അതിരപ്പിള്ളി; സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ല: കടകംപള്ളി
Daily News
അതിരപ്പിള്ളി; സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ല: കടകംപള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2016, 1:56 pm

kadakampally

തിരുവനന്തപുരം: ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പദ്ധതി ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ല. സമവായം ഉണ്ടാക്കിയ ശേഷം മാത്രമെ വന്‍കിട പദ്ധതികളുമായി മുന്നോട്ട് പോവുകയുള്ളൂവെന്നും കടകംപള്ളി പറഞ്ഞു.

ആതിരിപ്പിള്ളി പദ്ധതി ജനങ്ങള്‍ക്ക് വേണമെങ്കില്‍ മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂ. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. മുടങ്ങി കിടക്കുന്ന വൈദ്യുതി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും കടകംപള്ളി പറഞ്ഞു. ഈ  സര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും  ഈ വര്‍ഷം സോളാര്‍ പദ്ധതിയിലൂടെ 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലും സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആചാര അനുഷ്ഠാനങ്ങള്‍ അറിയാവുന്നവര്‍ പറയുന്നതാണ് നല്ലത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ കോടതി തന്നെ തീരുമാനമെടുക്കണം. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.