| Monday, 19th November 2018, 11:19 am

പൊലീസുകാര്‍ വാങ്ങിച്ചുകൊടുത്ത ഭക്ഷണം കഴിച്ച് പച്ചവെള്ളം തന്നില്ലെന്ന് പറയാന്‍ സുരേന്ദ്രന് നാണമില്ലേ: ആഞ്ഞടിച്ച് കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അറസ്റ്റിലായതിന് പിന്നാലെ പച്ചക്കള്ളമാണ് സുരേന്ദ്രന്‍ വിളിച്ചുപറയുന്നതെന്ന് കടകംപള്ളി പറഞ്ഞു.

അദ്ദേഹം പോലൊരു രാഷ്ട്രീയ നേതാവ് ഇന്നലെ നടത്തിയ പച്ചക്കളം നിങ്ങളും കേട്ടു കാണും. പൊലീസുകാര്‍ അടിച്ചു, ഇടിച്ചു എന്നെല്ലാമാണ് പറഞ്ഞത്.

പൊലീസുകാര്‍ കൊടുത്ത ആഹാരം കഴിച്ച ശേഷം ഭഷണം തന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതോ ഒരു പൊലീസുകാരന്‍ അദ്ദേഹത്തിന്റെ കയ്യിലുള്ള പണം എടുത്താണ് ഭക്ഷണം വാങ്ങിക്കൊടുത്തത്. സര്‍ക്കാരിന്റെ പണം പോലുമല്ല അത്. സുരേന്ദ്രന് ഭക്ഷണം വെള്ളവും കൊടുത്തു. ഇരിക്കാന്‍ കസേരയും കിടക്കാന്‍ കട്ടിലും കൊടുത്തു.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ നേരത്തെ പോകണമെന്ന് പറഞ്ഞപ്പോള്‍ ഏഴ് മണിയായിട്ടേ പോകാന്‍ പറ്റുള്ളൂ എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് തന്റെ ആള്‍ക്കാരെല്ലാം അപ്പോഴേ എത്തുള്ളൂ എന്ന് അറിയാം. അവരുടെ മുന്നിലൂടെ രാജാവിന്റെ ഭാവത്തില്‍ പോകണം എന്നാണ് ആവശ്യം.

അത് പറ്റില്ലെന്ന് പൊലീസ് തീര്‍ത്തുപറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ അവിടെ ഒരു പിടിവലി നടത്താന്‍ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തെപ്പോലെ “വലിയ മനുഷ്യ”നായതുകൊണ്ട് മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോകാനായി ഐ.പി.എസുകാരനായ എസ്.പി വന്നു. എന്നിട്ട് എന്ത് പച്ചക്കള്ളമാണ് അദ്ദേഹം വിളിച്ചുകൂവിയത്.

വിഷലിപ്തമായ പ്രചരണം നടത്തുകയാണ് സുരേന്ദ്രന്‍. സന്നിധാനം പ്രതിഷേധത്തിന്റെ കേന്ദ്രമാക്കേണ്ടതില്ല. വനിതകള്‍ പ്രവേശിച്ചില്ലെങ്കിലും സന്നിധാനത്ത് പ്രശ്‌നം ഉണ്ടാക്കുമെന്ന നിലപാടിലാണ് ആര്‍.എസ്.എസ്.


Dont Miss ശബരിമലയ്ക്കായി കേന്ദ്രം 100 കോടി തന്നിട്ടില്ല; കണ്ണന്താനത്തിന്റെ വാദങ്ങള്‍ പൊളിച്ചടുക്കി കടകംപള്ളി സുരേന്ദ്രന്‍


ശബരിമലയെ അലങ്കോലപ്പെടുത്തുക എന്നതുമാത്രമാണ് അവരുടെ ഉദ്ദേശം. വൃശ്ചികമാസം ആരംഭത്തിലും തുലാമാസം ആരംഭത്തിലും ഇവര്‍ സമരം നടത്തി. അമ്മ മരിച്ച് ആറ് മാസം തികയുന്നതിന് മുന്‍പാണ് അദ്ദേഹം ശബരിമലയില്‍ വരുന്നത്. അത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അദ്ദേഹത്തെപ്പോലെ വിശ്വാസവും ആചാരവും പറയുന്ന ഒരാള്‍ അങ്ങനെ ചെയ്യാമോ? ഞാന്‍ അത് പറഞ്ഞതിന്റെ പേരില്‍ ശ്രീധരന്‍പിള്ള ഇന്നലെ എന്റെ അച്ഛനെ കുറിച്ചു പറഞ്ഞു. എനിക്കതിലൊന്നും വിഷമമില്ല.

ആചാര അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് അമ്മ മരിച്ചാല്‍ ഈ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇല്ലേ. സ്വന്തം അച്ഛനോ അമ്മയോ മരിച്ചാല്‍ ഒരു വര്‍ഷം കഴിഞ്ഞേ ശബരിമലയില്‍ പോകാന്‍ പാടുള്ളൂ. തന്ത്രി സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ് മൂലത്തില്‍ അത് കൃതമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരുടെ രാഷ്ട്രീയം കളിക്ക് അതൊന്നും തടസ്സമല്ല.

ആര്‍.എസ്.എസിന്റെ കയ്യില്‍ ശബരിമല ഏല്‍പ്പിക്കാന്‍ പറ്റില്ല. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണമെന്ന് പറഞ്ഞ് സുരേന്ദ്രന്‍ ഇട്ട പോസ്റ്റ് ഞാനും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആര്‍ത്തവത്തിന്റെ പേരിലാണ് സ്ത്രീകളെ തടയുന്നതെങ്കില്‍ 41 ദിവസം വ്രതം വേണ്ട 15 ദിവസം വ്രതം എടുത്താല്‍ മതിയല്ലോ എന്നാണ് അന്ന് പോസ്റ്റില്‍ അദ്ദേഹം ചോദിച്ചത്. പിന്നീട് അദ്ദേഹം രാഷ്ട്രീയം മാറ്റി, നിലപാട് മാറ്റി.

ഗുണ്ടാ സംഘങ്ങള്‍ക്ക് സൗകര്യം ഒരുക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ല. വളരെ പ്ലാന്‍ ചെയ്താണ് ആര്‍.എസ്.എസും ബി.ജെ.പിയും പ്രശ്‌നം ഉണ്ടാക്കുന്നത്. അവര്‍ ഇന്നലെ നടത്തിയതൊക്കെ അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും. എല്ലാവരും മണ്ടന്‍മാരാണെന്ന് അവര്‍ കരുതരുത്. ആര്‍.എസ്.എസുകാര്‍ക്ക് അവിടെ അഴിഞ്ഞാടാനുള്ള അവസരം ഒരുക്കണമെന്നാണ് കരുതുന്നെങ്കില്‍ നടക്കില്ല.

ഇന്നലെ അറസ്റ്റിലായ രാജേഷിന് രാഷ്ട്രീയമില്ലെന്നാണ് ആദ്യം പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ വെളിയില്‍ പറയാന്‍ കൊള്ളാത്ത രാഷ്ട്രീയം തന്നെയാണ് അവര്‍ നടത്തുന്നത്.

ശരണംവിളിയാണ് ഇവരുടെ പുതിയ മുദ്രാവാക്യം. നിരോധനാജ്ഞ ഉള്ള സ്ഥലത്ത് സമരരൂപം എടുക്കാന്‍ പാടില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാല് പിടിക്കുന്നതുപോലെയാണ് പൊലീസ് ഇന്നലെ പറഞ്ഞത്. തേങ്ങ കൊണ്ട് പൊലീസിന്റെ നെഞ്ചില്‍ കുത്തിയപ്പോഴും അവര്‍ പ്രകോപിതരായില്ല. ഒരു പൊലീസും ഇങ്ങനെ ഒന്നും സഹിക്കില്ല.

മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് കയറാമെന്ന് ഉത്തരവ് വന്നതിന്റെ പിറ്റേ ദിവസം തൃപ്തി ദേശായിയും സംഘവം കയറിയത് ഭക്തരുടെ നെഞ്ചില്‍ ചവിട്ടിയല്ലേ, അവിടുത്തെ പൊാലീസ് ഭക്തരുടെ കാല് എടുത്ത് നിലത്ത് അടിച്ചില്ലേ? ഇവിടെ പൊലീസ് അങ്ങനെ ചെയ്‌തോ? ഒരിക്കലും ചെയ്യില്ല. ശബരിമലയില്‍ ഇപ്പോഴും ഭക്തര്‍ക്ക് ഒരു പ്രശ്‌നവുമില്ല. അവര്‍ കൃത്യമായി ദര്‍ശനം നടത്തുകയും തിരിച്ചുപോകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആര്‍.എസ്.എസിന്റേയും ബി.ജെ.പിയും കളി അവിടെ അനുവദിക്കാന്‍ പോകുന്നില്ല- കടകംപള്ളി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more