[]കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ വില്ലേജ് ഓഫീസര്‍ സുബ്രഹ്മണ്യം പിള്ളയെയാണ് സസ്‌പെന്റ് ചെയ്തത്.
തണ്ടപ്പേര് രജിസ്റ്ററില്‍ കൃത്രിമം കാണിച്ചതിനാണ് നടപടി. റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്്തിരിക്കുന്നത്.
കേസില്‍ അവസാനഘട്ട വാദം നടക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍ നടപടി. തട്ടിപ്പിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വൈകുന്നതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അക്കമിട്ട് നിരത്തിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ അതിശയം പ്രകടിപ്പിച്ച കോടതി നിര്‍ബന്ധമായും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ അടുത്ത വാദം തുടരുന്ന വ്യാഴാഴ്ചക്ക് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടി അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തുള്ള നടപടിയെന്നാണ്് കരുതുന്നത്.
തിരുവനന്തപുരത്ത് കടകംപള്ളി, ആലുവ പത്തടിപ്പാല എന്നിവിടങ്ങളിലായി വ്യാജ തണ്ടപ്പേരില്‍ ഭൂമി സ്വന്തമാക്കിയെന്നാണ് സലീം രാജിനെതിരായ കേസ്.
വ്യാജരേഖ ചമച്ചാണ് ഭൂമി സ്വന്തമാക്കിയതെന്ന് കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.