തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിനെതിരെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എതിര്‍സ്വരങ്ങളെ ഭീഷണിയിലൂടെയും അക്രമണങ്ങളിലൂടെയും ഭയപ്പെടുത്തി അമര്‍ച്ച ചെയ്യുന്ന രീതിയാണ് ഫാസിസ്റ്റുകള്‍ എല്ലാകാലവും സ്വീകരിച്ച് പോയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
‘ചരിത്രത്തില്‍ ഒരിക്കലും ഫാസിസ്റ്റുകള്‍ വിജയിച്ചിട്ടില്ല. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ പൃഥ്വിരാജ് നേരിടുന്ന സംഘപരിവാര്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയ പൃഥ്വിക്ക് പിന്തുണ,’കടകംപള്ളി ഫേസ്ബുക്കില്‍ എഴുതി.
നേരത്തെ സംഘപരിവാര്‍ ചാനലായ ജനം ടി.വിയുടെ എഡിറ്ററായ ജി.കെ സുരേഷ് ബാബു ചാനലിന്റെ ഒണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍ പൃഥ്വിരാജിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുണ്ടായിരുന്നു.
പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്‌പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നും കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ടെന്നും സുരേഷ് ബാബു ലേഖനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വിക്ക് പിന്തുണയും ജനം ടി.വിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ അരുണ്‍ ഗോപിയും മിഥുന്‍ മാനുവല്‍ തോമസുമടക്കമുള്ള നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.സംഘപരിവാര്‍ ചാനല്‍ പൃഥ്വിരാജിനെതിരെ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുന്‍ എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞത്. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പ്രതിഷേധം കനത്തതോടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ ലേഖനം ജനം ടി.വി പിന്‍വലിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
CONTENT HIGHLHTS : Kadakampally Surendran has spoken out against the cyber attack on actor Prithviraj by the Sangh Parivar for supporting the people of Lakshadweep.