| Tuesday, 8th January 2019, 8:20 pm

തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടായിട്ടുണ്ട്; താഴ്മണ്‍ കുടുംബത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെ തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന താഴ്മണ്‍ കുടുംബത്തിന്റെ അവകാശവാദത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തന്ത്രിമാരെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണെന്നും തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

ഇപ്പോഴുള്ള പ്രശ്‌നം പാരമ്പര്യ തന്ത്രിമാരെ പറ്റിയല്ലെന്നും നിയമിക്കപ്പെടുന്ന തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതോ എന്നതാണെന്നും കടകംപള്ളി പറഞ്ഞു.

നിയമനാധികാരം ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുമ്പോള്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിന് തന്നെയാണ് അധികാരം. ഇപ്പോള്‍ താഴ്മണ്‍ കുടുംബം ഇത്തരമൊരു പ്രസ്താവന ഇറക്കിയത് അനുചിതമാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നും ലഭിച്ചതെന്നാണ് തന്ത്രി കുടുംബം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡല്ല. തന്ത്രശാസ്ത്രപ്രകാരവും കീഴ്‌വഴക്കവുമനുസരിച്ച് ശബരിമല ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളിലെ പരമാധികാരവും അത് പ്രാവര്‍ത്തികമാക്കാനുള്ള അധികാരവും തന്ത്രിക്കാണ്. ഈ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിയില്ലെന്നും താഴമണ്‍ മഠം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more