കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്: സലിംരാജിനെ ഒഴിവാക്കി കുറ്റപത്രം
Daily News
കടകംപള്ളി ഭൂമിതട്ടിപ്പ് കേസ്: സലിംരാജിനെ ഒഴിവാക്കി കുറ്റപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2016, 2:16 pm

salim-raj

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍  ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജിനെ ഒഴിവാക്കി കുറ്റപത്രം. അഞ്ച് പേരെ പ്രതികളാക്കിയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്.

മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയകുമാര്‍,റുക്കിയ ബീവി,നിസാര്‍, സുഹറ ബീവി, മുഹമ്മദ് കാസിം എന്നിവരാണ് മറ്റ് പ്രതികള്‍.

കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുപത്തിയൊന്നാം പ്രതിയായിരുന്നു സലിംരാജ്. കേസില്‍ 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ സി.ബി.ഐ പ്രോസിക്യൂഷന്‍ അനുമതി തേടുകയായിരുന്നു.

കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് സലിംരാജിനെതിരെയുള്ള കേസ്.

നേരത്തെ കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സി.ബി.ഐ.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.