രജനീകാന്ത് ചിത്രം “കബാലി” ബോക്‌സ് ഓഫീസുകള്‍ തകര്‍ത്ത് മുന്നേറുമ്പോഴും ചിത്രം നേടിയ കളക്ഷന്‍ എത്രെയെന്ന് ആര്‍ക്കും പിടിയില്ലായിരുന്നു.
ചിത്രത്തിന്റെ വിജയാഘോഷം ഇന്നലെയായിരുന്നു ചെന്നൈയില്‍ നടന്നത്. ചെന്നൈ ലെ റോയല്‍ മെറിഡിയനില്‍ നടന്ന പരിപാടിയില്‍ സംവിധായകന്‍ പാ.രഞ്ജിത്ത്, നിര്‍മ്മാതാവ് കലൈപുലി.എസ്.താണു, ഗായിക ശ്വേതാ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. .
ജൂലൈ 22നാണ് “കബാലി” റിലീസ് ചെയ്തത്. 110 കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍മുടക്ക്. എന്നാല്‍ സിനിമയുടെ കളക്ഷന്‍ സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്.
പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ കണക്ക് പ്രകാരം ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആറ് ദിവസംകൊണ്ട് 320 കോടി രൂപ നേടിയിട്ടുണ്ട്.
ചിത്രം റിലീസിന് മുന്‍പ് തന്നെ 223 കോടി നേടിയിരുന്നു. സാറ്റലൈറ്റ് റൈറ്റ്, മ്യൂസിക് റൈറ്റ്, വിവിധ സംസ്ഥാനങ്ങളിലെ വിതരണാവകാശം എല്ലാംകൂടി ചേര്‍ത്തുള്ള തുകയായിരുന്നു ഇത്.
യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ “കബാലി” റിലീസിനെത്തിയിരുന്നു. ബെല്‍ജിയം, ബോട്‌സ്വാന, ബ്രൂണെ, കോംഗോ, എത്യോപ്യ, ഘാന, കെനിയ, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കബാലി എത്തിയിരുന്നു.