മന്ത്രിവാഹനവും ഗതാഗതക്കുരുക്കില്‍പ്പെട്ടു: റോഡിലിറങ്ങി ട്രാഫിക് നിയന്ത്രിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Daily News
മന്ത്രിവാഹനവും ഗതാഗതക്കുരുക്കില്‍പ്പെട്ടു: റോഡിലിറങ്ങി ട്രാഫിക് നിയന്ത്രിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th February 2017, 9:27 am

ആദ്യം പ്രശ്‌നം പരിഹരിക്കട്ടെ എന്നിട്ടു യാത്ര തുടരാം എന്ന നിലപാടായിരുന്നു മന്ത്രിയുടേത്.


തിരുവനന്തപുരം: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ റോഡിലിറങ്ങി ട്രാഫിക് നിയന്ത്രിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിര്‍മാണത്തിലിരിക്കുന്ന കഴക്കൂട്ടം മുക്കാല ദേശീയപാതയിലായിരുന്നു മന്ത്രിയുടെ ട്രാഫിക് നിയന്ത്രണം. ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണമടഞ്ഞ കഴക്കൂട്ടം സ്വദേശികളുടെ നാലു കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കാനായി പുറപ്പെട്ടതായിരുന്നു മന്ത്രി. എന്നാല്‍ ആക്കുളം പാലത്തിനു സമീപം മന്ത്രിവാഹനവും കുരുക്കില്‍പ്പെട്ടു. ഇതോടെ ആദ്യം ഗണ്‍മാനെ രംഗത്തിറക്കി ട്രാഫിക് നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നിട്ടും കുരുക്കഴിയാതായതോടെ മുന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു.

ഇവിടെ ഗതാഗത നിയന്ത്രണത്തിന് പൊലീസുണ്ടായിരുന്നില്ല. മന്ത്രി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തത് അറിഞ്ഞതോടെ വിവിധയിടങ്ങളില്‍ നിന്നും പൊലീസ് എത്തി നിയന്ത്രണം ഏറ്റെടുത്തു മന്ത്രിയോടു യാത്രതുടരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം പ്രശ്‌നം പരിഹരിക്കട്ടെ എന്നിട്ടു യാത്ര തുടരാം എന്ന നിലപാടായിരുന്നു മന്ത്രിയുടേത്.


Must Read: സ്‌ട്രോംഗ് റൂമില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഇലക്ഷന്‍ ഓഫീസര്‍മാര്‍ ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് അരവിന്ദ് കെജരിവാള്‍ 


ഗതാഗതക്കുരുക്ക് അഴിഞ്ഞശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്. ഗതാഗതം സുഖമമായതോടെ യാത്രക്കാരും നാട്ടുകാരും മന്ത്രിയെ അഭിനന്ദിച്ചു.

ബൈപാസിലെ കുരുക്കുകാരണം മന്ത്രിയുടെ ഇന്നലത്തെ ഷെഡ്യൂളും അടിമുടി അവതാളത്തിലായി. സംഭവത്തിനുശേഷം, കുളത്തൂര്‍ മുതല്‍ ആക്കുളം വരെയുള്ള മേഖലയില്‍ 11 വരെ ട്രാഫിക് നിയന്ത്രണത്തിനായി അധികമായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

അതിനിടെ മന്ത്രി രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിച്ച സംഭവത്തോടെ ആക്കുളം ഭാഗത്ത് വാഹനപരിശോധന പൊലീസ് ഒഴിവാക്കി. തിരക്കേറിയ പൊലീസ് നടത്തുന്ന വാഹനപരിശോധന ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു എന്ന ആക്ഷേപമുയര്‍ന്നിരുന്നു.