കാബൂള്‍: സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന താലിബാന്‍ സര്‍ക്കാരിന്റെ വിവാദ ഉത്തരവില്‍ പ്രതിഷേധിച്ച് ചാനല്‍ പരിപാടിക്കിടെ തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞ് കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍.
‘എന്റെ അമ്മക്കും സഹോദരിക്കും പഠിക്കാനാകാത്ത പക്ഷം അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഞാന്‍ അംഗീകരിക്കുന്നില്ല,’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അധ്യാപകന്‍ ചാനലില്‍ ലൈവായി തന്റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കീറിയെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഓരോന്നായി ഇദ്ദേഹം ഉയര്‍ത്തിപ്പിടിക്കുകയും പിന്നീട് കീറിക്കളയുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
അഫ്ഗാന്‍ മന്ത്രിയുടെ മുന്‍ നയ ഉപദേഷ്ടാവ് (policy advisor) ഷബ്‌നം നസിമി (Shabnam Nasimi) ഉള്‍പ്പെടെയുള്ള നേതാക്കള്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
”ഒരു കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അഫ്ഗാനിസ്ഥാനിലെ ടി.വി പരിപാടിക്കിടെ തത്സമയമായി തന്റെ ഡിപ്ലോമകള്‍ നശിപ്പിക്കുന്നതിന്റെ വിസ്മയകരമായ ദൃശ്യങ്ങള്‍,’ എന്നാണ് ഷബ്‌നം നസിമി വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
”ഇന്നുമുതല്‍ എനിക്ക് ഈ ഡിപ്ലോമകള്‍ ആവശ്യമില്ല. കാരണം ഈ രാജ്യം വിദ്യാഭ്യാസത്തിന് പറ്റിയ സ്ഥലമല്ല. എന്റെ സഹോദരിക്കും അമ്മയ്ക്കും പഠിക്കാന്‍ കഴിയാത്ത ഈ വിദ്യാഭ്യാസത്തെ ഞാന്‍ അംഗീകരിക്കുന്നില്ല,” എന്ന് പ്രൊഫസര്‍ പറയുന്നതായി ഷബ്‌നം നസിമി ട്വീറ്റില്‍ കുറിച്ചു.
കഴിഞ്ഞയാഴ്ചയായിരുന്നു അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ലിംഗഭേദം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്ന ചില വിഷയങ്ങള്‍ ഇസ്‌ലാമിന്റെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നുമാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നിഷേധിച്ച നടപടിയെ ന്യായീകരിച്ചുകൊണ്ട് അഫ്ഗാന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി നിദ മുഹമ്മദ് നദിം (Nida Mohammad Nadim) പ്രതികരിച്ചത്.
വിദ്യാഭ്യാസ വിലക്കിനെതിരെ രാജ്യത്തെ സ്ത്രീകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതികരിച്ചിരുന്നു.
നേരത്തെ അഫ്ഗാനില്‍ സെക്കന്ററി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാല്‍ പുതിയ നടപടിപ്രകാരം നിലവില്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും പുറത്താകും.
ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെയാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളെ വിലക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. വിലക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്.
അതിനിടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച നടപടി തുടരുമ്പോഴും താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ വിദേശത്ത് പഠിക്കുന്നതായ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
അഫ്ഗാന്റെ ആരോഗ്യമന്ത്രി ഖലന്ദര്‍ ഇബാദ്, വിദേശകാര്യ സഹമന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്, താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ എന്നീ നേതാക്കളുടെ പെണ്‍മക്കളാണ് ദോഹ, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലായി സ്‌കൂള്‍ പഠനം നടത്തുന്നത്.
Content Highlight: Kabul University professor tore up his diplomas on live television saying he don’t accept education in Afghanistan