| Monday, 25th July 2016, 8:00 am

കടകംപള്ളി ഭൂമിതട്ടിപ്പ്: സലിം രാജിനെ ഒഴിവാക്കി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരിച്ചയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ നല്‍കിയ കുറ്റപത്രം സി.ജെ.എം കോടതി തിരിച്ചയച്ചു.

സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം സി.ബി.ഐ വ്യക്തമാക്കിയിട്ടില്ലെന്ന് പറഞ്ഞാണ് കുറ്റപത്രം കോടതി തിരിച്ചയച്ചത്.

എഫ്.ഐ.ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ ഒഴിവാക്കിയതെന്താണന്ന് ചോദിച്ച കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജി പി.വി ബാലകൃഷ്ണന്റേതാണ് നിരീക്ഷണം.

കേസില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര്‍ പ്രതികളായിരുന്നു ഉണ്ടായിരുന്നത്.

2005ല്‍ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേടു സംബന്ധിച്ച കുറ്റപത്രത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരായിരുന്നു പ്രതസ്ഥാനത്തുണ്ടായിരുന്നത്.

കടകംപള്ളി മുന്‍ വില്ലേജ് ഓഫിസറും ഇപ്പോഴത്തെ ഡപ്യൂട്ടി തഹസില്‍ദാറുമായ വിദ്യോദയകുമാര്‍, വര്‍ക്കല സ്വദേശി നിസ്സാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിന്‍, റുക്കിയ ബീവി എന്നിവരെ പ്രതിയാക്കിയായിരുന്നു സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങള്‍ സിബിഐ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നല്‍കിയിട്ടുണ്ട്. സലിംരാജ് ഇതില്‍ ഒന്നില്‍ പ്രതിയാണ്. ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണു സലിംരാജിനെതിരായി ഇതില്‍ ചുമത്തിയിരിക്കുന്നത്.

കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. കേസിലെ 21, 22 പ്രതികളായിരുന്നു സലിംരാജും ഭാര്യ ഷംസാദും.

കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സി.ബി.ഐ.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആദ്യം വിജിലന്‍സാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടു.

Latest Stories

We use cookies to give you the best possible experience. Learn more