| Saturday, 12th September 2020, 1:24 pm

തിരുവനന്തപുരം സാമൂഹിക വ്യാപനത്തിലേക്ക്, സങ്കുചിത രാഷ്ട്രീയം വെച്ച് തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് ഉത്തരവാദിത്വം; ജലീലിനെതിരായ പ്രതിഷേധത്തില്‍ കടകംപള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.ടി ജലീലിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് ഇത്ര വലിയ പ്രമാദമായ വിഷയം ആണോയെന്നും മന്ത്രി ചോദിച്ചു.

‘ഇതിന് മുമ്പും എത്ര മന്ത്രിമാര്‍ ചോദ്യം ചെയ്യലിന് വിധേയമായിട്ടുണ്ട്’,കടകംപള്ളി ചോദിച്ചു.

കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് തലസ്ഥാനം കടക്കുകയാണ്. ഈ സാഹചര്യത്തില്‍ സങ്കുചിത രാഷ്ട്രീയം വച്ച് തെരുവില്‍ ഇറങ്ങുന്ന ആളുകള്‍ക്ക് അതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നും കടകംപള്ളി ഓര്‍മ്മിപ്പിച്ചു.

സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്നലെയാണ് ചോദ്യം ചെയതത്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും തീരുമാനിച്ചത്.

പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള പരിചയം ആരോപണത്തിന് ഇടയാക്കിയിരുന്നു.

ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ വിതരണം ചെയ്തുവെന്ന് മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തിയിരുന്നു.

സി-ആപ്റ്റില്‍ നിന്നും ചില പാഴ്സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.

ഈ വര്‍ഷം മാര്‍ച്ച് നാലിന് കസ്റ്റംസ് കാര്‍ഗോയില്‍ നിന്നും പുറത്തേക്ക് പോയ നയന്ത്രബാഗിലാണ് മതഗ്രന്ഥങ്ങള്‍ എത്തിയത്. 4479 കിലോ ഭാരമുള്ള ബാഗാണ് നയന്ത്രപാഴ്സലായി എത്തിയിരിക്കുന്നത്. മതഗ്രന്ഥത്തിന് പുറമേ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി ബാഗില്‍ ഉണ്ടായിരുന്നോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

എന്നാല്‍കഴിഞ്ഞ രണ്ടു വര്‍ഷമായി കോണ്‍സുലേറ്റില്‍ നിന്നും നയതന്ത്ര ബാഗുകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ വിശദീകരണം.

ഇതിന് പിന്നാലെ നയതന്ത്ര ബാഗേജില്‍ ആകെ എത്ര ഖുര്‍ ആന്‍ വന്നുവെന്ന് കണക്കെടുക്കാനായി ഖുര്‍ ആന്‍ സാമ്പിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചിരുന്നു.

ഒരു ഖുര്‍ ആന്‍ 567 ഗ്രാമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിശുദ്ധ ഖുര്‍ ആന്‍ എന്ന് പേരെഴുതി ആകെ 250 പാക്കറ്റുകളാണ് യു.എ.ഇ എംബസി വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.

അതേസമയം ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തി.

നിരന്തരം ആരോപണ വിധേയനായിട്ടും കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിനാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ ചോദിച്ചു. ജലീല്‍ രാജി വച്ചാല്‍ തനിക്ക് നേരെയും ആരോപണം നീളുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്നും വി.ടി ബല്‍റാം പറഞ്ഞു.

‘ഞാന്‍ മുന്‍പൊരിക്കല്‍ ചോദിച്ചിരുന്നത് പോലെ ഈ സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി ഈ അഞ്ച് വര്‍ഷത്തിനിടയില്‍ മന്ത്രി ജലീലിന്റെ ഭാഗത്തു നിന്നുണ്ടായതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? ഇല്ലെന്ന് മാത്രമല്ല, ഓരോ കാലത്തും ഇദ്ദേഹം ചെയ്തുവയ്ക്കുന്ന വൃത്തികേടുകള്‍ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുര്‍വ്വിധിയാണ് ഇടതുപക്ഷാനുഭാവികളായ പാവങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നത്’, വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന് രാജിവച്ച് പുറത്ത് പോകേണ്ടി വന്നത് അദ്ദേഹം നടത്തിയ ബന്ധു നിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ജലീലിനെതിരെ ഉയര്‍ന്നത് ബന്ധു നിയമനം മാത്രമല്ല മാര്‍ക്ക് തട്ടിപ്പ്, സര്‍വ്വകലാശാല നിയമ ലംഘനം മുതല്‍ ഇപ്പോള്‍ കള്ളക്കടത്ത്, നയതന്ത്ര ചട്ടലംഘനം അടക്കമുള്ള നിരവധി ഗുരുതര വിഷയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ജലീലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇ.പി ജയരാജനും തോമസ് ചാണ്ടിക്കും ശശീന്ദ്രനും നല്‍കാത്ത സംരക്ഷണം മുഖ്യമന്ത്രി എന്തിന് ജലീലിന് നല്‍കണമെന്നും മജീദ് ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KadakamPally Surendran on KT Jaleel

We use cookies to give you the best possible experience. Learn more