തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാര്യങ്ങള്‍ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്ന് മുരളീധരനോട് കടകംപള്ളി പറഞ്ഞു.
‘കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണം. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേരള സര്‍ക്കാര്‍ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തില്‍ മത മേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളോടും ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്’, കടകംപള്ളി പറഞ്ഞു.
മുരളീധരന്റെ അവസ്ഥ ‘ഹാ കഷ്ടം’ എന്നല്ലാതെ പറയാനാവില്ല. ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങള്‍ തുറക്കാന്‍ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ദൈവ വിശ്വാസമില്ലാത്ത സര്‍ക്കാര്‍, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു വി.മുരളീധരന്‍ പറഞ്ഞത്.
കേന്ദ്ര നിര്‍ദ്ദേശം വന്നശേഷം വിവിധ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്.
അതേസമയം, ആരാധനാലയങ്ങള്‍ തുറക്കാനിരിക്കെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഒരുക്കവും തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും അഗ്‌നിശമനസേന അണുവിമുക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ