ചെങ്ങന്നൂര്‍: ബി.ജെ.പിയുടെ വഴി തടയല്‍ പ്രക്ഷോഭത്തിലും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ അറസ്റ്റിലും പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ബി.ജെ.പി ഒരു രാഷ്ട്രീയകക്ഷിയല്ലേ, അവര്‍ക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ എന്തിനാണ് പ്രതിഷേധമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. എന്നായിരുന്നു മന്ത്രിയുടെ മറുപടി. “”ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് പ്രതിഷേധിക്കാന്‍ പറയുകയാണ്. അച്ചടക്കമുള്ള ഒരു പാര്‍ട്ടിയല്ലേ, അവര്‍ക്ക് പ്രതിഷേധിക്കാതിരിക്കാന്‍ പറ്റുമോ? മനസില്ലാ മനസോടെ അവര്‍ പ്രതിഷേധിക്കുന്നതായിരിക്കുമെന്നാണ് എന്റെ വിശ്വാസം””- മന്ത്രി പറഞ്ഞു.
ഇന്ന് ഇപ്പോള്‍ പ്രതിഷേധത്തിന് അടിസ്ഥാനമായിട്ട് ഒരു കാര്യവുമില്ല. അത് കേരളീയ സമൂഹം മനസിലാക്കിയിട്ടുണ്ട്. അവരുടെ പ്രതിഷേധം ജനങ്ങളോടുള്ള പ്രതിഷേധമായി മാറുകയാണ്. ശബരിമലയില്‍ ഇപ്പോള്‍ വളരെ സമാധാനപരമായ അന്തരീക്ഷമുണ്ട്. 60000 ഭക്തര്‍ അവിടെ ഇന്നലെ മാത്രം എത്തിച്ചേര്‍ന്നു. അവിടെ നൂറ് കണക്കിന് ഭക്തരോട് ഞാന്‍ സംസാരിച്ചു. അവിടെ ആര്‍ക്കും ഒരു പരാതിയും ഇല്ലെന്നാണ് അവര്‍ പറഞ്ഞത്.
കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് അവര്‍ കുറച്ചുനാളായി നടത്തുന്നത്. പൊലീസ് സ്വയം മര്‍ദ്ദനം ഏറ്റുവാങ്ങി ഒരു പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സന്നിധാനത്ത് സ്ത്രീയെ തേങ്ങയെടുത്ത് എറിയാന്‍ നില്‍ക്കുന്ന ഒരുവന്റെ ചിത്രം കണ്ടു. ജനങ്ങളുടെ ജീവിതം തകര്‍ക്കുക എന്ന ലക്ഷ്യം വെച്ച് ബി.ജെ.പി നടത്തുന്നതാണ് ഇതെല്ലാം. ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്. വളരെ നെറികെട്ട രാഷ്ട്രീയമാണ് ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ അവര്‍ തുടങ്ങിയതും ഇപ്പോള്‍ നടത്തുന്നതും. അത് ജനങ്ങള്‍ക്ക് അറിയാം.
യാതൊരു ഡിമാന്റും സര്‍ക്കാരിന് മുന്നിലും ജനങ്ങള്‍ക്ക് മുന്‍പിലും വെക്കാന്‍ ബി.ജെ.പിക്ക് ഇല്ല. വെറുതെ പ്രക്ഷോഭങ്ങള്‍ നടത്തുകയാണ്. അവര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരിക്കുന്നു. അതിന്റെ ജാള്യതയില്‍ നിന്നും മുഖം രക്ഷിക്കാന്‍ വേണ്ടി അവര്‍ നാട്ടില്‍ വഴക്കും അക്രമവും നടത്തുകയും മന്ത്രിമാര്‍ പോകുന്ന സ്ഥലത്തെല്ലാം പ്രശ്‌നങ്ങളും നടത്തുകയാണ്. ചെന്ന് പെട്ടിട്ടുള്ള വൈതരണിയില്‍ നിന്നും രക്ഷപ്പെടാനുള്ള കൈകാലിട്ട് അടിക്കലായിട്ട് മാത്രമേ ഇതിനെ കാണാന്‍ പറ്റൂ. ഗൗരവപരമായി ഒന്നുമില്ല. – മന്ത്രി പറഞ്ഞു.
കെ. സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണല്ലോ ബി.ജെ.പിയുടെ പ്രതിഷേധം എന്ന ചോദ്യത്തിന് താന്‍ മന്ത്രിയാകുന്നതിന് മുന്‍പ് തന്റെ പേരില്‍ 90 കേസ് ഉണ്ടായിരുന്നെന്നും നമ്മള്‍ സമരത്തിന് പോകുമ്പോള്‍ നമ്മുടെ പേരില്‍ കേസുണ്ടാകുമെന്ന് മനസിലാക്കണമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. “”ഏതെങ്കിലും ഒരു കേസില്‍ നമ്മള്‍ അകത്തായിപ്പോയാല്‍ പ്രൊഡക്ഷന്‍ വാറണ്ട് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും. അതെല്ലാം നാട്ടില്‍ നടപ്പുള്ള കാര്യമാണ്. അത് സുരേന്ദ്രന് അറിഞ്ഞുകൂടാത്തതുകൊണ്ടായിരിക്കാം.
സുരേന്ദ്രന്‍ വിചാരിക്കുന്നത് സുരേന്ദ്രനെതിരെ കേസ് വന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യില്ലെന്നും, ഇനി അറസ്റ്റ് ചെയ്താല്‍ തന്നെ നിലവിലുള്ള പ്രൊഡക്ഷന്‍ വാറണ്ടൊന്നും ഹാജരാക്കില്ലെന്നുമൊക്കെയായിരിക്കും. ഒരാള്‍ അറസ്റ്റിലായിപ്പെട്ടാല്‍ അയാളുടെ പേരില്‍ എത്ര പ്രൊഡക്ഷന്‍ വാറണ്ട് നിലവിലുണ്ടോ അതെല്ലാം തന്നെ ഹാജരാക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് അത് ചെയ്തില്ലെങ്കില്‍ പൊലീസ് വെട്ടിലാകും. അതുകൊണ്ടാണ് പൊലീസ് അത് കൊടുക്കുന്നത്.
നമ്മള്‍ സമരത്തിന് പോകുമ്പോള്‍ നമുക്കൊരു ബോധ്യം വേണ്ടേ നമ്മള്‍ അതില്‍ പ്രതിയാകാന്‍ സാധ്യതയുണ്ടെന്ന്. വഴി തടയലിന് പോയാല്‍, അല്ലെങ്കില്‍ വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്യാന്‍ പോയാല്‍ അതിന്റെ പേരിലാണ് എന്റെ പേരില്‍ 90 ലേറെ കേസ് ഉണ്ടായിട്ടുള്ളത്. അല്ലാതെ ഞാന്‍ വേറെ കുഴപ്പങ്ങള്‍ക്കൊന്നും പോയിട്ടല്ല. അത്തരം കേസുകളെല്ലാം സ്വാഭാവികമാണ്. അത് മനസിലാക്കാന്‍ ബി.ജെ.പിക്ക് കഴിയണം. അല്ലെങ്കില്‍ പിന്നെ സമരത്തിന് പോകാതിരിക്കണം. സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ കേസ് ഉണ്ടാകും. അത് മനസിലാക്കിയിട്ട് പെരുമാറുന്നതാണ് നല്ലത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണോ മന്ത്രി ഇത്ര നേരത്തെയെത്തിയതെന്ന് ചോദ്യത്തിന് “”എനിക്ക് അറിയില്ലായിരുന്നു അവര്‍ പ്രതിഷേധിക്കുമെന്നത്. എനിക്ക് നേരത്തെ വരേണ്ട കാര്യമുണ്ടായിരുന്നു. -എന്നായിരുന്നു മന്ത്രിയുടെ മറുപടി.