| Monday, 30th May 2016, 8:01 am

ആതിരപ്പള്ളി പദ്ധതിയെ കുറിച്ച് താന്‍ പറയാത്ത കാര്യമാണ് പ്രചരിപ്പിക്കുന്നത്: കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: ആതിരപ്പള്ളി, ചീമേനി പദ്ധതികള്‍ സംബന്ധിച്ച് താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏതു പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പും വിശദമായ പഠനം നടത്തുകയും പ്രദേശത്തെ ജനങ്ങളുമായും പരിസ്ഥിതി പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. എന്നിട്ടു മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുകയുള്ളൂവെന്നും കടകംപള്ളി വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെയാണ് കടകംപള്ളിയുടെ പ്രതികരണം. അതിരപ്പിള്ളി, ചീമേനി വൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് താന്‍ പറഞ്ഞതായും അതെതുടര്‍ന്നുണ്ടായേക്കാമെന്ന് പറയപ്പെടുന്ന പരിസ്ഥിതിനാശത്തിന് എതിരെയും ചില കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പ്രചരണം നടക്കുന്നതായി അറിഞ്ഞെന്നും എഫ്.ബി പോസ്റ്റില്‍ കടകംപള്ളി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുന്നോട്ട് വച്ച പരിസ്ഥിതി സൗഹൃദ കേരളം എന്ന ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇക്കാര്യത്തിലുമുള്ള നിലപാടെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കടകംപള്ളി വ്യക്തമാക്കി. വിഷയത്തില്‍ അനാവശ്യമായ വിവാദം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

വൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെന്ന കടകംപള്ളിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു. വിഷയത്തില്‍ കടകംപള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച് മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും രംഗത്ത് വന്നിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആതിരപ്പള്ളി, ചീമേനി വൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഞാന്‍ പറഞ്ഞതായും. അതെതുടര്‍ന്നുണ്ടായേക്കാമെന്ന് പറയപ്പെടുന്ന പരിസ്ഥിതിനാശത്തിന് എതിരെയും ചില കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പ്രചരണം നടക്കുന്നതായി അറിഞ്ഞു.

അവരോടായി ആദ്യം, പ്രസ്തുത പദ്ധതികള്‍ എന്നല്ല ചെറുതും വലുതുമായ മുഴുവന്‍ പദ്ധതികളും നടപ്പിലാക്കും മുമ്പ് വിശദമായ പരിസ്ഥിതിയാഘാത പഠനങ്ങള്‍ നടത്തുകയും, പ്രദേശത്തെ ജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത് ആശങ്കകളകറ്റുകയും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മുന്നോട്ട് വച്ച പരിസ്ഥിതി സൗഹൃദ കേരളം എന്ന ആശയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇക്കാര്യത്തിലുമുള്ള നിലപാട്. മണ്ണും ജലവും ജൈവവൈവിധ്യവും സംരക്ഷിച്ചും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പൊതുജനതിന്റെയും അഭിപ്രായം കണക്കിലെടുത്തും മാത്രമേ ഇത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയുള്ളൂ.

പരിസ്ഥിതി വിഷയങ്ങളില്‍ കാലാകാലമായി കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച സുവ്യക്തമായ നിലപാടുകള്‍ മറച്ച് പിടിച്ച്, ഞാന്‍ പറയാത്തൊരു കാര്യം പ്രചരിപ്പിക്കുന്നതും തികച്ചും ദൌര്‍ഭാഗ്യകരമാണ്.

ഈ പ്രചരണം നയിക്കുന്നവര്‍ സ്വന്തം നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്ന് ഞാന്‍ വിനീതനായി ഓര്‍മ്മിപ്പിക്കട്ടെ. ഒന്നു കൂടി, അനാവശ്യമായ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥന.

We use cookies to give you the best possible experience. Learn more