| Saturday, 1st December 2018, 12:45 pm

വാസ്തവവിരുദ്ധമായ കാര്യം പറയാന്‍ ശശികലയുടെ മൂത്തസഹോദരനാണ് ചെന്നിത്തല; പ്രതിപക്ഷനേതാവിനൊപ്പം ശബരിമല സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സഗൗരവം ചര്‍ച്ച ചെയ്യേണ്ട നിയമസഭാ സമ്മേളനം അലങ്കോലമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശരിയായ രൂപത്തില്‍ സഭ നടന്നാല്‍ യു.ഡി.എഫിന്റെ കാപട്യവും കപടമുഖവും പൊതുജനമധ്യത്തില്‍ തുറന്നുകാട്ടപ്പെടുമെന്ന ഭയമാണ് പ്രതിപക്ഷ നേതാവിനെന്നും കടകംപള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നലെ മുതല്‍ സന്നിധാനത്ത് എത്തിയ നൂറ് കണക്കിന് ഭക്തരുമായി സംസാരിച്ചു. ഒരാളില്‍ നിന്നുപോലും എന്തെങ്കിലും തരത്തിലുള്ള പരാതി  ഈ തീര്‍ത്ഥാടനകാലത്തെ കുറിച്ച് ഉണ്ടായിട്ടില്ല. ചെന്നിത്തലയ്ക്ക് എതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കില്‍ യഥാര്‍ത്ഥ സ്ഥിതി മനസിലാക്കാന്‍ പ്രതിപക്ഷ നേതാവിനെ തന്നോടൊപ്പം ക്ഷണിക്കുകയാണ്. എന്നാല്‍ നിജസ്ഥിതി മനസിലാകുമെന്ന് കടകംപള്ളി പറഞ്ഞു.

ALSO READ: മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

പമ്പയില്‍ 323 ടോയ്‌ലറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണ് വന്ന് പമ്പ് ഹൗസിലടിഞ്ഞത് മൂലം ആദ്യദിവസങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടായി. ഇത് പരിഹരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പമ്പയില്‍ വിരിവെയ്ക്കാനായിട്ട് ഇടമുണ്ടായത് രാമമൂര്‍ത്തി മണ്ഡപത്തില്‍ മാത്രമാണ്. 396 ടോയ്‌ലറ്റുകളുമാണ് ഉണ്ടായിരുന്നത്. ബാക്കിയെല്ലാം കച്ചവടസ്ഥാപനങ്ങളായിരുന്നു. പ്രളയത്തിനുശേഷം ശബരിമലയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് അധികസഹായമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

“നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി മാറ്റി. 60 ദിവസത്തിനകത്ത് ഇന്ത്യയിലെ പ്രശസ്തമായ നിര്‍മ്മാണ കമ്പനിയെ 25 കോടി രൂപയുടെ ജോലി ഏല്‍പ്പിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമാണ്. അവിടെ മൂന്ന് വലിയ ഹാള്‍ നിര്‍മ്മിച്ചു. 6000 പേര്‍ക്ക് വിരിവെക്കാവുന്ന ഹാള്‍ നിര്‍മ്മിച്ചു.”

ALSO READ: ഒറ്റയ്ക്ക് ജയിക്കാനാവുമെന്നിരിക്കെ ആര്‍.എസ്.എസിനെ കൂട്ടുപിടിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസ്; പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം

നേരത്തെ അവിടെ ഉള്ള ഹാളിലെ സൗകര്യം ചേര്‍ത്ത് നിലവില്‍ 9000 പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. 20000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാക്കി.

പ്രതിപക്ഷനേതാവും സംഘവും കഴിഞ്ഞ 3 ദിവസമായി നടത്തുന്ന കൊള്ളരുതായ്മകള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അവിടെ കക്കൂസുകള്‍ പൂട്ടിയിരിക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത് മൂലം വൃദ്ധകളും കുട്ടികളും ബുദ്ധിമുട്ടിലാണ്. പ്രളയത്തിന് ശേഷം പമ്പാ തീരം തകര്‍ന്നടിഞ്ഞു. ആവശ്യമായ കുടിവെള്ളമോ ഭക്ഷണമോ പമ്പയിലില്ല. രാമമൂര്‍ത്തി മണ്ഡപത്തില്‍ വിരിവെക്കാനുള്ള സൗകര്യമില്ല- എന്നൊക്കെയാണ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവന. കേരളത്തിന്റെ പ്രതിപക്ഷനേതാവാണ് ഈ പറയുന്നത്, ശശികലയല്ല എന്നും മന്ത്രി പരിഹസിച്ചു.

ALSO READ: ഹനുമാന്‍ ദളിത് ആദിവാസിയെങ്കില്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ ഞങ്ങള്‍ക്കു വിട്ടുനല്‍കൂ; യോഗിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പൂണൂലിട്ട് ഹനുമാന്‍ ക്ഷേത്രങ്ങളിലേക്ക് ദളിതരുടെ മാര്‍ച്ച്

വാസ്തവവിരുദ്ധമായ കാര്യം പറയുന്നതില്‍ ശശികലയുടെ മൂത്ത സഹോദരനാണ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു

ക്ഷേത്രങ്ങളെ പ്രതിസന്ധിയിലാക്കുന്നതിന്റെ ഭാഗമായാണ് കാണിക്കയിടുരുതെന്ന ബി.ജെ.പി പ്രചാരണം. ഇതിനെ മറികടന്നാണ് ഭക്തര്‍ കാണിക്കയിടുന്നത്. ഭക്തര്‍ കാണിക്കയിടരുതെന്ന് പറയുന്നത് തന്നെ ആചാരലംഘനമാണ്. നാസ്തികരെക്കാള്‍ വലിയ നാസ്തികരാണ് ഇവരെന്നും ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് ഇവര്‍ പറയുന്നത് ക്ഷേത്രങ്ങളെ ഇല്ലാതാക്കാനാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല സന്നിധാനത്തെ സമരകേന്ദ്രമാക്കിയതോടെ ഭക്തരുടെ എണ്ണത്തില്‍ കുറവായിട്ടുണ്ട്. ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം കുറയ്ക്കാനാണ് സന്നിധാനത്തെ സമരകേന്ദ്രമാക്കിയത്. സമരം മാറ്റിയതോടെ ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more