| Wednesday, 19th June 2019, 9:24 am

ശബരിമല യുവതീ പ്രവേശനം: വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം മുന്‍കൈ എടുക്കണമെന്ന് കടകംപള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യ ബില്‍ നീക്കത്തിനെതിരെ ദേവസ്വം മന്ത്രി. വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം തന്നെ മുന്‍കൈ എടുക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇല്ലെങ്കില്‍ മറ്റ് സ്വകാര്യ ബില്ലുകളുടെ അനുഭവം ഉണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.

‘ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ സ്വകാര്യബില്ലിന്റെ രൂപത്തിലെങ്കിലും ഈ പ്രശ്‌നം വന്നിരിക്കുകയാണ്. സാധാരണ സ്വകാര്യ ബില്ലുകള്‍ക്കുണ്ടാവുന്ന അനുഭവം ഉണ്ടാവാതെ കേരളത്തിലെ ബി.ജെ.പി നേതൃത്വം കൂടെ ഇതില്‍ ഫലപ്രദമായി ഇടപെട്ട് സര്‍ക്കാര്‍ തന്നെ ഒരു ബില്ല് കൊണ്ടുവന്ന് വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കി നിയമവാഴ്ച്ച നിലനില്‍ക്കുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിന് സഹായിക്കുകയാണ് വേണ്ടത്.’ കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭയില്‍ സ്വകാര്യ ബില്ലായി അവതരിപ്പിക്കാന്‍ ആര്‍.എസ്.പി അംഗം എന്‍.കെ. പ്രേമചന്ദ്രന് അനുമതി നല്‍കിയിരുന്നു. യുവതിപ്രവേശനത്തിനെതിരെയാണ് ബില്‍.

ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. 17ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണ് പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്നത്. സ്വകാര്യ ബില്ലായതിനാല്‍ അവതരണത്തിനപ്പുറത്തെ നടപടിക്രമങ്ങളിലേക്ക് പോകാന്‍ ഇടയില്ല. എന്നാല്‍, വിഷയം സഭയില്‍ ചരച്ചക്കിടയാക്കിയേക്കാം.

Latest Stories

We use cookies to give you the best possible experience. Learn more