| Friday, 19th October 2018, 6:22 pm

ആക്റ്റിവിസ്റ്റ് എന്നുള്ളത് ശബരിമലയില്‍ വരാനുള്ള തടസ്സമല്ല; യുവതികള്‍ സന്നിധാനത്ത് എത്തിയത് ബി.ജെ.പിയുടെ ആസൂത്രണമെന്ന് സംശയിക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുവതികള്‍ സന്നിധാനത്ത് എത്തിയത് ബി.ജെ.പി ആസൂത്രണം ചെയതതാണെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. “ഇന്നു നടന്ന സംഭവത്തിനു ശേഷം വന്നിട്ടുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകളും ഇന്ന് അവിടെ പ്രവേശിച്ച വനിതയുടെ കൂട്ടുകാര്‍ അടക്കം നടത്തുന്നതായിടുള്ള ചില പ്രചാരങ്ങളും കൂട്ടിവായിക്കുമ്പോള്‍ ബി.ജെ.പി ആസൂത്രണം ചെയ്തതാണോ എന്ന സംശയമുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആക്റ്റിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ വരാന്‍ തടസ്സമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. “ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുക, പ്രശ്‌നങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ശബരിമലയിലേയ്ക്ക് വരുന്ന ആക്റ്റിവിസറ്റുകളെ കുറിച്ചാണ് പറഞ്ഞത് അത് കുറച്ചുകൂടി വ്യക്തമാക്കി പറയേണ്ടതായിരുന്നു” എന്നും മന്ത്രി വ്യക്തമാക്കി.

“ആക്റ്റിവിസ്റ്റ് എന്നുള്ളത് ശബരിമലയില്‍ വരാനുള്ള തടസ്സമല്ല. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് ആക്റ്റിവിസത്തെ ഉപയോഗപ്പെടുത്തുന്നത് ശരിയല്ലന്നാണ് ഞാന്‍ പറഞ്ഞതെന്നും” മന്ത്രി വ്യക്തമാക്കി.


“വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതിനാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്. ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഒരിടമായി, അവരുടെ ചില നിലപാടുകള്‍ സാധിച്ചെടുക്കാനുള്ള സ്ഥലമായി ശബരിമല മാറാന്‍ പാടില്ല. ആക്റ്റിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റിത്തീര്‍ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. അത്തരക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല”- മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ആക്റ്റിവിസ്റ്റുകള്‍ ശബരിമലയില്‍ പോകരുത് എന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. വിശ്വാസിയാണെങ്കില്‍ ആക്റ്റിവിസ്റ്റിനും പോകാമെന്നും പ്രതിഷേധിക്കാനാണ് ശബരിമലയില്‍ പോകുന്നതെങ്കില്‍ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തെറ്റാണെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more