| Wednesday, 8th January 2020, 10:46 pm

'അവരെ സാമൂഹ്യവിരുദ്ധരെന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ,' നോബേല്‍ സമ്മാന ജേതാവിന്റെ ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കടകംപള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് ഒന്നര മണിക്കൂറോളം വേമ്പനാട്ട് കായലില്‍ തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയ മൈക്കിള്‍ ലെവിറ്റിന് നേരിടേണ്ടി വന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി ദേശീയ പണിമുടക്കില്‍ നിന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയില്‍ നിന്നും ഒഴിവാക്കിയിരുന്നിട്ടും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ സാമൂഹ്യ വിരുദ്ധര്‍ എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ എന്നും പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2013 ല്‍ രസതന്ത്രത്തില്‍ നോബേല്‍ സമ്മാനം ലഭിച്ച മൈക്കിള്‍ ലെവിറ്റും ഭാര്യയും സഞ്ചരിച്ച ഹൗസ് ബോട്ട് ദേശീയ പണിമുടക്ക് അനുകൂലികള്‍ തടയുകയായിരുന്നു.

കുമരകത്തു നിന്ന് കുട്ടനാട്ടിലേക്ക് എത്തിയ ഹൗസ് ബോട്ട് ഇന്നലെ രാത്രി ആര്‍ ബ്ലോക്കിന് സമീപം നങ്കൂരമിടുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് യാത്ര ആരംഭിക്കാനിരിക്കെയാണ് ഹൗസ് ബോട്ട് തടയുന്നത്. ഒന്നര മണിക്കൂറോളം ബോട്ട് സമരാനുകൂലികള്‍ തടഞ്ഞിട്ടു. ടൂറിസത്തിനും കേരളത്തിനും ചേരാത്ത നടപടിയാണെന്നാണ് മൈക്കിള്‍ ലെവിറ്റ് ഇതേ പറ്റി പിന്നീട് പ്രതികരിച്ചത്.

കേരള സര്‍വ്വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനാണ് മൈക്കിള്‍ ലെവിറ്റ് കേരളത്തിലെത്തിയത്.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.

നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലില്‍ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായി അദ്ദേഹം കേരളത്തിലെത്തിയത്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു.

വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലില്‍ നിന്നും പണിമുടക്കുകളില്‍ നിന്നും ഒഴിവാക്കുവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്‍പ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായതാണ്. ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് നടന്ന ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്ത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഇന്നത്തെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയതുമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സാഹചര്യത്തില്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത് ആരായാലും സാമൂഹ്യവിരുദ്ധര്‍ എന്ന് മാത്രമേ വിശേഷിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. സംയുക്ത സമര സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും തൊഴിലാളി സംഘടനകള്‍ ഇങ്ങനെ ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല.

മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞതിന് പിന്നില്‍ ആരായിരുന്നാലും കുറ്റക്കാരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി

Latest Stories

We use cookies to give you the best possible experience. Learn more