| Saturday, 23rd July 2016, 2:57 pm

കബാലി റിയലിസ്റ്റിക്കാണ്, രജനികാന്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

രജനിയുടെ മിക്ക മുന്‍ ചിത്രങ്ങളും വച്ചു നോക്കുമ്പോള്‍ താരം മണ്ണിലിറങ്ങിയ അനുഭൂതി അനുഭവപ്പെടുത്തുകയാണ് “കബാലി”. അതിമാനുഷികത്വം ഒട്ടൊക്കെ തൊട്ടുതീണ്ടിയുട്ടുണ്ടെങ്കിലും അമാനുഷികത്വം തെല്ലുമില്ല കബാലീശ്വരന്‍ എന്ന അധോലോക നേതാവായ നായകന്.



ഫിലിം റിവ്യൂ: സൂരജ് കെ.ആര്‍


ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★★☆☆☆

ചിത്രം: കബാലി
സംവിധാനം: പാ രഞ്ജിത്ത്
നിര്‍മ്മാണം: കലൈപ്പുള്ളി എസ് തനു
ഛായാഗ്രഹണം: ജി മുരളി
എഡിറ്റിങ്: പ്രവീണ്‍ കെ എല്‍
സംഗീതം: സന്തോഷ് നാരായണന്‍
അഭിനേതാക്കള്‍: രജനികാന്ത്, രാധിക ആപ്‌തേ, ധന്‍സിക, കിഷോര്‍ തുടങ്ങിയവര്‍.

ഒരു രജനി ചിത്രം എന്ന പേരിലാണ് “കബാലി” വാര്‍ത്ത സൃഷ്ടിച്ചതും ആളെക്കൂട്ടിയതും മാര്‍ക്കറ്റ് ചെയ്യപ്പെട്ടതും. എന്നാല്‍ നടപ്പിലും എടുപ്പിലും രജനി എന്ന താരത്തെ ഉപയോഗിക്കുന്നു എന്നതൊഴിച്ചാല്‍ പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ “കബാലി” ഒരു രജനി ചിത്രമേ അല്ല.

അതിമാനുഷികവും, പലപ്പോഴും അമാനുഷികവുമായ ചെയ്തികളായിരുന്നു രജനികാന്ത് എന്ന നടന്റെ താരമാമാങ്കമായ സിനിമകള്‍ കൊണ്ടാടിയത്. യാഥാര്‍ത്ഥ്യവുമായി കാതങ്ങള്‍ അകലെയുള്ള രംഗങ്ങളായിരുന്നു അവയില്‍ പലതും. അതുകൊണ്ടുതന്നെയാണ് കാലം മാറിയപ്പോള്‍ അത്തരം ചിത്രങ്ങള്‍ക്ക് സ്വീകാര്യത കുറഞ്ഞതും, റിയലിസ്റ്റിക് സിനിമകളുടെ കാലത്ത് അവ വിമര്‍ശിക്കപ്പെടുന്നതും.

എന്നാല്‍ രജനിയെ സംബന്ധിച്ചിടത്തോളം “കബാലി” ഒരു റിയലിസ്റ്റിക് സിനിമയാണ്. നമ്മുടെ “കമ്മട്ടിപ്പാടവും”, ആക്ഷന്‍ “ഹീറോ ബിജുവും” പോലുള്ള റിയലിസം പക്ഷേ പ്രതീക്ഷിക്കരുത്. രജനിയുടെ മിക്ക മുന്‍ ചിത്രങ്ങളും വച്ചു നോക്കുമ്പോള്‍ താരം മണ്ണിലിറങ്ങിയ അനുഭൂതി അനുഭവപ്പെടുത്തുകയാണ് “കബാലി”. അതിമാനുഷികത്വം ഒട്ടൊക്കെ തൊട്ടുതീണ്ടിയുട്ടുണ്ടെങ്കിലും അമാനുഷികത്വം തെല്ലുമില്ല കബാലീശ്വരന്‍ എന്ന അധോലോക നേതാവായ നായകന്.

മലേഷ്യന്‍ ജയിലില്‍ നിന്നും 25 വര്‍ഷം നീണ്ട തടവിനു ശേഷം സ്വതന്ത്രനാകുകയാണ് 60 വയസ്സുകാരനായ കബാലീശ്വരന്‍. കയ്പു നിറഞ്ഞ ഒരുപിടി അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള അയാള്‍ക്ക് ബന്ധുക്കളെല്ലാം പണ്ടേ നഷ്ടപ്പെട്ടതാണ്. തന്റെ എല്ലാമെല്ലാമായ കുടുംബത്തെ ഇല്ലാതാക്കിയവരോടുള്ള അടങ്ങാത്ത രോഷം അഗ്നി പര്‍വതം പോലെ ഉള്ളില്‍ പുകയുന്ന മനുഷ്യനായാണ് പുറമെ സൗമ്യനായ കബാലി രംഗപ്രവേശം ചെയ്യുന്നത്.

മാസ് എന്നതിനു പകരം ക്ലാസ് ആയാണ് കബാലിയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍. ആറു പതിറ്റാണ്ടു പിന്നിട്ടെങ്കിലും ആനക്കരുത്തോടെ രജനി എന്ന താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് വ്യക്തമാക്കുന്നതാണ് ഇന്‍ട്രോയും തുടര്‍ന്നുളള രംഗങ്ങളും.

ഞെിപ്പിക്കുന്ന ട്വിസ്റ്റുകളോ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളോ കൊണ്ട് പൊടിപടലം തീര്‍ക്കുന്നതിനു പകരം തന്റെ ഓരോ ശത്രുക്കളുടെയും ഭൂതകാലചെയ്തികള്‍ക്ക് കണക്ക് തീര്‍ക്കുന്ന കബാലീശ്വരനെയാണ് പാ രഞ്ജിത്ത് അവതരിപ്പിക്കുന്നത്.

ചടുല രംഗങ്ങള്‍ ഉണ്ടെടെങ്കിലും, സിനിമയ്ക്കാകെ വിഷാദഛായയിലൂന്നിയ ഒരു ട്രീറ്റ്‌മെന്റ് നല്‍കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്. തോക്കിനും, മാസ് ഡയലോഗിനുമപ്പുറം അധോലോകനേതാവിനു പോലും മനസ്സ് എന്നൊരു കാര്യമുണ്ടെന്ന് പല ചലച്ചിത്രകാരന്മാരും മറന്നിടത്തേയ്ക്കാണ് പാ രഞ്ജിത്തിന്റെ “കബാലി “നടന്നുകയറുന്നത്.

കൈവിട്ട കുടുംബവും, സുഹൃത്തുക്കളുമെല്ലാം “കബാലി”യെ ഇന്നും അസ്വസ്ഥനാക്കുന്നുണ്ട്. ഭൂതകാലം ഇടയ്ക്കിടെ മനസ്സിലേയ്ക്ക് തികട്ടി വരുന്നതും അതിനാലാണ്. മുമ്പ് തന്റെ സഹചാരികളായ പലരും പിന്നീട് ശത്രുക്കളാകുകയും, ഇന്ന് മലേഷ്യന്‍ അധോലോകത്തിലെ വമ്പന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇവരോടുള്ള പകയ്ക്കിടയിലും മനസ്സിന്റെ വ്യഥ അനുഭവിക്കുന്ന കബാലീശ്വരന്‍ തമിഴ് സിനിമയ്ക്ക് ചിരപരിചിതനായ കഥാപാത്രമല്ല. അതുകൊണ്ടുതന്നെയാണ് ഇതൊരു വ്യത്യസ്തമായ രജനി ചിത്രമാകുന്നതും.

പറഞ്ഞുപഴകിയ കഥയുടെ ആവര്‍ത്തനമാണ് “കബാലി”യുടെ ജീവിതവും എന്ന പോരായ്മയെ തള്ളിക്കളയാനാകില്ല. അങ്ങനെ നോക്കുമ്പോള്‍ തിരക്കഥാ രചനയുടെ ശൈലിയില്‍ ഈയിടെ പുറത്തിറങ്ങിയ ഗൗതം മേനോന്‍ ചിത്രം “എന്നൈ അറിന്താലു”മായി “കബാലി” സാമ്യം പുലര്‍ത്തുന്നുണ്ട്.

അധോലോക നായകന്റെ ആട്ടക്കലാശമാണ് പൊതുവെ പറയുന്നതെങ്കില്‍ അതിനൊപ്പം നായകന്റെ അന്തഃസംഘര്‍ഷവും വരച്ചുകാട്ടുന്നു എന്നയിടത്താണ് “കബാലി” പ്രസക്തി നേടുന്നത്. അതിനാല്‍ത്തന്നെ “രജനിപ്പടം” പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് നിരാശയാകും “കബാലി”യും അദ്ദേഹത്തിന്റെ അധോലോകവും.

കഥ പറച്ചിലില്‍ രാഷ്ട്രീയം കലര്‍ത്തിയ സംവിധായകന്‍, “മദ്രാസ്” എന്ന ചിത്രത്തിലെ പോലെ തന്നെ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട് “കബാലി”യിലും. കറുത്ത തൊലിയുള്ളവന്റെ അപകര്‍ഷതാബോധത്തെ കശക്കിയെറിയുന്ന “കബാലി”, മുണ്ടുടുത്ത ഗാന്ധിയെയും, കോട്ട് ധരിച്ച അംബേദ്കറെയും ശക്തമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏതു രാജ്യത്തു പോയാലും “ജാതി” എന്ന സാമൂഹിക തിന്മയെ കൈവിടാന്‍ മടിക്കുന്ന ദ്രാവിഡനെയും പരിഹസിക്കുന്നുണ്ട് ചിത്രം. ഒപ്പം വര്‍ഗ്ഗ സംഘര്‍ഷവും സംവിധായകന്‍ കയ്യടക്കത്തോടെ തിരക്കഥയ്‌ക്കൊപ്പം ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നു.

അഭിനയമികവില്‍ എല്ലാവരും മികച്ച പ്രകടനമാണ്. “ദളപതിയി”ല്‍ കണ്ട് പിന്നീടെപ്പോഴോ നാം മറന്ന രജനയിലെ നടനെ വെളിലാക്കുന്ന പ്രകടനമാണ് “കബാലി”യില്‍. കബാലിയുടെ ഭാര്യ കുമുദവല്ലിയായെത്തിയ രാധിക ആപ്‌തേ വിഷാദം നിറഞ്ഞ ഭാവത്തോടെ പ്രേക്ഷക മനസ്സിലും വേദന തീര്‍ക്കുന്നുണ്ട്. ധന്‍സികയ എന്ന നടി അവതരിപ്പിച്ച യോഗി എന്ന കഥാപാത്രവും നന്നായി.

മികച്ച പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റേത്. സംവിധായകന്‍ ഉദ്ദേശിച്ചതെന്തോ അതിന്റെ പൂര്‍ണ്ണതയിലേയ്ക്ക് അടുപ്പിക്കാന്‍ സന്തോഷ് നാരായണന്റെ പശ്ചാത്തലസംഗീതം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഒരു പാട്ടും കൊള്ളാം. കബാലീശ്വരന്റെ അന്തഃസംഘര്‍ഷത്തെ പൂണ്ടു നില്‍ക്കുന്നുണ്ട് പശ്ചാത്തലസംഗീതം.

സിനിമാറ്റോഗ്രാഫി സിനിമയെ വേണ്ടവിധം ട്രീറ്റ് ചെയ്തിട്ടുണ്ട്. എഡിറ്റിങ് മികച്ചതാണ്.

കബാലീശ്വരന്റെ കൊലവിളി കാണാന്‍ കൊതിക്കാത്ത, രജനിയിലെ നടനെയും, ഒരല്‍പ്പം വ്യത്യസ്തതയെയും ഇഷ്ടപ്പെടുന്നവരെ നിരാശരാക്കില്ല കബാലി.

We use cookies to give you the best possible experience. Learn more