| Wednesday, 5th June 2019, 9:50 am

പിണറായിയുടേത് ധാര്‍ഷ്ട്യമല്ല ; എല്‍.ഡി.എഫിനെതിരെ വോട്ട് ചെയ്തവര്‍ ഉറങ്ങുന്നതിന് മുന്‍പ് ഒരു തവണ ആലോചിക്കണം: കടകംപള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് ദാര്‍ഷ്ട്യമാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയാണ് ചിലര്‍ ധാര്‍ഷ്ട്യമെന്നാണു വിളിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പത്തനാപുരത്ത് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തലവൂര്‍ ശാഖ ഉദ്ഘാടനവേദിയില്‍ സംസാരിക്കവെയാണ് പിണറായി വിജയന് ധാര്‍ഷ്ട്യാമാണെന്ന വിമര്‍ശനത്തിനെതിരെ മന്ത്രി രംഗത്തെത്തിയത്.

മുഖ്യമന്ത്രിക്ക് ഒരു ദാര്‍ഷ്ട്യവും ഇല്ല. എന്നാല്‍ ചിലര്‍ അങ്ങനെ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയാണ് ഇവര്‍ ധാര്‍ഷ്ട്യമെന്ന് വിളിക്കുന്നത്- കടകംപള്ളി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെ വോട്ട് ചെയ്തവര്‍ ഉറങ്ങുന്നതിന് മുന്‍പ് ഒരു തവണ ആലോചിക്കണമെന്നും കഴിഞ്ഞ മൂന്നു വര്‍ഷവും പാവങ്ങളോടു പരിഗണന കാട്ടിയ സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും കടകംപള്ളി പറഞ്ഞു.

എന്നാല്‍ ഈ പരിഗണന വോട്ടു ചെയ്തപ്പോള്‍ ആളുകള്‍ മറന്നു പോയി. നല്ലതു മാത്രം ചെയ്തതിന് കനത്ത കുറ്റം ചുമത്തിയവനു ലഭിക്കേണ്ട ശിക്ഷ നല്‍കി. ഇത് ശരിയല്ല, ഇങ്ങനെ ചെയ്യാമോ എന്ന് ജനം ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more