| Friday, 3rd January 2025, 4:30 pm

ആ നടനെ ഞാന്‍ എന്റെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്: കബീര്‍ ദുഹാന്‍ സിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വില്ലന്‍ വേഷങ്ങളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പരിചിതനായ നടനാണ് കബീര്‍ ദുഹാന്‍ സിങ്. അജിത്കുമാര്‍ നായകനായ വേതാളം, വിശാലിന്റെ ആക്ഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കബീര്‍ ദുഹാന്‍ സിങ് ഈ വര്‍ഷം മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി നായകനായ ടര്‍ബോയിലും ടൊവിനോയുടെ എ.ആര്‍.എമ്മിലും ഭാഗമായ കബീര്‍ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോയിലും പ്രേക്ഷകരെ ഞെട്ടിച്ചു.

മോഡലിങ് രംഗത്ത് നിന്നാണ് കബീര്‍ സിനിമയിലേക്കെത്തുന്നത്. തെലുങ്ക് ചിത്രമായ ജില്ലിലൂടെയായിരുന്നു കബീറിന്റെ അരങ്ങേറ്റം. ആദ്യ തമിഴ് ചിത്രമായ വേതാളത്തെക്കുറിച്ച് സംസാരിക്കുകയാണ് കബീര്‍ ദുഹാന്‍ സിങ്. ചിത്രത്തിലെ നായകന്‍ അജിത് കുമാറില്‍ നിന്ന് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്ന് കബീര്‍ പറഞ്ഞു.

അത്രയും വലിയ സ്റ്റാര്‍ ആയിരുന്നിട്ടും സെറ്റിലെത്തി കഴിഞ്ഞാല്‍ എല്ലാ ആര്‍ട്ടിസ്റ്റുകളെയും കണ്ട് അവര്‍ക്ക് കൈ കൊടുത്തതിന് ശേഷമേ അദ്ദേഹം കാരവനില്‍ കയറുള്ളൂവെന്ന് കബീര്‍ ദുഹാന്‍ സിങ് കൂട്ടിച്ചേര്‍ത്തു. എത്ര ഉയരത്തിലെത്തിയാലും മറ്റുള്ളവരെയും തനിക്ക് തുല്യരായി കാണണമെന്ന വലിയ പാഠം താന്‍ പഠിച്ചത് അജിത്തില്‍ നിന്നാണെന്ന് കബീര്‍ പറഞ്ഞു.

ആദ്യദിവസം താന്‍ സെറ്റിലെത്തിയപ്പോള്‍ സംവിധായകന്‍ ശിവയോട് സംസാരിച്ച് ഇരിക്കുകയായിരുന്നെന്നും അജിത് സെറ്റിലെത്തി തനിക്ക് ഷേക്ക് ഹാന്‍ഡ് തന്ന് ഒരുപാട് നേരം സംസാരിച്ചെന്നും കബീര്‍ കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലെ ഒരു പുതുമുഖത്തോട് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലാതിരുന്നിട്ട് കൂടി അജിത് അത് ചെയ്‌തെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കബീര്‍ പറഞ്ഞു.

തന്റെ അച്ഛന്റെ സ്ഥാനത്താണ് താന്‍ അജിത്തനെ കാണുന്നതെന്നും കബീര്‍ ദുഹാന്‍ സിങ് കൂട്ടിച്ചേര്‍ത്തു. ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു കബീര്‍ ദുഹാന്‍ സിങ്.

‘തമിഴില്‍ എന്റെ ആദ്യ സിനിമയായിരുന്നു വേതാളം. എന്നെ സംബന്ധിച്ച് ആ സിനിമ പുതിയൊരു ലോകമായിരുന്നു. എന്റെ ആദ്യത്തെ സിനിമ തെലുങ്കിലായിരുന്നു. അത് വഴിയാണ് ഞാന്‍ മറ്റ് ഭാഷകളിലേക്കെത്തിയത്. വേതാളത്തിന്റെ സെറ്റില്‍ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. അതില്‍ തന്നെ അജിത് സാറിനെപ്പോലെ ഒരു സൂപ്പര്‍സ്റ്റാറില്‍ നിന്ന് ഞാന്‍ പലതും ജീവിതത്തില്‍ പകര്‍ത്തിയിരുന്നു.

എത്ര ഉയരത്തിലെത്തിയാലും മറ്റുള്ളവരെയും തനിക്ക് തുല്യരായി കാണണമെന്ന് അജിത് സാറില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. അതിന്റെ ഉദാഹരണം പറയം, സെറ്റില്‍ ഞാന്‍ ആദ്യദിവസം എത്തിയപ്പോള്‍ സംവിധായകന്‍ ശിവയുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു. ആ സമയത്താണ് അജിത് സാര്‍ എത്തിയത്. അദ്ദേഹം നേരെ ഞങ്ങളുടെ അടുത്ത് എത്തി എല്ലാവര്‍ക്കും ഷേക്ക് ഹാന്‍ഡ് കൊടുത്ത് സംസാരിച്ചു.

എന്നെ കണ്ടതും എനിക്കും കൈ തന്നു. എന്നോട് കുറച്ച് നേരം സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം തന്റെ കാരവാനിലേക്ക് പോയത്. അത്രയും വലിയ സൂപ്പര്‍സ്റ്റാറിന് അതൊന്നും ചെയ്യേണ്ട ആവശ്യമില്ല. വേറെ ഏത് സ്റ്റാര്‍ ആണെങ്കിലും നേരെ സ്വന്തം കാരവാനില്‍ പോയി ഇരിക്കുകയാകും ചെയ്യുക. അജിത് സാര്‍ അവരില്‍ നിന്ന് വ്യത്യസ്തമാണ്. എന്റെ അച്ഛന്റെ സ്ഥാനത്താണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്,’ കബീര്‍ ദുഹാന്‍ സിങ് പറയുന്നു.

Content Highlight: Kabir Duhan Singh about working with Ajith Kumar

We use cookies to give you the best possible experience. Learn more