| Friday, 16th November 2018, 12:50 pm

തൃപ്തി ദേശായി പഴയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ ബി.ജെ.പിക്കാരി; മടങ്ങിപ്പോകാന്‍ ചെന്നിത്തലയും ശ്രീധരന്‍പിള്ളയും പറയേണ്ട കാര്യമേയുള്ളൂ: കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി പഴയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് അവര്‍ ബി.ജെ.പിയുമായി സഖ്യമായെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോ പറഞ്ഞാല്‍ അവര്‍ കൊച്ചിയില്‍ നിന്നും മടങ്ങിപ്പോയ്‌ക്കോളുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. നിലയ്ക്കലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃപ്തി ദേശായി കൊച്ചിയില്‍ എത്തി ശബരിമല ദര്‍ശനത്തിനായി പുറപ്പെടുന്നു എന്ന വാര്‍ത്തയാണ് രാവിലെ മുതല്‍ കേള്‍ക്കുന്നത്. സുപ്രീം കോടതി വിധിയുടെ ബലത്തിലാണ് അവര്‍ വന്നിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന്റെ കോപ്പിയാണ് കേരള മുഖ്യമന്ത്രിക്ക് നല്‍കിയത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിക്കും അവര്‍ കത്ത് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത്.

തൃപ്തി ദേശായി ഈ ബഹളമെല്ലാം കൂട്ടുമ്പോള്‍ രമേശ് ചെന്നിത്തല തന്നെ പറഞ്ഞ് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. കാരണം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പൂനെയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട വ്യക്തിയാണ് അവര്‍. പിന്നീട് അവര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നു. അതുകൊണ്ട് തന്നെ ശ്രീധരന്‍പിള്ളയും ചെന്നിത്തലയും നന്നായിട്ട് പറഞ്ഞാല്‍ അവര്‍ അങ്ങ് മടങ്ങിപ്പോയിക്കോളും.

ഇപ്പോള്‍ പ്രാകൃതമായ ചെറുത്ത് നില്‍പ്പ് നടത്തി സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുകയാണ് ചിലര്‍. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി സുപ്രീം കോടതയില്‍ കേസ് കൊടുക്കുക, 12 വര്‍ഷം നിയമയുദ്ധം നടത്തുക എന്നിട്ട് വിധി വാങ്ങുക എന്നിട്ട് ആവിധിയുടെ പേരില്‍ ജനങ്ങളെ തെരവിലിറക്കുക. സുപ്രീം കോടതി വിധി നടപ്പാക്കരുത് എന്ന സര്‍ക്കാരിനോട് ആവശ്യപ്പെടുക. ഇതാണ് നടക്കുന്നത്. അതിന്റെ കൂടി ഭാഗമാണോ ഈ തൃപ്തി ദേശായിയുടെ വരവ് എന്ന സംശയം പോലും എനിക്കുണ്ട്.- കടകംപള്ളി പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിക്കേണ്ട കാര്യമൊന്നും ഇല്ല. ചെന്നിത്തലയും ശ്രീധരന്‍പിള്ളവും അവരോട് മഹാരാഷ്ട്രയേലിക്ക് പോകാന്‍ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളു. ഇന്ന് നടക്കുന്നത് പ്രാകൃതമായ കാര്യമാണ്. ഒരാള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തടയുക എന്നത് സംസ്‌ക്കാര സമ്പന്നമായ സമൂഹത്തിന് ചേര്‍ന്ന കാര്യമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല.

തൃപ്തി ഇടതുപക്ഷക്കാരിയല്ലല്ലോ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നല്ലോ ബി.ജെ.പിയുമായല്ലേ അവരുടെ ഇപ്പോഴത്തെ സഖ്യം. ഫട്‌നാവിസുമായുള്ള തൃപ്തിയുടെ ബന്ധം ആര്‍ക്കാണ് അറിയാത്തത്. കാവിക്കൊടി പിടിച്ചല്ലേ അവര്‍ നടക്കുന്നത്. അവരുടെ വരവ് ഗൂഢാലോചനയാണെന്ന് പറയുന്നില്ല. എങ്കിലും ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ല. – കടകംപള്ളി പറഞ്ഞു.

തൃപ്തിയെ സന്നിധാനത്ത് എത്തിക്കണോ വേണ്ടയോ എന്നത് സന്ദര്‍ഭത്തിന് അനുസരിച്ച് ചെയ്യേണ്ട കാര്യമാണ്. വന്നവരെ നല്ല രീതിയില്‍ പറഞ്ഞ് തിരിച്ചയക്കുകയാണ് പൊലീസ് ചെയ്തത്.

വിധി പുനപരിശോധിക്കണെന്ന് പറഞ്ഞ് സുപ്രീം കോടതിയെ സമീപിച്ചവരോട് കോടതി വിധി അനുസരിക്കണമെന്നാണ് സുപ്രീം കോടതി വീണ്ടും ഉത്തരവിട്ടത്. ഒരുഭാഗത്ത് കോടതി വിധി. മറുഭാഗത്ത് ബി.ജെ.പിയുടെ രാഷ്ട്രീയ നാടകം. ശ്രീധരന്‍പിള്ള തന്നെ ലോകത്തിന് മുന്നില്‍ പറഞ്ഞത് സുവര്‍ണാവസരമാണ് അത് ഉപയോഗപ്പെടുത്തണമെന്നാണ്. അതുകൊണ്ട് തന്നെ അവരുടെ ഇരട്ടമുഖം വിശ്വാസികള്‍ തിരിച്ചറിയണം.

ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണ് ഇത്.വിശ്വാസത്തിന്റെ പേരിലാകുമ്പോള്‍ ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. യഥാര്‍ത്ഥ വിശ്വാസികള്‍ ഈ പറയുന്ന പ്രചാരണത്തില്‍പ്പെട്ടുപോയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more