തിരുവനന്തപുരം: ശബരിമല നട അടക്കാനുള്ള തന്ത്രിയുടെ തീരുമാനത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തിരുവിതാംകൂര്‍ ദേവസ്വം മാനുവലില്‍ തന്ത്രിക്ക് ഏകപക്ഷീയമായി നടയടക്കാന്‍ അനുമതി നല്‍കുന്നില്ല. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവാകാശമുള്ള ആളുകളുമായി ചര്‍ച്ച ചെയ്ത ശേഷമേ തന്ത്രിക്ക് നടയടക്കാന്‍ അവകാശമുള്ളൂ.
ശബരിമല ക്ഷേത്രത്തന്റെ അവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. നടയടക്കുന്നതിന് മുന്‍പ് ബോര്‍ഡുമായി ആലോചിച്ചിട്ടുണ്ടോ എന്ന് അറയില്ല. ഇനി ദേവസ്വം ബോര്‍ഡുമായി ആലോചിച്ചാണെങ്കില്‍ പോലും അത് കോടതിയലക്ഷ്യമാകും. അതിനുള്ള മറുപടി തന്ത്രി കോടതിയില്‍ പറയേണ്ടി വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചു എന്ന കാര്യം മുഖ്യമന്ത്രി തന്നെ പ്രസ്താവിച്ചു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും അത് അറിയില്ലായിരുന്നു. പ്രവേശിച്ച സ്ത്രീകള്‍ തന്നെ വാട്‌സാപ്പില്‍ അവരുടെ പ്രവേശനത്തെ സംബന്ധിച്ച് പ്രചരിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് ലോകം അത് അറിഞ്ഞത്.
രാവിലെ ആരോ ചോദിച്ചപ്പോള്‍ വിഷയത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് പറഞ്ഞു. അത് വാസ്തവമാണ്. ഇതിന് മുന്‍പും ശബരിമലയില്‍ പ്രവേശിക്കുന്നവരുടെ പ്രയാമൊന്നും പരിശോധിക്കാന്‍ കഴിയുമായിരുന്നില്ല. മുന്‍പും പരിശോധിച്ചില്ല. 1991 ന് മുന്‍പായി ധാരാളം യുവതികള്‍ പ്രവേശിച്ചിരുന്നു എന്ന് ഹൈക്കോടതിയില്‍ തന്നെ വെളിവാക്കപ്പെട്ട വസ്തുതതാണ്.
91 ല്‍ വന്ന ഹൈക്കോടതി വിധി ഗവര്‍മെന്റും ദേവസ്വം ബോര്‍ഡും 2018 വരെ നടപ്പിലാക്കുകയായിരുന്നു. അപ്പോള്‍ പരിശോധനയ്ക്ക് സംവിധാനമുണ്ടായിരുന്നു. സംശയമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും പരിശോധിക്കുമായിരുന്നു. 2018 സെപ്റ്റംബര്‍ 28 ന്റെ വിധിയോട് കൂടി അത്തരമൊരു പരിശോധന കോടതിയലക്ഷ്യമായിട്ട് മാറി. അതോടെ ആ പരിശോധന ഇല്ലാതായി മാറി. അതിന് ശേഷം ധാരാളം പേര്‍ വന്ന് പോയിട്ടുണ്ടാകാം. നമുക്ക് അത് അറിയില്ലല്ലോ.- കടകംപള്ളി ചോദിക്കുന്നു.
പൊലീസ് സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഭക്തര്‍ക്ക് സംരക്ഷണം ഒരുക്കുക എന്നതാണ് പൊലീസിന്റെ ജോലിയെന്നും പൊലീസ് സംരക്ഷണം നല്‍കുന്നു എന്നത് ആക്ഷേപമായി ഉന്നയിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കടകംപള്ളിയുടെ മറുപടി.