കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രളയകാലത്ത് വയനാട് മാനന്തവാടിയിലെ ചാലിഗദ്ദ എന്ന ആദിവാസി ഊരിനകത്തുകൂടിയാണ് കബനി നദി ഒഴികിയത്. ഇത്തവണ പക്ഷേ ഈ പ്രദേശത്തെ മുഴുവന്‍ തൂത്തുതുടച്ചായിരുന്നു കബനിയുടെ ഒഴുക്ക്. സര്‍വവും നഷ്ടപ്പെട്ട് രാത്രിക്ക് രാത്രി ഉടുതുണിയുമായി ചാലിഗദ്ദക്കാര്‍ ദുരിതാശ്വാസ ക്യാംപിലേയ്ക്ക് പലായനം ചെയ്തു. ഒറ്റരാത്രികൊണ്ടാണ് ചാലിഗദ്ദ ദുരന്തച്ചാലായ് ഒഴുകിയത്. ഇന്നവിടെ ബാക്കിയായത് തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളും മണല്‍ കൂനകളും മാത്രം. ഒരു ദുരന്തം ബാക്കിവെച്ചു കടന്നുപോയത്. അടിക്കടിയുണ്ടായ രണ്ട് പ്രളയം കൊണ്ട് കബനി അതിന്റെ സ്വാഭാവിക ഒഴുക്കിനെ തിരിച്ചു പിടിച്ചു. പക്ഷേ കുടിയേറ്റക്കാര്‍ കുന്നിന്‍ ചെരുവുകള്‍ കയ്യടക്കിയപ്പോള്‍ കാടിറങ്ങി പുഴയോരത്തേക്ക് തള്ളപ്പെട്ട ആദിവാസികള്‍ക്ക് എല്ലാം നഷ്ടമായി.
ഇനിയൊരു ചെറിയ വെള്ളപ്പൊക്കത്തെ പോലും അതിജീവിക്കാന്‍ ഇവര്‍ക്കാവില്ല. അല്ലെങ്കിലും ഒരു തരത്തിലും ഇതുവരെ ‘അതിജീവനം’ ഇവര്‍ക്ക് സാധ്യമായിട്ടില്ലല്ലോ. ഇനിയും മഴ കനപ്പെട്ടാലോ, തുലാവര്‍ഷം നന്നായൊന്നു പെയ്താലോ ചാലിഗദ്ദ നാമാവശേഷമാവും. മണല്‍ തിട്ടകളും കിടങ്ങുകളും ഊരില്‍ പലയിടത്തുമുണ്ട്. കട പുഴകിയ വൃക്ഷങ്ങളും മണ്ണെടുത്തുപോയ നെല്‍ വയലുകളും ചാലിഗദ്ദയെ ദുരന്ത ഭൂമിയാക്കിയിരിക്കയാണ്. മണ്ണിടിഞ്ഞ് നീങ്ങി റോഡും പാടേ തകര്‍ന്നു. ഇനി ഒന്നും ബാക്കിയില്ല. ചത്ത ജീവനല്ലാതെ.
ചാലിഗദ്ദയെന്ന ആദിവാസി ഊരിനെ ഒരുപക്ഷേ എല്ലാവര്‍ക്കും അറിയില്ലായിരിക്കാം. എന്നാല്‍ ഭൂമിക്കു വേണ്ടി സമരം ചെയ്ത് ഭരണകൂടത്തിന്റെ വെടിയുണ്ടകള്‍ നെഞ്ചില്‍ തളച്ചു കൊലചെയ്യപ്പെട്ട ജോഗിയെ പക്ഷേ നമ്മള്‍ മറക്കാനിടയില്ല. കാക്കിധാരികള്‍ കനമുള്ള ബൂട്ടിന് ചവിട്ടിക്കൂട്ടിയ, എണ്ണ തേച്ചു മിനുസപ്പെടുത്തിയ ലാത്തികൊണ്ട് അടിച്ചു വീഴ്ത്തിയ മുത്തങ്ങ സമരക്കാരെ നമ്മള്‍ മറക്കാനിടയില്ല. മുത്തങ്ങയിലെ സമരഭൂമിയില്‍ വെയിലും മഴയും മര്‍ദ്ദനവുമേറ്റ് പൗരന്റെ പ്രാഥമിക അവകാശമായ ഭൂമിക്കു വേണ്ടി പോരാടിയ അനേകം ആദിവാസികള്‍ ഉപജീവനം തേടുന്ന, അന്തിയുറങ്ങുന്ന ഊരാണ് ചാലിഗദ്ദ. ജോഗിയുടെ ഊര്. അവരുടെ മണ്ണ്.
2018ലെ പ്രളയം കേരളത്തിന്റെ സമ്പത്തും ജീവനും അടക്കം എല്ലാം എടുത്താണ് ഒടുങ്ങിയത്. അന്ന് പ്രളയം ഏറെ ദുരന്തം വിതച്ചത് പുഴവക്കില്‍ താമസിക്കുന്ന ആദിവാസികളെയും ദളിതനേയും മറ്റു പിന്നോക്കക്കാരെയുമാണ്. സര്‍വവും നഷ്ടപ്പെട്ട അവര്‍ ഒന്നില്‍ നിന്നും വീണ്ടും തുടങ്ങി. ചാലിഗദ്ദക്കാരും അങ്ങനെതന്നെയായിരുന്നു. സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും കൊടുത്ത സഹായങ്ങള്‍ കൊണ്ട് ജീവിതം കരുപിടിപ്പിക്കാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, വീണ്ടുമൊരു വെള്ളപ്പൊക്കം സര്‍വവും തൂത്തുവാരി. കഴിഞ്ഞ പ്രളയകാലത്ത് ഊരിലെ 75 കുടുംബങ്ങളിലെ ചിലക്കു മാത്രം സര്‍ക്കാരിന്റെ സഹായമായ 6000 രൂപ ലഭിച്ചു. പിന്നീട് ഒന്നും കിട്ടിയില്ല. ബന്ധപ്പെട്ട എസ്.ടി വകുപ്പ് പോലും തിരിഞ്ഞു നോക്കിയില്ല.
കബനിതീരത്ത് ചാലിഗദ്ദ, മുട്ടങ്കര അടക്കം അഞ്ച് കോളനികളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ചാലിഗദ്ദയിലെ കുടുംബങ്ങളെയെല്ലാം പയ്യമ്പള്ളി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കബനിയിലെ വള്ളം താഴ്ന്നതും പതിനെട്ടാം തിയ്യതി ദുരിതാശ്വാസ ക്യാമ്പ് പിരിച്ചു വിട്ടു. ഊരിലേയ്ക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപെട്ടു. നിരസിച്ച ഇവരെ നിര്‍ബന്ധിപ്പിച്ചാണ് ക്യാമ്പില്‍ നിന്നും ഇറക്കിവിട്ടത്. തിരിച്ചു ഊരിലെത്തിയ ഇവര്‍ക്ക് കഴിക്കാന്‍ ഭക്ഷണം പോലും ഇല്ലായിരുന്നു എന്ന് വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക അമ്മിണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഞായറാഴ്ച ഞങ്ങള്‍ അവിടെ എത്തുന്നത് ഏകദേശം നാലുമണിക്കാണ്. അവിടെ നല്ല മഴയുണ്ടായിരുന്നു. മഴയത്ത് രണ്ടു മൂന്ന് വീടിന്റെ സൈഡില്‍ കയറിനിന്ന് ആളുകള്‍ ഭക്ഷണം വാരിത്തിന്നുന്നുണ്ട്. കുറേ ആളുകള്‍ കൂട്ടത്തോടെ നില്‍ക്കുന്നുമുണ്ട്. കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അവരെ രാവിലെ ക്യാമ്പില്‍ നിന്നും പറഞ്ഞു വിട്ടതാണെന്ന്. ബിസ്‌ക്കറ്റും ബ്രഡും കട്ടന്‍ ചായയുമാണ് ആകെ നല്‍കിയതെന്നും എന്നിട്ട് പോവാനാണ് ക്യാംപ് അധികൃതര്‍ പറഞ്ഞതെന്നും ഊരിലെ ആളുകള്‍ പറഞ്ഞു. കയറിക്കിടക്കാന്‍ വീടില്ലാത്തതു കൊണ്ട് പോകില്ല എന്ന് അവര്‍ പറഞ്ഞു. പിന്നീട് നിര്‍ബന്ധിച്ച് ഇറക്കി വിട്ടതാണ്. നാലുമണി വരെ ഇവര്‍ക്ക് ഭക്ഷണം കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇതറിഞ്ഞ് അഞ്ചാം മൈല്‍ ഭാഗത്തുള്ള ആളുകളാണ് ഭക്ഷണം കൊണ്ടുകൊടുത്തത്. കഴിഞ്ഞ പ്രളയത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. പ്രളയം ബാധിച്ച എല്ലാ ആദിവാസികളെയും മാറ്റിത്താമസിപ്പിക്കാന്‍ സ്പെഷ്യല്‍ പാക്കേജ് കൊണ്ടുവരണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പ്രളയം ബാധിച്ച ആദിവാസി മേഖലയിലെ പത്താം ക്ലാസ് പാസായവര്‍ക്ക് സര്‍ക്കാര്‍ ജോലിയും കൊടുക്കണം. പുനരധിവസിപ്പിക്കുമ്പോള്‍ അവരുടെ
അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം’- അമ്മിണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ ആദിവാസികളില്‍ നല്ലൊരു ശതമാനവും വയനാട്ടിലാണ്. വയനാട്ടില്‍ തന്നെയാണ് പ്രളയവും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ചതും. റവന്യൂ വകുപ്പാണ് പ്രളയ ദുരിതാശ്വാസത്തെ ഏകോപിപ്പിക്കുന്നതും സഹായങ്ങള്‍ നല്‍കുന്നതും. എന്നാല്‍ ആദിവാസി മേഖലയിലെ പ്രകൃതി ദുരന്തങ്ങളുടെ ഉത്തരവാദിത്തം പട്ടികജാതി വകുപ്പ് ഏറ്റെടുക്കണമെന്നാണ് ആദിവാസി സംഘടനകളുടെ ആവശ്യമെന്ന് ആദിവാസി അവകാശ പ്രവര്‍ത്തകനും ആദിവാസി ഗോത്ര മഹാസഭയുടെ കണ്‍വീനറുമായ എം.ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘കഴിഞ്ഞ പ്രളയത്തില്‍ ചാലിഗദ്ദയില്‍ നാലുവീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത്തവണ 17 വീടുകള്‍ക്ക് നാശനഷ്ടമുണ്ട്. അതില്‍ എട്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് വാസയോഗ്യമല്ലാതെയായി. ഊരിനകത്ത് പുതിയ ചാലുപോലെ രൂപപ്പെട്ടു. എല്ലാവരുടെയും ഡ്രസ്സ്, പാത്രങ്ങള്‍ എല്ലാം പോയി. കുറുവാ ദ്വീപിനോട് ചേര്‍ന്നുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. പുഴയുടെ കരയില്‍ എല്ലാം ആഗാതമായ കുഴികള്‍ രൂപപ്പെട്ടു. ഈ ചാലുകള്‍ നികത്തണമെങ്കില്‍ ടണ്‍ കണക്കിന് മണ്ണ് വേണം. കോടിക്കണക്കിനു രൂപയുടെ പദ്ധതി വേണം’- ഗീതാനന്ദന്‍ പറയുന്നു.
‘അടുത്ത മഴക്കാലത്തോടെ ചാലിഗദ്ദ പൂര്‍ണമായും ഇല്ലാതെയാവും. അവിടെ നിന്നും മാറിത്താമസിക്കണം എന്നാണ് എല്ലാവരുടെയും ആവശ്യം. കൃഷി സ്ഥലങ്ങള്‍ പൂര്‍ണമായും പോയി. പശു, ആട്, കോഴി എല്ലാം പോയി. പടമല ഭാഗത്തുള്ള കാട്ടിലോ അതിന്റെ ട്രഞ്ച് ഏരിയയിലോ താമസിച്ചവരാണ് ഇവര്‍. വേട്ടക്കുറുമര്‍ അതിന്റെ നേരെ എതിര്‍വശത്തുള്ള മുള്ളന്തറ കാട്ടില്‍ താമസിച്ചവരാണ്. പണ്ട് പഴശ്ശിയുടെ പടയോട്ടമൊക്കെ ഉണ്ടായ മേഖലയാണ്. അങ്ങനെയാണ് പടമല എന്ന് പേരുവന്നത് എന്നാണ് പറയപ്പെടുന്നത്. അതുപോലെ വാകേരി തലക്കല്‍ ചന്തുവിന്റെ സ്ഥലമാണ്. അതിനോട് ചേര്‍ന്നുള്ള സ്ഥലമാണ് തയ്യന്തൊടി. അപ്പോള്‍ ആ കാലഘട്ടത്തിലൊക്കെ പൂര്‍ണമായും വനമായിരുന്നു അത്. പിന്നീട് കുടിയേറ്റക്കാര്‍ വന്നു ഇവര്‍ വനത്തില്‍ നിന്നും താഴെയിറങ്ങി പുഴയോരങ്ങളില്‍ താമസിക്കാന്‍ തുടങ്ങി എന്നാണ് അവരുടെ ചരിത്രം. ഇത് അവര്‍ പറയുന്ന ചരിത്രമാണ്.
മുട്ടങ്കരയിലും വെള്ളം കയറിയിരുന്നു. അവിടെ എട്ടു കുടുംബങ്ങളാണ്. പടമല ഭാഗത്തെ മുള്ളന്തറയില്‍ പ്രളയം ബാധിച്ചിട്ടില്ല. എന്നാലും വെള്ളപ്പൊക്കങ്ങള്‍ കൃഷിയെ തകര്‍ത്തതിനാല്‍ അവിടെ നിന്നും മാറണം എന്നാണ് ഇവരും പറയുന്നത്. ചെമ്മാട് പുഴയില്‍ വളവില്‍ ബണ്ട് നിര്‍മ്മിച്ചത് പ്രളയം ബാധിക്കാന്‍ കൂടുതല്‍ കാരണമാക്കി. അതുകൊണ്ടാണ് ചാലിഗദ്ദയില്‍ ദുരന്തം ഇരട്ടിപ്പിച്ചത്.’- ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘മറ്റൊന്ന്, ആദിവാസികളുടെ വിഷയം പുനരധിവാസത്തില്‍ പ്രത്യേകം പരിഗണിക്കപ്പെടുന്നില്ല. പ്രത്യേകിച്ച് പ്രളയം പോലൊരു ദുരന്തത്തില്‍. പ്രളയം ആണെങ്കിലും ഉരുള്‍പ്പൊട്ടലാണെങ്കിലും അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആദിവാസികളെ പോലുള്ള സമൂഹങ്ങളെയാണ്. ആ ഒരു മനസ്സിലാക്കല്‍ സര്‍ക്കാറിനില്ല. അതുകൊണ്ട് തന്നെ പ്രത്യേക സംവിധാനമില്ല. അതുകൊണ്ട് ട്രൈബല്‍ വകുപ്പ് ഇവരുടെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏട്ടെടുക്കണം. അത് റവന്യൂ വകുപ്പിനെ ഏല്‍പ്പിക്കാതെ ട്രൈബല്‍ റീ സെറ്റില്‍മെന്റ്റ് ഡെവലപ്പ്മെന്റ് മിഷന്‍ എന്ന 2001ല്‍ നിലവില്‍ വന്ന സംവിധാനം ശക്തിപ്പെടുത്തി അതില്‍ ഉള്‍പ്പെടുത്തണം.
മുട്ടിലില്‍ ഉരുല്‍പ്പൊട്ടലുണ്ടായി ആളുകള്‍ മരിച്ചു, നരസിപ്പുഴ ഉണ്ടാക്കുന്ന അപകടം മൂന്നു സെറ്റില്‍മെന്റുകളെ ബാധിച്ചു. ഐ.ടി.ഡി.പിക്കാര്‍ ഇവിടെ തിരിഞ്ഞു നോക്കുന്നില്ല. പിന്നെ ഇത്തവണ ക്യാമ്പില്‍ വന്നവരാരും തിരിച്ചു വീടുകളിലേയ്ക്ക് പോകാന്‍ താല്‍പ്പര്യപ്പെടുന്നില്ല. പലരെയും നിര്‍ബന്ധപൂര്‍വമാണ് ഇറക്കി വിട്ടത്. ക്യാമ്പുകളുടെ എണ്ണം കുറയ്ക്കുക എന്ന സര്‍ക്കാരിന്റെ നയം കാരണമാണത്.’- ഗീതാനന്ദന്‍ പറയുന്നു.
ഇനി ഒരു പ്രളയത്തെകൂടി നേരിടാനുള്ള ഉയിരും കരുത്തും ചാലിഗദ്ദക്കാര്‍ക്കില്ല. അതുകൊണ്ട് എത്രയും വേഗം ശാശ്വത പുനരധിവാസ പദ്ധതിയാണ് ഇവരുടെ ആവശ്യം. ചാലിഗദ്ദയെ കൂടാതെ വെള്ളമുയര്‍ന്നാല്‍ ദുരന്തഭൂമിയാവുന്ന നൂല്‍പ്പുഴയിലെ കാക്കത്തോട്, ചാടകപ്പുര, പുഴങ്കുനി, മോട്ടോര്‍ കൊല്ലി, ചെമ്മാട്, പനമരം പരക്കുനി, കോട്ടത്തറയിലെ പൊയില്‍ തുടങ്ങി നിരവധി കോളനികളിലുള്ളവരെ ഭൂമി നല്‍കി പുനരധിവസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. കബനി, നരസിപ്പുഴ, നൂല്‍പ്പുഴ തുടങ്ങിയ ചെറുതും വലുതുമായ പുഴ തീരങ്ങളിലുള്ളവയാണ് ഈ കോളനികളിലേറെയും.
2014-ല്‍ പ്രഖ്യാപിക്കപ്പെട്ട മുത്തങ്ങ പാക്കേജില്‍ നൂറോളം കുടുംബങ്ങള്‍ക്ക് മാത്രമെ ഭൂമി കിട്ടിയിട്ടുള്ളൂ. കൈവശ രേഖ നല്‍കിയവര്‍ക്ക് ഭവന പദ്ധതിയോ മറ്റു പുനരധിവാസ സഹായങ്ങളോ നല്‍കിയിട്ടില്ല. അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ഭൂമി 2014-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഈ ഭൂമിയില്‍ പ്രളയബാധിതരെയും മുത്തങ്ങ ഇരകളെയും പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. 540 കോടി രൂപ വില കണക്കാക്കി 19000 ഏക്കര്‍ വനഭൂമി ഭൂരഹിതരായുള്ളവര്‍ക്ക് പതിച്ചു നല്‍കാന്‍ വേണ്ടി മാത്രമുള്ളതാണ്. അത് അവര്‍ക്ക് നല്‍കേണ്ടതുണ്ട്. ദുരന്തങ്ങളുടെ വെള്ളപ്പാച്ചിലില്‍ ഇനി മുങ്ങിത്താഴാനുള്ള ഉയിര്‍ ഇവര്‍ക്ക് ബാക്കിയില്ല. സര്‍ക്കാര്‍ കനിയണം. ഒരു ജനതയുടെ അഭ്യര്‍ഥനയാണ്. അവരുടെ അവകാശമാണ്.