ദേവസ്വംബോര്‍ഡില്‍ ഹിന്ദുക്കളല്ലാത്തവരെ നിയമിക്കുന്നുവെന്ന് വ്യാജവാര്‍ത്ത നല്‍കിയ സംഘപരിവാര്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
Sabarimala women entry
ദേവസ്വംബോര്‍ഡില്‍ ഹിന്ദുക്കളല്ലാത്തവരെ നിയമിക്കുന്നുവെന്ന് വ്യാജവാര്‍ത്ത നല്‍കിയ സംഘപരിവാര്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th October 2018, 10:00 pm

തിരുവനന്തപുരം: ഹിന്ദുമത വിശ്വാസികളല്ലാത്തവരെ ദേവസ്വം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്ന തരത്തില്‍ വ്യാജവാര്‍ത്ത നല്‍കിയ സംഘപരിവാര്‍ അനുകൂല ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജപ്രചരണങ്ങളുടെ കൂടെ തട്ടിവിട്ടതാണ് ഈ വാര്‍ത്തയെന്ന് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തികച്ചും കള്ളവാര്‍ത്തയാണ് ഇത്. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡില്‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ട്. അതിങ്ങനെയാണ്, സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി , സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ്. കടകംപള്ളി പറയുന്നു.

യഥാര്‍ത്ഥ ദേവസ്വം ഭേദഗതി ബില്ലിലെ ഭാഗങ്ങള്‍ മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നുണപ്രചാരണങ്ങളുടെ പരമ്പര അഴിച്ചുവിട്ടിരിക്കുകയാണ് സംഘപരിവാരം. അവരുടെ നിയന്ത്രണത്തിലുള്ള ഒരു ചാനല്‍
അവരുടെ വാര്‍ത്തയില്‍ തട്ടിവിട്ടത് അഹിന്ദുക്കളെ ദേവസ്വം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ നിയമിക്കാന്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ ഹിന്ദു റിലിജിയസ് ആക്ട് ഭേദഗതി ചെയ്തുവെന്നായിരുന്നു. തികച്ചും കള്ളവാര്‍ത്തയാണ് ഇത്. ദേവസ്വം കമ്മീഷണറെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോര്ഡില്‍ നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുള്ള പുതിയ വകുപ്പ് മറ്റ് പല ഭേദഗതികള്‍ക്കൊപ്പം ഉണ്ട്. ആ പുതിയ വകുപ്പില്‍ പറയുന്നതിനിങ്ങനെ – കമ്മീഷണറുടെ നിയമനം – സര്‍ക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി , സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്തതും, ഹിന്ദുവുമായതുമായ ഒരു ഉദ്യോഗസ്ഥനെ കമ്മീഷണറായി നിയമിക്കാവുന്നതാണ് എന്നാണ്. നാട്ടിലാകെ വര്‍ഗീയ ഭ്രാന്ത് പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ വ്യാജവാര്‍ത്തകളിലൂടെ ശ്രമിക്കുന്നത് ഗൗരവത്തോടെ കേരള ജനത കാണണം. യഥാര്‍ത്ഥ ദേവസ്വം ഭേദഗതി ബില്ലിലെ മേല്‍പറഞ്ഞ ഭാഗം ഇതിനൊപ്പം ചേര്‍ക്കുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.