തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിച്ചു. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്.
ഇന്നലെ രാത്രിയോടെയാണ് സംഭവുണ്ടായത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പിന്നില്‍ ബി.ജെ.പി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണെന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്. സംഭവത്തില്‍ സി.പി.ഐ.എം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചു.
മന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലെത്തി ജനങ്ങളുമായി സംവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരി ഓയില്‍ ഒഴിച്ച സംഭവം ഉണ്ടായത്.
കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നാണ് കടകംപള്ളി ഇത്തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എസ്.എസ് ലാലും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനുമാണ് കടകംപള്ളിക്കെതിരെ മത്സരിക്കുന്നത്.
കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഒരു അസുര നിഗ്രഹം, അത് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കണം എന്നത് കേരളത്തിലെ വിശ്വാസികളുടെ ആഗ്രഹമാണ്. അതിന് പ്രാപ്തമായിട്ടുള്ള സ്ഥാനാര്‍ത്ഥിയെ, കൂടുതല്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ ഞാനുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. മാത്രമല്ല മുരളീധരന്‍ ശ്രദ്ധവച്ച് പ്രവര്‍ത്തിച്ച ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതില്‍ പ്രവര്‍ത്തകരും സന്തോഷത്തിലാണ് എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kadakampalli Surendran campaign posters defaced