ഇങ്ങനെ ബലിദാനികളെ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍
Kerala News
ഇങ്ങനെ ബലിദാനികളെ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 11:49 am

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിലുള്ള ബി.ജെ.പിയുടെ പ്രചരണം അപഹാസ്യമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഇങ്ങനെയും ബലിദാനികളെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അവര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇങ്ങനെയെല്ല ബലിദാനികളെ സൃഷ്ടിക്കേണ്ടത്.

പൊലീസിന്റെ ജാഗ്രത ഒന്നുകൊണ്ട് മാത്രമാണ് വിഷയത്തില്‍ സംയമനം പാലിക്കാന്‍ സാധിച്ചത്. ബി.ജെ.പി അനാവശ്യ ഹര്‍ത്താല്‍ നടത്തുകയാണ്. അവര്‍ ബലിദാനികളെ സൃഷ്ടിക്കുന്നത് ഇങ്ങനെയാണ്. – കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് നല്ല ജാഗ്രത പുലര്‍ത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ഇന്നലെ മുതല്‍ നവമാധ്യമങ്ങള്‍ വഴി ബി.ജെ.പി വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണം ഏറ്റുപിടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആവശ്യം.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമിത് ഷാ വടക്കന്‍ കൊല്‍ക്കത്തയില്‍ മത്സരിച്ചേക്കും; മത്സരിക്കുന്നത് വിജയസാധ്യതയുള്ള സീറ്റ് എന്ന നിലയ്‌ക്കെന്ന് റിപ്പോര്‍ട്ട്


പത്തനംതിട്ടയില്‍ കാണാതായ ശിവദാസന്‍ എന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ശബരിമലയിലെ നിലയ്ക്കലില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബി.ജെ.പി മണിക്കൂറുകള്‍ക്കകം പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ നിലയ്ക്കലില്‍ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും വ്യക്തമാക്കുന്നുണ്ട്.

ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19-ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17-നും മാത്രമാണ്.

പത്തനംതിട്ട നിലയ്ക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലയ്ക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലയ്ക്കല്‍- പമ്പ റൂട്ടിലായിരുന്നു.