| Thursday, 6th December 2018, 11:05 am

യുവതീപ്രവേശനത്തെ അനുകൂലിച്ച് ഒ. രാജഗോപാല്‍ എഴുതിയ ലേഖനം സഭയില്‍ വായിച്ച് കടകംപള്ളി; സീറ്റിലിരുന്ന് ചിരിച്ച് തലകുലുക്കി രാജഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ 1999 ല്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനം സഭയില്‍ വായിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അങ്ങ് 1999 ല്‍ എഴുതിയ ലേഖനം ഞാന്‍ വായിക്കാന്‍ പോകുകയാണെന്നും അതില്‍ അങ്ങ് ഉറച്ചുനില്‍ക്കുമോ എന്ന് നോക്കാം എന്ന് പറഞ്ഞായിരുന്നു മന്ത്രി വായന തുടങ്ങിയത്. സഭ ഒന്നടങ്കം കയ്യടിച്ചാണ് മന്ത്രിയുടെ നടപടിയെ സ്വീകരിച്ചത്.

“”അങ്ങ് ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞു… സുപ്രസിദ്ധ പിന്നണി ഗായകന്‍ യേശുദാസിന് അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തിയായ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ പോകാന്‍ സാധിക്കാത്ത വിലക്ക് ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ അയ്യപ്പ ഭക്തന്‍മാരെ സംബന്ധിച്ചിടത്തോളം ജാതിയും മതവും ദേശീയതയും ഒന്നും ബാധകമല്ല. എല്ലാ ഭക്തന്‍മാര്‍ക്കും ദേവസന്നിധിയില്‍ പോകാന്‍ അവസരം ലഭിക്കുന്നത് തികച്ചും ചാരിതാര്‍ത്ഥ്യമാണ്. എന്നാല്‍ എനിക്ക് മനസിലാകാത്ത ഒരു കാര്യം എന്തുകൊണ്ട് അയ്യപ്പഭക്തരായ സഹോദരിമാരെ അയ്യപ്പസന്നിധിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്നതാണ്. തീര്‍ന്നില്ല.. ഇനിയും ഉണ്ട്. വന്യമൃഗങ്ങള്‍ നിറഞ്ഞ… അദ്ദേഹം തന്നെ വളരെ കൃത്യമായി അതിന് മറുപടി കണ്ടെത്തുന്നുണ്ട്. വന്യമൃഗങ്ങള്‍ നിറഞ്ഞ നിബിഡമായ വനമായിരുന്ന കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിന് ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്..”” എന്ന് ദേവസ്വം മന്ത്രി വായിച്ചപ്പോള്‍ ആലോചിക്കേണ്ടതാണ് എന്നായിരുന്നു സീറ്റിലിരുന്ന് രാജഗോപാല്‍ വീണ്ടും ആവര്‍ത്തിച്ചത്.

തിക്കും തിരക്കുമാണ് സ്ത്രീകളെ അകറ്റിനിര്‍ത്താന്‍ കാരണമെങ്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി പോകാനും തൊഴാനുമുള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത് എന്നും രാജഗോപാല്‍ എഴുതി. ഇതായിരുന്നു സര്‍ രാജഗോപാലിന്റെ നിലപാട്. ഇത് മാതൃഭൂമിലാണ് സര്‍ അദ്ദേഹം എഴുതിയത്. സുപ്രീം കോടതിയോട് ഒരു ബഹുമാനം ആദരണീയനായ രാജഗോപാല്‍ സാറിന് വന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സര്‍, സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തെ പാര്‍ലമെന്റിന്റെ നിയമനിര്‍മാണത്തിന് സമമാണ് എന്നുള്ള ധാരണയില്‍ ആ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് സര്‍ ഈ സര്‍ക്കാര്‍ നടത്തിയത്. ഗവര്‍മെന്റിന് യുവതികളെ പ്രവേശിപ്പിക്കാന്‍ ഒരു വാശിയുമില്ല. അത് ഗവര്‍മെന്റ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്.

യുവതികളെ പ്രവേശിപ്പിക്കണമെന്ന് ഗവര്‍മെന്റിന് വാശിയുണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിനകം യുവതികള്‍ ഇന്ന് അവിടെ പ്രവേശിക്കുമായിരുന്നു. ആര്‍ക്കും അതിനെ തടയാന്‍ സാധിക്കുമായിരുന്നില്ല സര്‍. ഗവര്‍മെന്റിന് അങ്ങനെ ഒരു താത്പര്യവുമില്ല. ഗവര്‍മെന്റിന്റെ താത്പര്യം ഭരണഘടനാപരമായ താത്പര്യമാണ്.


ദേവസ്വംബോര്‍ഡില്‍ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് പ്രചരണം; കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി


ജനുവരി 22 കഴിഞ്ഞാല്‍ രാജഗോപാല്‍ സുപ്രീം കോടതിയുടെ തീരുമാനം നടപ്പിലാക്കാന്‍ നില്‍ക്കുമോ? 91 ലെ ഹൈക്കോടതി വിധിയാണ് ബാധകമെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അത് ഗവര്‍മെന്റ് നടപ്പിലാക്കും. അതല്ല 2018 സെപ്റ്റംബര്‍ 28 ന്റെ വിധിയാണ് ബാധകമെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ 22 ന് ശേഷമെങ്കിലും ഈ അക്രമസമരത്തില്‍ നിന്നും നിങ്ങളെ അനുയായികളെ പിന്തിരിപ്പിക്കാനുള്ള നടപടി നിങ്ങള്‍ സ്വീകരിക്കുമോ എന്ന കാര്യമാണ് അറിയാനുള്ളത്. അതാണ് നിങ്ങള്‍ വ്യക്തമാക്കേണ്ടത് “” എന്നായിരുന്നു മന്ത്രി പറഞ്ഞത്.

എന്നാല്‍ മന്ത്രിയുടെ ഒരു ചോദ്യത്തിനും മറുപടി പറയാന്‍ രാജഗോപാല്‍ തയ്യാറായില്ല.

ഇതിന് ശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാജഗോപാലിനെ പരിഹസിച്ച് രംഗത്തെത്തി.

“”രാജഗോപാലിന്റെ ഒരു ലേഖനം ഇവിടെ മന്ത്രി വായിച്ചു. എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് എന്നാല്‍ പിന്നെ ആ രാധാകൃഷ്ണനോട് ആ സമരം അങ്ങ് അവസാനിപ്പിക്കാന്‍ അങ്ങ് പറഞ്ഞാല്‍ പോരെ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി അദ്ദേഹം ലേഖനം എഴുതിയിട്ടുണ്ടെങ്കില്‍ പിന്നെ അവര്‍ എന്തിനാണ് ഈ സമരവും ബഹളവും ഉണ്ടാക്കുന്നത്”” – എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.

Latest Stories

We use cookies to give you the best possible experience. Learn more