കൊച്ചി: മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഇത്തരക്കാരെ നേരത്തെ ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധിവരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്നും ജൂഡ് പറഞ്ഞു.
സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിയാലായും ഇത്തരത്തില്‍ തന്നെ ചെയ്യണമെന്ന് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടനയായ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും താലിബാനെതിരെ രംഗത്ത് എത്തിയിരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാനെ പിന്തുണക്കുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്തുപോകണമെന്നാണ് ഹരീഷ് ഫേസ്ബുക്കിലെഴുതിയത്.
‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ/ അണ്‍ഫ്രണ്ട് ചെയ്ത് പോകണം.
അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിങ്ങ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും,’ ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സിത്താര വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇരുവരുടെയും പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി.
ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ രാജ്യം വിട്ടുപോയി. അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലസ്ഥാനമായ കാബൂള്‍ കൂടി താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ടുപോകാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ ജനത. വിമാനത്താവളങ്ങളില്‍ കനത്ത തിരക്കാണനുഭവപ്പെടുന്നത്.