[]കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കടകം പളളി ഭൂമിതട്ടിപ്പ് കേസില്‍ വ്യാജരേഖ ചമച്ചെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. കേസിലെ രേഖകളില്‍ കൃത്രിമമുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
തട്ടിപ്പിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വൈകുന്നതിനെ കോടതി വിമര്‍ശിച്ചു. കടകം പള്ളി ഭൂമി തട്ടിപ്പ് കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് നീക്കിയേ പറ്റൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന് വേണ്ടി സര്‍ക്കാര്‍ കാത്തിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അക്കമിട്ട് നിരത്തിയിട്ടുണ്ട്.
എന്നിട്ടും ഊദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ കോടതി അതിശയം പ്രകടിപ്പിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര് നിര്‍ബന്ധമായും നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. അതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.