'കൊലക്കത്തിയ്ക്ക് മുകളിലേക്ക് സിയാദ് മറിഞ്ഞുവീഴുകയായിരുന്നു എന്ന് എഡിറ്റോറിയല്‍ എഴുതിയാല്‍ പോലും അത്ഭുതമില്ല'; കായംകുളം കൊലപാതകത്തില്‍ കടകംപള്ളി
Kerala
'കൊലക്കത്തിയ്ക്ക് മുകളിലേക്ക് സിയാദ് മറിഞ്ഞുവീഴുകയായിരുന്നു എന്ന് എഡിറ്റോറിയല്‍ എഴുതിയാല്‍ പോലും അത്ഭുതമില്ല'; കായംകുളം കൊലപാതകത്തില്‍ കടകംപള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th August 2020, 3:48 pm

തിരുവനന്തപുരം: കായംകുളത്തെ സി.പി.ഐ.എം പ്രവര്‍ത്തകനായ സിയാദ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെയും മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ചേര്‍ന്നു വെള്ളരിപ്രാവിന്റെ മേലങ്കിയണിയിച്ച ചെന്നായ്ക്കളാണ് കോണ്‍ഗ്രസ് എന്നത് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും കമ്യൂണിസ്റ്റുകാരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുന്ന മാധ്യമങ്ങളുള്ള നമ്മുടെ നാട്ടില്‍ അന്തിച്ചര്‍ച്ചയ്ക്കുള്ള വിഷയം പോലുമാവാതെ ഈ നിഷ്ടൂരകൃത്യവും തമസ്‌കരിക്കപ്പെടുവാന്‍ തന്നെയാണ് സാധ്യതയെന്നും കടകംപള്ളി പ്രതികരിച്ചു.

കൊലക്കത്തിയുടെ മുകളിലേക്ക് സഖാവ് സിയാദ് മറിഞ്ഞുവീഴുകയായിരുന്നു എന്ന് എഡിറ്റോറിയല്‍ എഴുതിയാല്‍ പോലും ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനില്ലെന്നും കടംകംപള്ളി പറഞ്ഞു.

‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്…എന്നാണ് അവസാനമായി സിയാദ് കോണ്‍ഗ്രസ് അക്രമികളോട് അപേക്ഷിച്ചത്.

പൊതുപ്രവര്‍ത്തകനായിരുന്ന സിയാദ് മത്സ്യവ്യാപാരം നടത്തുന്ന ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കൊവിഡ് ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍ എത്തിച്ചു മടങ്ങുമ്പോഴാണ് കോണ്‍ഗ്രസ് ആസൂത്രിതമായി കൊലക്കത്തിക്ക് ഇരയാക്കിയത്.

ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്ക് ആഹാരമെത്തിച്ച് തിരികെവരുന്നതും കാത്തിരുന്ന മക്കളായ അഞ്ചുവയസുകാരി ഐഷയുടേയും ഒരു വയസായ ഹൈറയുടേയും മുന്നിലേക്ക് വെള്ളത്തുണിയില്‍ പൊതിഞ്ഞു കൊണ്ടുവന്നത് പിതാവിന്റെ ചേതനയറ്റ ശരീരമാണെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

‘എന്നെ കൊല്ലരുത്, എനിക്ക് രണ്ട് മക്കളുണ്ട്…”

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കായംകുളത്തെ സി.പി.ഐ.എം പ്രവര്‍ത്തകനായ സിയാദ് അവസാനമായി കോണ്‍ഗ്രസ് അക്രമികള്‍ക്ക് മുന്നില്‍ കേണപേക്ഷിച്ചത് ഇങ്ങനെയാണ്.

പൊതുപ്രവര്‍ത്തകനായിരുന്ന സിയാദ് മത്സ്യവ്യാപാരം നടത്തുന്ന ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന് ഭാര്യയോടൊപ്പം ഭക്ഷണം ഉണ്ടാക്കി, കൊവിഡ് ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍ എത്തിച്ചു മടങ്ങുമ്പോഴാണ് കോണ്‍ഗ്രസ് ആസൂത്രിതമായി കൊലക്കത്തിക്ക് ഇരയാക്കിയത്.

ക്വാറന്റൈയിനില്‍ കഴിയുന്നവര്‍ക്ക് ആഹാരമെത്തിച്ച് തിരികെവരുന്നതും കാത്തിരുന്ന മക്കളായ അഞ്ചുവയസുകാരി ഐഷയുടേയും ഒരു വയസായ ഹൈറയുടേയും മുന്നിലേക്ക് വെള്ളത്തുണിയില്‍ പൊതിഞ്ഞു കൊണ്ടുവന്നത് പിതാവിന്റെ ചേതനയറ്റ ശരീരമാണ്.

ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ചേര്‍ന്നു വെള്ളരിപ്രാവിന്റെ മേലങ്കിയണിയിച്ച ചെന്നായ്ക്കളാണ് കോണ്‍ഗ്രസ് എന്നത് വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

കമ്യൂണിസ്റ്റുകാരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുന്ന മാധ്യമങ്ങളുള്ള നമ്മുടെ നാട്ടില്‍ അന്തിച്ചര്‍ച്ചയ്ക്കുള്ള വിഷയം പോലുമാവാതെ ഈ നിഷ്ടൂരകൃത്യവും തമസ്‌കരിക്കപ്പെടുവാന്‍ തന്നെയാണ് സാധ്യത.

കൊലക്കത്തിയുടെ മുകളിലേക്ക് സഖാവ് സിയാദ് മറിഞ്ഞുവീഴുകയായിരുന്നു എന്ന് എഡിറ്റോറിയല്‍ എഴുതിയാല്‍ പോലും അത്ഭുതമില്ല.

അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ..

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; kadakampally on alappuzha-cpim-activist-siyad-murder