തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആനകളെ ഉത്സവങ്ങള്‍ക്ക് അയക്കില്ലെന്നു പ്രഖ്യാപിച്ച ആന ഉടമകളുടെ സംഘടനയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൂരം കഴിഞ്ഞവര്‍ഷത്തേക്കാള്‍ മനോഹരമായി നടത്തുന്നതിനുവേണ്ടി ആന ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൂരം കഴിഞ്ഞവര്‍ഷത്തേക്കാള്‍ മനോഹരമായി നടത്തുന്നതിനുവേണ്ടി ആന ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തും. അവര്‍ക്കെന്തെങ്കിലും തെറ്റിദ്ധാരണകളോ സംശയങ്ങളോ ഉണ്ടെങ്കില്‍ അത് തീര്‍ക്കുന്നതിന് സഹായകരമായ തരത്തില്‍ ഒരു കൂടിയാലോചന നടത്തണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. സര്‍ക്കാറിനെ സംബന്ധിച്ച് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ പിടിവാശിയൊന്നുമില്ല. നമ്മുടെ ചുറ്റുമുള്ള അപകടങ്ങളെ നമ്മള്‍ നോക്കിക്കാണേണ്ടതായിട്ടുണ്ട്. പതിനായിരക്കണക്കിന് ജനങ്ങള്‍ കൂടുന്ന സ്ഥലമാണ് തൃശൂര്‍ പൂരം.
സുരക്ഷ വളരെ പ്രധാനപ്പെട്ട കാര്യമാണ്. സുരക്ഷയെ മുന്‍നിര്‍ത്തിക്കൊണ്ട് വനംവകുപ്പ് അധികൃതര്‍ നല്‍കുന്ന ഉത്തരവുകളെ സര്‍ക്കാറിന് മറികടക്കാന്‍ സാധിക്കുമോയെന്ന വലിയ പ്രശ്‌നമുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാറിനെയല്ലേ എല്ലാവരും പഴിപറയുക. ഉത്തരവ് ഉണ്ടായിട്ടും അതിനെ മറികടന്ന് എഴുന്നള്ളിക്കാനായിട്ട് സമ്മതിച്ചു, തിടമ്പേറ്റാന്‍ സമ്മതിച്ചു എന്നൊക്കെ പറഞ്ഞ് സര്‍ക്കാറിനെതിരായിട്ടുള്ള പുലഭ്യം പറച്ചിലായിരിക്കും എന്തെങ്കിലും സംഭവിച്ചാലുണ്ടാവുക.
രാമചന്ദ്രനെ സംബന്ധിച്ച് പരിശോധിക്കുമ്പോള്‍ 2009നുശേഷം തന്നെ ഏഴുപേര്‍ രാമചന്ദ്രന്റെ കൈകളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു. രണ്ട് നാട്ടാനകളെ തന്നെ രാമചന്ദ്രന്‍ കൊന്നു. അപ്പോള്‍ ബോധപൂര്‍വ്വം അല്ലെങ്കില്‍ പോലും അപകട സാധ്യതയുണ്ട് എന്നുള്ളത് നമ്മള്‍ കാണേണ്ടതുണ്ട്. എതായാലും ഇക്കാര്യത്തില്‍ ആനയുടമ സംഘടനകളും സര്‍ക്കാറും തമ്മില്‍ ഒരു തര്‍ക്കമുണ്ടാവേണ്ട കാര്യമില്ല. പൂരംവളരെ നന്നായിട്ട് നടത്തേണ്ടതായിട്ടുണ്ട്. ക്ഷേത്രോത്സവങ്ങള്‍ ഓരോ വര്‍ഷവും നന്നായിട്ട് നടത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിന് സഹായകരമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.
ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. നാളെ തന്നെ ആനയുടമ സംഘവുമായി കൂടിയാലോചിച്ച് പൂരം നന്നായി നടത്താന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ‘ എന്നാണ് മന്ത്രി പറഞ്ഞത്.
ഇതെല്ലാം തന്നെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആകളെ വിട്ടുനല്‍കില്ലെന്നായിരുന്നു കേരള എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.
മെയ് 11 മുതല്‍ ഒരു ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് സംഘടനയുടെ നിലപാട്. ഉത്സവം എന്നത് നാടിന്റെ ആഘോഷമാണ്. അത് ആന ഉടമയ്ക്ക് കാശുണ്ടാക്കാന്‍ വേണ്ടി മാത്രമല്ല. ആനകളെ എഴുന്നള്ളിക്കുന്നത് കോടികള്‍ സമ്പാദിക്കുന്ന മാഫിയയാണ് എന്ന തരത്തില്‍ ചിത്രീകരിക്കുകയാണ് വനംവകുപ്പ് ചെയ്തത്. ഞങ്ങളെ യോഗത്തില്‍ വിളിച്ച് എടുത്ത തീരുമാനത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അപമാനിക്കുകയാണ് വനംവകുപ്പ് ചെയ്തതെന്നും സംഘടന ആരോപിച്ചിരുന്നു.
വനംവകുപ്പിലെ ഒന്ന് രണ്ട് ഉദ്യോഗസ്ഥന്മാര്‍ വനംവകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ചില തീരുമാനങ്ങള്‍ എടുപ്പിച്ചതാണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതിനു പിന്നില്‍ ഗൂഢാലോചയുണ്ടെന്നും സംഘടന ആരോപിച്ചിരുന്നു.
ആന കാരണം എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഉടമയേയും പരിപാലിക്കുന്ന ആളേയും ആനയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളേയും പ്രതിയാക്കി കേസെടുക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ ആനയെ കൊടുക്കേണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ചോദിച്ചിരുന്നു.
ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കോടതിയില്‍ ഈ കേസ് നിലനില്‍ക്കുമ്പോള്‍ വനംവകുപ്പ് മന്ത്രി വളരെ നിരുത്തരവാദപരമായാണ് കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയത്. അത് ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന സൂചന നല്‍കുന്ന രീതിയില്‍ വനംമന്ത്രി കെ. രാജു കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആന ഉടമകളുടെ പ്രഖ്യാപനം വന്നത്.
‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്കു രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞഥായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസിലായിട്ടുണ്ട്. അതു ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതും പ്രായം ചെന്നതുകാരണം സാധാരണ നിലയിലുള്ള കാഴ്ചശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിനു തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റക്കണ്ണുകൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചുകൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. ‘ എന്നായിരുന്നു മന്ത്രിയുടെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്.
‘ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. ഇത് മനസ്സിലാക്കി ജനങ്ങള്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നും മന്ത്രി പറഞ്ഞിരുന്നു.