തിരുവനന്തപുരം: എല്ലാ സമരങ്ങളും പരാജയപ്പെട്ടപ്പോഴാണ് ബി.ജെ.പി ഹര്‍ത്താലുമായി എത്തിയിരിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. സെക്രട്ടറിയേറ്റ് പടിക്കലിലെ ബി.ജെ.പി സമരപന്തലിന് മുന്നില്‍ തീകൊളുത്തി വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബി.ജെ.പിയുടെ നടപടി ജനവിരുദ്ധമാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ശബരിമലയില്‍ വെടിവയ്പ് നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഇത് പരാജയപ്പെട്ടപ്പോള്‍ ബലിദാനിയുമായി ബി.ജെ.പി ഇറങ്ങിയിരിക്കുകയാണെന്നും ഇ.പി ജയരാജന്‍ വിമര്‍ശിച്ചു.
വേണുഗോപാലന്‍ നായരുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ഇത്രയും ആളുകള്‍ നോക്കി നില്‍ക്കെ സമര പന്തലില്‍ ഒരാള്‍ക്ക് എങ്ങനെ ആത്മഹത്യ ചെയ്യാനായെന്നും അദ്ദേഹം ചോദിച്ചു. ഹര്‍ത്താല്‍ ബി.ജെ.പിക്ക് ഒരു ആഘോഷം ആണെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അപ്രതീക്ഷിത ഹര്‍ത്താല്‍ ജനങ്ങളോടുളള ദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ബി.ജെ.പിയുടെ ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും നടക്കുന്നത്.