| Monday, 16th March 2020, 10:07 am

രജിത്കുമാറിന് ആറ്റിങ്ങലില്‍ സ്വീകരണം; അനുവദിക്കില്ലെന്ന് മന്ത്രി; ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും സഹമത്സരാര്‍ത്ഥിയെ കായികമായി ഉപദ്രവിച്ചതിന്റെ പേരില്‍ പുറത്തായ രജിത് കുമാറിന് ഇന്ന് ആറ്റിങ്ങലില്‍ സ്വീകരണം നല്‍കാനുള്ള ഫാന്‍സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍.

സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അതിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

”മലയാളത്തിലെ ഒരു ടി.വി. ഷോയിലെ മത്സരാര്‍ഥിയുടെ ഫാന്‍സ് അസോസിയേഷന്‍ ഇന്ന് ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി.

സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആള്‍ക്കൂട്ടവും അനുവദിക്കാന്‍ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന് മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മനുഷ്യര്‍ ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മള്‍ ഒരോരുത്തരുടെയും ജാഗ്രത കുറവ് കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക് തന്നെ ഉണ്ടാകണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പരഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ രജിത് കുമാറിനെ കാണാനായി തടിച്ചുകൂട്ടിയ ആള്‍ക്കൂട്ടത്തിന്റെ നടപടിക്കെതിരെയും കടകംപള്ളി രംഗത്തെത്തി.

സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുരാതനവും പ്രസിദ്ധവുമായ ആരാധനാലയങ്ങളിലെ അടക്കം ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും കേരളം ഒന്നിച്ച് ഒറ്റക്കെട്ടായി നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ ഒരു ടി.വി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിക്ക് വേണ്ടി ഒരു ആള്‍ക്കൂട്ടം അതിരുവിട്ട പ്രകടനം നടത്തിയത്.
ഇതിന് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കടകംപള്ളി പ്രതികരിച്ചു.

ആളുകള്‍ കൂട്ടം കൂടുന്നതും അടുത്ത് ഇടപഴകുന്നതും കൊവിഡ് രോഗബാധ നിയന്ത്രണാതീതമാകുന്നതിന് ഇടയാകുമെന്ന് ലോകമാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ സംസ്ഥാനത്തുടനീളം ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ആരോഗ്യ വകുപ്പ് സ്വീകരിക്കുമ്പോഴാണ് ആരാധകര്‍ എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ ഈ കോപ്രായം കാണിച്ചത്.

ഇത് ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. കേരളത്തിന്റെ പൊതുജനാരോഗ്യത്തെ അപകടമുണ്ടാക്കുന്ന ഈ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ യാതൊരുവിധ മടിയും കാണിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more