പൊലീസ് എടുത്തുകൊടുത്തിട്ടും കെ. സുരേന്ദ്രന്‍ ബോധപൂര്‍വ്വം രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടകംപള്ളി സുരേന്ദ്രന്‍
Sabarimala
പൊലീസ് എടുത്തുകൊടുത്തിട്ടും കെ. സുരേന്ദ്രന്‍ ബോധപൂര്‍വ്വം രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th November 2018, 1:20 pm

 

തിരുവനന്തപുരം: അറസ്റ്റിലായതിനു പിന്നാലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പൊലീസിനെതിരെ ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇരുമുടികെട്ട് സുരേന്ദ്രന്‍ സ്വയം താഴെയിട്ടതാണ്. പൊലീസ് അതില്‍ ചവിട്ടിയിട്ടില്ല. പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അതിന് തെളിവാണെന്നും കടകംപള്ളി വ്യക്തമാക്കി.

“കെ. സുരേന്ദ്രന്‍ തന്നെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം രണ്ടുതവണ താഴെയിടുന്നത് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി രണ്ടു തവണയും ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുക്കുന്നുണ്ട്. ” അദ്ദേഹം പറയുന്നു.

പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

Also Read:“എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?” ; 15 മിനിറ്റ് പരസ്യ സംവാദനത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ഉറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്ന സുരേന്ദ്രന്റെ ആരോപണം കള്ളക്കഥയാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുറിയിലാണ് സുരേന്ദ്രനെ ഇരുത്തിയത്. കിടക്കാന്‍ ബെഞ്ച് ശരിയാക്കി കൊടുത്തിരുന്നു. വെള്ളത്തിന് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നെന്നും മന്ത്രി പറഞ്ഞു.

സുരേന്ദ്രനെ അറസ്റ്റു ചെയ്തു ഹാജരാക്കിയ ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ താന്‍ വിളിച്ചിരുന്നെന്നും അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു.

Also Read:ബി.ജെ.പി ജനറല്‍ സെക്രട്ടറി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറസ്റ്റിലെന്ന്‍ ഇന്ത്യന്‍ എക്സ്പ്രസ്

അമ്മ മരിച്ച് നാലുമാസം തികയുന്നതിനു മുമ്പാണ് സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്. ആചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് മര്‍ദിച്ചതായി പരാതി. തന്നെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു മര്‍ദ്ദിച്ചെന്നും മരുന്ന് കഴിക്കാന്‍ പോലും അനുവദിച്ചില്ലെന്നും മജിസ്ട്രേറ്റിനു മുന്നില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വൈദ്യപരിശോധ റിപ്പോര്‍ട്ട് കാണിച്ചാണ് കോടതിയില്‍ പൊലീസ് സുരേന്ദ്രന്റെ വാദം പൊളിച്ചത്.

വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതിന് ശേഷമാണ് സുരേന്ദ്രനെ മജിസ്ട്രേറ്റിനു മുന്നില്‍ പൊലീസ് ഹാജരാക്കിയത്. ഇരുവരുടേയും വാദം കേട്ടതിന് ശേഷമാണ് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്.

കസ്റ്റഡിയില്‍ വെച്ച് തന്നെ പൊലീസ് മര്‍ദ്ദിച്ചെന്നായിരുന്നു സുരേന്ദ്രന്‍ ആരോപിച്ചത്. പ്രാഥമിക ആവിശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അനുവദിക്കാത്ത പൊലീസ്, തനിക്ക് കുടിവെള്ളം പോലും തന്നില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചിരുന്നു.

പൊലീസ് ഇരുമുടിക്കെട്ട് വലിച്ച് താഴെയിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.