് കൊണ്ടുവന്നതെന്നും കടകംപള്ളി വിമര്‍ശിച്ചു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ലോക്‌സഭയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ബില്ല് കൊണ്ടുവന്നിരുന്നു. 17-ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.

ശബരിമല ബില്‍ പാസാക്കാന്‍ കേന്ദ്രത്തിന് അവസരമുണ്ടായിട്ടും നിയമം കൊണ്ട് വന്നിട്ടില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയമാണ് ബി.ജെ.പിക്ക് തടസമാവുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ശബരിമല ബില്‍ പാസാക്കുന്നതില്‍ ബി.ജെ.പി ക്ക് താല്‍പര്യമില്ലെന്നും സാങ്കേതിക വിഷയങ്ങളൊന്നും ബി.ജെ.പിക്ക് തടസമാവില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

നേരത്തെ ബി.ജെ.പി വിശ്വാസിസമൂഹത്തിന്റെ താത്പര്യത്തോടൊപ്പം നിലകൊള്ളുന്നു എന്നുണ്ടെങ്കില്‍ ബില്ലിന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കാമെന്നും ബില്‍ പാസ്സാകുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ ആ തടസ്സങ്ങള്‍ പറയണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more