കഅ്ബ ആരു കഴുകിയാലെന്താ തങ്ങളേ?
Daily News
കഅ്ബ ആരു കഴുകിയാലെന്താ തങ്ങളേ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2016, 9:28 pm

കഅബ കഴുകുന്നത് പോലുള്ള അതീവ നിസ്സാരമായ കാര്യങ്ങള്‍ വമ്പിച്ച വാര്‍ത്താ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. ആഗോള തലത്തില്‍ മുസ്‌ലിംങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അതിനൊന്നും പരിഹാരം തേടാതെ പള്ളി കഴുകിയും അവിടെ ആകാശം മുട്ടുന്ന ടവറുകള്‍ ഉണ്ടാക്കിയും ഇസ്‌ലാമിനെ സംരക്ഷിക്കുന്നതായാണ് ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നത്.


സൗദി അറേബ്യയിലെ അല്‍ ഖോബാറിലെ ഒരു റോഡിന്റെ പേരാണ് “custodian of two holy mosques road” അഥവാ “തിരുഗേഹങ്ങളുടെ കൈവശാവകാശക്കാരന്‍” റോഡ്.  കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും അതിന് പിന്നിലുള്ള ഗൂഢ ലക്ഷ്യങ്ങള്‍ തമാശയല്ല. എല്ലാ എതിര്‍ ശബ്ദങ്ങളേയും അടിച്ചമര്‍ത്തി പൊതു സമ്പത്ത് കൊള്ളയടിക്കുന്ന രാജ കുടുംബത്തിന്റെ തേര്‍വാഴ്ചക്ക് മറയിടാനും ഇസ്‌ലാമിന്റെ കാവല്‍ മാലാഖമാരായി ചിത്രീകരിക്കാനുമുള്ള വളരെ വ്യവസ്ഥാപിതമായ സംവിധാനത്തിലെ ഒരു കണ്ണി മാത്രമാണ്  രാജാവിനെ വിശേഷിപ്പിക്കുന്ന “തിരുഗേഹങ്ങളുടെ കൈവശാവകാശക്കാര്‍” എന്ന സ്ഥാനപ്പേര്.

എപ്പോഴെല്ലാം ഭരണ രംഗത്ത് പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം വഹാബിസത്തെ കൂട്ടുപിടിച്ച് അതിനെ നേരിട്ടതാണ് അല്‍ സഊദ്  രാജകുടുംബത്തിന്റെയും സൗദിയുടേയും 1744 തൊട്ടുള്ള ചരിത്രം. അന്ന് തൊട്ട് ഇന്ന് വരെ അല്‍ സഊദ് കുടുംബത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളും വഹാബിസവും പരസ്പര പൂരകങ്ങളായി മാറി രണ്ട് പേരും നേട്ടം കൊയ്തപ്പോള്‍ ഈ (അ)സംബന്ധത്തിന്റെ പരിണിത ഫലമായി മുസ്‌ലിം ലോകത്തിന് കിട്ടിയത് ദുരിതങ്ങളുടെയും തകര്‍ച്ചയുടേയും കഥകളാണ്.

ഇറാന്‍ വിപ്ലവവും 79 ലെ അട്ടിമറി ശ്രമവും സൃഷ്ടിച്ച ഭീതിയില്‍  സ്വാഭാവികമായും വഹാബി വല്‍കരണം ഊര്‍ജിതമാക്കുക എന്ന ഇതേ തന്ത്രമായിരുന്നു അല്‍ സഊദ് രാജകുടുംബം സ്വീകരിച്ചത്. ബില്യണ്‍ കണക്കിന് ഡോളര്‍ വാരി വിതറി ലോകത്തിന്റെ നാനാഭാഗത്തേക്കും വഹാബിസം കയറ്റി അയച്ചതിന്റെ പരിണിത ഫലം ഇന്ന് ലോകം മുഴുവന്‍ അനുഭവിക്കുന്നുണ്ട്.

ഇസ്‌ലാമിക ലോകത്ത് നില നിന്നിരുന്ന സാംസ്‌കാരിക വൈവിധ്യവും പ്രാദേശിക വകഭേദങ്ങളും തകര്‍ക്കുന്ന രീതിയില്‍ ഏകശിലാരൂപത്തിലുള്ളതും ഹിംസാത്മകവുമായ വഹാബിസ്റ്റ് അക്ഷരാര്‍ത്ഥ വ്യാഖ്യാനങ്ങള്‍ സ്വീകാര്യത നേടി  തുടങ്ങി. ആടിനെ നോക്കുന്നതും ആളെ കൊല്ലുന്നതുമാണ് ഇസ്‌ലാമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം വളര്‍ന്നു വന്നു. എണ്‍പതുകളില്‍  അല്‍ സഊദ് കുടുംബത്തിലെ പ്രബല ചേരിയായ സുദൈരിയിലെ ഫഹദ് രാജാവ് വന്നതോടെയാണ് ഇതേറ്റവും ശക്തമായത്.

നൂറു കണക്കിന് പള്ളികളും ലക്ഷക്കണക്കിന് പുസ്തകങ്ങളും ഇത് പ്രചരിപ്പിക്കാനുള്ള മദ്രസാ സ്ഥാപനങ്ങളും ലോകത്തിന്റെ മുക്കിലും മൂലയിലും സ്ഥാപിക്കപ്പെട്ടു. മുസ്‌ലിം ലോകത്ത് അറിയപ്പെട്ടവര്‍ക്കെല്ലാം രാജാക്കന്‍മാരുടെ പേരിലുള്ള അവാര്‍ഡ് നല്‍കാനും ശ്രദ്ധിച്ചു. അതോടൊപ്പം വഹാബിസ്റ്റ് ആശയധാരയിലെ “ശുദ്ധ ഇസ് ലാമും” അതിന്റെ ” സംരക്ഷകരായ” അല്‍ സഊദ് കുടുംബവും പതുക്കെ ഇസ്‌ലാമിനെയും മുസ്‌ലിം ലോകത്തെയും പ്രതിനിധീകരിക്കുന്ന രീതിയിലേക്കുയര്‍ന്നു.

സൗദി കേവലമൊരു രാജ്യമെന്നതിലപ്പുറം പുണ്യഭൂമിയും ആരാധനാ കര്‍മങ്ങളുടെ കേന്ദ്രവും ആയി ചിത്രീകരിക്കല്‍ ഈ പ്രൊപ്പഗണ്ടയിലെ സുപ്രധാന ഘടകമാണ്. കഅബയും പ്രവാചകന്റെ മദീനയിലെ പള്ളിയും ഇതിലേറ്റവും നിര്‍ണായകവും. ഈ പ്രാധാനപ്പെട്ട രണ്ട് കേന്ദ്രങ്ങളുടേയും കൈവശാവകാശകര്‍ എന്ന നിലയില്‍ രാജാക്കന്‍മാരെ അവതരിപ്പിച്ചു തുടങ്ങിയതിന്റെ സാഹചര്യം ഇതാണ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് താടി, മുടി, പര്‍ദ, പള്ളി എന്നിവയില്‍ ഇസ്‌ലാമിക ചിന്തയെ ചുരുക്കിക്കെട്ടാന്‍ ഇവര്‍ക്ക്  സാധിച്ചപ്പോള്‍ ഇസ്‌ലാമിന്റെ ദാര്‍ശനിക, ബഹുസ്വര മുഖങ്ങള്‍ പുറത്തായി. ഖുര്‍ആന്റെ ലോക വീക്ഷണവും പ്രവാചകന്റെ വിപ്ലവകരമായ ജീവിത സന്ദേശവും പരിചയപ്പെടുത്തുന്നതിന് പകരം അബ്ബാസിയാ ഭരണാധികാരികളെ പോലുള്ളവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി രൂപപ്പെടുത്തിയെടുത്ത “ഇസ്‌ലാമിക മാതൃകകള്‍” പ്രചരിപ്പിച്ചു.

shihab-tangal

കഅബ കഴുകുന്നത് പോലുള്ള അതീവ നിസ്സാരമായ കാര്യങ്ങള്‍ വമ്പിച്ച വാര്‍ത്താ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നത് ബോധപൂര്‍വമാണ്. ആഗോള തലത്തില്‍ മുസ്‌ലിംങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അതിനൊന്നും പരിഹാരം തേടാതെ പള്ളി കഴുകിയും അവിടെ ആകാശം മുട്ടുന്ന ടവറുകള്‍ ഉണ്ടാക്കിയും ഇസ്‌ലാമിനെ സംരക്ഷിക്കുന്നതായാണ് ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നത്.

ആസൂത്രിതമായി നടക്കുന്ന ഈ തട്ടിപ്പിന്റെ ഒരു പങ്കു പറ്റാനാണ് കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കളുടെ ശ്രമം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഘോഷങ്ങളായി മാറിയ ഹജ്ജ്, ഉംറ യാത്രകള്‍ക്ക് വന്‍  യാത്രയപ്പുകളും സ്വീകരണവും ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ സംഘടനകളും നേതാക്കളുമുണ്ട്. ഹജ്ജ് സാധിക്കുന്നവര്‍ മാത്രം, അതും ജീവിതത്തില്‍ ഒറ്റ തവണ, ചെയ്യേണ്ടതാണെന്നാണ് വിശ്വാസമെങ്കിലും ആവര്‍ത്തിച്ചുള്ള ഹജ്ജും ഉംറയും അതിനോട് ബന്ധപ്പെട്ട ചടങ്ങുകളും സര്‍വ്വ സാധാരണമായി.

ഇതൊരു തരംഗമായപ്പോള്‍ ഇസ്‌ലാമിന്റെ ലാളിത്യവും സാര്‍വ ദേശീയതയും പ്രഖ്യാപിക്കുന്ന ഹജ്ജും ഉംറയും ആഢംബരത്തിനും പ്രകടനപരതക്കും വഴി മാറി. ഈ ലഹരി തങ്ങളുടെ സ്വാര്‍ത്ഥ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാണ് നേതാക്കളുടെ ശ്രമം.  അവര്‍ ഗ്രേഡനുസരിച്ച് കഅബക്ക് അകത്ത് കയറാനോ കഴുകാനോ ഒക്കെ അവസരമൊപ്പിച്ച് “നേതൃ പാടവം”  കാണിക്കുന്നു.

സമുദായത്തിന്റെ സൗദി / വഹാബി വല്‍കരണം ശക്തമായതോടെ എല്ലാ നേതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രസകരമായ കാര്യം  തുടക്കത്തില്‍ സൗദിയെയും വഹാബിസത്തേയും ശക്തമായി എതിര്‍ത്തിരുന്ന സുന്നി വിഭാഗങ്ങള്‍ പോലും രാജാക്കന്‍മാരുടേയും ശിങ്കിടികളുടേയും കൂടെയുള്ള സെല്‍ഫിക്കായി മല്‍സരിക്കുകയാണെന്നതാണ്.

ഇതിലവസാനത്തേതാണ് ഹൈദരലി തങ്ങളുടെ പേരിലുള്ള കഅബ കഴുകല്‍ വിവാദം. രാജ്യം മൊത്തത്തിലും മുസ്‌ലിം സമുദായം പ്രത്യേകിച്ചും ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. സംഘപരിവാര്‍ ഫാഷിസം സാധ്യമായ എല്ലാ രീതിയിലും മുസ്‌ലിംങ്ങളെയും ദളിതരെയും വേട്ടയാടുന്നു. കാമ്പസുകളില്‍ പോലും ഇവര്‍ക്ക് രക്ഷയില്ല. രാജ്യത്തെ ഏറ്റവും പ്രമുഖ കാമ്പസില്‍ നിന്ന് ഒരു മുസ്‌ലിം വിദ്യാര്‍ത്ഥിയെ കാണാതായിട്ട് 7 ദിവസം പിന്നിട്ടു.  ഇതിനെല്ലാം പുറമെ യു.എ.പി.എ ഭീകരത വേറെയും.

najeeb

രാജ്യത്തെ മുസ്‌ലിംങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയസാമ്പത്തികവിദ്യാഭ്യാസ ശക്തിയായ കേരള മുസ്‌ലിംങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയ/സാമുദായിക പാര്‍ട്ടികളുടെ എല്ലാമെല്ലാം വലിയ തങ്ങളും കുട്ടി തങ്ങമ്മാരുമാണ്. ഈ പ്രശ്‌നങ്ങളെ കുറിച്ചൊന്നും പക്ഷേ ഇവര്‍ക്ക് ഒന്നും പറയാനില്ല. ഉപ്പമാരും വല്ല്യുപ്പമാരും ചെയ്തതിന്റെ തഴമ്പ് കാണിക്കലല്ലാതെ ഒരിടപെടലും ഇവര്‍ നടത്താറുമില്ല.

ജാതി മത, രാഷ്ട്രീയ ഭേദമന്യേ ഈ വിഷയം ഉന്നയിക്കുന്നവരോട് ഇവര്‍ ഐക്യപ്പെടാറു പോലുമില്ല. വല്ലപ്പോഴും എന്തെങ്കിലും വഴിപാട് പ്രസ്താവനകളോ സമര നാടകങ്ങളോ നടത്തിയാലായി.  പകരം കഅബ കഴുകാനും പതിവ് കലാ പരിപാടികളായ ഊതലും ഉല്‍ഘാടനവുമായി നടക്കാനുമാണ് താല്‍പര്യം. ആഗോള മുസ്‌ലിങ്ങളുടെ കുത്തക ഏറ്റെടുത്ത്  സൗദി ചെയ്യുന്നത് കേരളത്തിലും ഇവര്‍ ചെയ്യുന്നു.

അങ്ങനെ സൗദി / വഹാബിസ്റ്റ് ഇസ്‌ലാമിന്റെ റീട്ടെയില്‍ ഏജന്റുമാരായി മാറുകയാണ് കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കളും അവരുടെ പ്രസിദ്ധീകരണങ്ങളും.  ഒരു ബക്കറ്റും ചൂലുമെടുത്ത് ആര്‍ക്കും  ചെയ്യാവുന്ന അതീവ നിസ്സാരമായ കാര്യത്തെ ഏറ്റവും വലിയ നേതൃ പാടവവും നേട്ടവുമായി അവതരിപ്പിക്കുന്ന അധപതനം ഗൗരവമാണ്. സംഘ് പരിവാര്‍ അജണ്ടകളുടെ കൊയ്ത്ത് ഭൂമിയാവും ഈ സാഹചര്യം.

അതേ സമയം മുസ്‌ലിം പള്ളികളുടെ സാമൂഹിക പ്രാധാന്യവും പ്രസക്തിയും പാടേ നിഷേധിച്ച് കേവല കെട്ടിടങ്ങള്‍ മാത്രമാക്കി ഇവരുടെ ചെയ്തികള്‍ മാറ്റുന്നുവെന്നതാണ് വലിയൊരു ദുരന്തം. ഇത്തരത്തില്‍ കഅ്ബയുടെ വാതിലില്‍ സ്വര്‍ണപ്പണി തീര്‍ത്തതും പ്രവാചകന്‍ മുന്നോട്ടുവെച്ച ആശയങ്ങളെ തകര്‍ത്തായിരുന്നു.

ഇസ്‌ലാമില്‍ കേവല ആരാധനാലയങ്ങള്‍ എന്നതിനപ്പുറം ഒരുപാട് ലക്ഷ്യങ്ങളുള്ള സാമൂഹിക സ്ഥാപനങ്ങളാണ് പള്ളികള്‍. വ്യക്തി കേന്ദ്രീകൃതമായ യാന്ത്രിക സമൂഹങ്ങള്‍ക്കുപരിയായി പരസ്പര ബന്ധത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഒരുദാത്ത സമുഹത്തെ വാര്‍ത്തെടുക്കാനുള്ള കളരികളാണ് ഇസ്‌ലാമിക വീക്ഷണത്തില്‍ പള്ളികള്‍.  കേവല സാമുദായിക താല്‍പര്യങ്ങള്‍ക്കപ്പുറം എല്ലാ വിഭാഗങ്ങളേയും ഉള്‍കൊണ്ടുള്ള “ഉമ്മത്ത്” എന്ന അതി വിശാല സങ്കല്‍പവുമായി  അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണത്.

ചരിത്രത്തിലെ ഏറ്റവും മാതൃകാപരമായ പള്ളി ആയിരുന്ന നബിയുടെ പള്ളി തൊട്ട് ഏതാനും പതിറ്റാണ്ടുകള്‍ മുമ്പ്  കേരളത്തില്‍ നിലവിലുണ്ടായിരുന്ന പള്ളികള്‍ വരെ പരിശോധിക്കുമ്പോള്‍ ഇസ്‌ലാമിക ചരിത്രം എന്നത് യഥാര്‍ത്ഥത്തില്‍ പള്ളികളുടെ ചരിത്രം കൂടിയാണെന്ന്  കാണാന്‍ പറ്റും. മക്കയില്‍ നിന്ന് കൊടിയ പീഢനവും അടിച്ചമര്‍ത്തലും നേരിട്ട പ്രവാചകനും കൂട്ടരും മദീനയിലെത്തിയപ്പോള്‍ വലിയൊരു വെല്ലുവിളിയായിരുന്നു അഭിമുഖീകരിക്കേണ്ടി വന്നത്. നാടും വീടും ഉപേക്ഷിച്ച് കൂടെ വന്ന ഒരു ദരിദ്ര ജനവിഭാഗം (മുഹാജിറുകള്‍), പരസ്പരം പോരടിക്കുന്ന മദീനാ നിവാസികള്‍, പിന്നെ  വ്യത്യസ്ത സമീപനവും ജീവിത വീക്ഷണവും പുലര്‍ത്തുന്ന ജൂതന്മാര്‍ എന്നിവരായിരുന്നു മദീനയില്‍ കാര്യമായി ഉണ്ടായിരുന്നത്.

അക്കാലത്ത് തീര്‍ത്തും അന്യമായിരുന്ന ചില ധാര്‍മിക, മൂല്യ സങ്കല്‍പങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു ജീവിത വീക്ഷണം ഇവര്‍ക്ക് പരിചയപ്പെടുത്തുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഈ ദൗത്യത്തിന് നബി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് പള്ളിയായിരുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും യാതൊരു വിധ തടസ്സവുമില്ലാതെ എപ്പോഴും വരാനും എന്ത് പ്രശ്‌നമുണ്ടെങ്കിലും പരിഹാരം തേടാനും സാധിക്കുന്ന സാമൂഹിക കേന്ദ്രമായിരുന്നു നബിയുടെ പള്ളി.

kaba

ഏറ്റവും ഗൗരവമുള്ള രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളും അതീവ നിസ്സാരമായ വൈയക്തിക പ്രശ്‌നങ്ങളും ഒരേ പോലെ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാവരേയും ഒരേ പോലെ കണ്ടത് കൊണ്ട് ആരെയും മാറ്റി നിര്‍ത്തുകയോ അവഗണിക്കുകയോ ചെയ്തില്ല. ദരിദ്രര്‍ക്കും വീടില്ലാത്തവര്‍ക്കും വകയില്ലാത്തവര്‍ക്കും പള്ളിയുടെ ഒരു ഭാഗത്ത് പ്രത്യേക സൗകര്യമൊരുക്കി(“അസ്ഹാബുല്‍ സുഫ” എന്നാണ് ഈ ഭാഗം അറിയപ്പെട്ടിരുന്നത്).

കുട്ടികള്‍ പള്ളിയിലെ സജീവ സാന്നിധ്യമായിരുന്നു. അമുസ്‌ലിംങ്ങളോട് യാതൊരു വിവേചനവും കാണിച്ചിരുന്നില്ല. അമുസ്‌ലിങ്ങള്‍ പല അവസരങ്ങളിലും ഈ പള്ളിയില്‍ വരികയും താമസിക്കുകയും ചെയ്തിരുന്നുവെന്ന് മാത്രമല്ല അവരുടെ ആരാധനാ കര്‍മങ്ങള്‍ നടത്താനുള്ള സ്വാതന്ത്രം പോലും ആസ്വദിച്ചിരുന്നതായി ചരിത്രത്തില്‍ കാണുന്നു. നജ്രാനില്‍ നിന്ന് വന്ന ക്രിസ്ത്യന്‍ സംഘത്തിന് ഇങ്ങനെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത കാര്യം ഒരുദാഹരണം.

നബിയുടെ ഈയൊരു വിശാലവും ഉദാരവുമായ സമീപനത്തിന്റെ ഗുണഫലം അനുഭവിച്ച വരില്‍ പള്ളിക്കകത്ത് പരസ്യമായി മൂത്രമൊഴിച്ച ഗ്രാമീണന്‍ തൊട്ട് മൃഗങ്ങള്‍ വരെ ഉണ്ടായിരുന്നുവെന്നും ഹദീസുകളില്‍ കാണാം. നിലവിലുള്ള ഏതെങ്കിലും ഒരു വിഭാഗത്തിനോടോ ഗോത്രത്തിനോടോ പ്രത്യേക ആഭിമുഖ്യം കാണിക്കാതിരിക്കാന്‍ വേണ്ടി ഇവരുടെ മേഖലകളില്‍ നിന്നും കൃത്യമായ അകലമുള്ള സ്ഥലമാണ് മദീനയിലെ പള്ളിക്ക് തിരഞ്ഞെടുത്തിരുന്നത് തന്നെ. പിന്നീട് മദീന എന്ന പട്ടണത്തിന്റെ വികസനവും അവിടെയുള്ള ജന ജീവിതവും രൂപപ്പെട്ട് വരുന്നത് തന്നെ ഈ പള്ളിയെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തി അതിന് ചുറ്റും വൃത്താകൃതിയില്‍ ആണെന്ന് കാണാം.

ഇത് പ്രവാചകന്റെ പള്ളിയുടെ കാര്യത്തില്‍ മാത്രമായി ഒതുങ്ങി നില്‍കുന്ന കാര്യവുമല്ല. ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന നഗരങ്ങളുടെ ചരിത്രം നോക്കുമ്പോള്‍ ന്യൂക്ലിയസ് പോലെ കേന്ദ്രമായി നില്‍ക്കുന്ന ഒരു പള്ളിയും  അതിനോട് ചുറ്റും വികസിക്കുന്ന നഗരങ്ങളും കാണാം. പേര്‍ഷ്യന്‍, ഒട്ടോമന്‍, സഫാവിദ്  സാമ്രാജ്യങ്ങളുടെ ചരിത്രം പറയുന്ന ഇങ്ങനെയുള്ള പള്ളികള്‍ ഇസ്‌ലാമിക രാജ്യങ്ങളിലെ നഗരങ്ങളില്‍ ഇപ്പോഴും പ്രധാന കാഴ്ച തന്നെ.

ഈ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വൈജ്ഞാനിക മുന്നേറ്റങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ഏടുകള്‍. ഈയടുത്ത് ഇസ്‌ലാമിക ചരിത്രത്തിലെ വനിതാ ഹദീസ് പണ്ഡിതകളെ കുറിച്ച് ഗവേഷണം നടത്തിയ  മുഹമ്മദ് അക്രം നദ്വി തന്റെ പുസ്തകത്തില്‍ പറയുന്നത് തനിക്ക് 8000 ഓളം വനിതകളെ ഇങ്ങനെ ചരിത്രത്തില്‍ കണ്ടെത്താന്‍ സാധിച്ചെന്നാണ്.

old-mosque

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ കാലഘട്ടങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച്  നടന്ന സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ആഴവും വിശാലതയും മനസ്സിലാക്കണമെങ്കില്‍ ആയിഷയും അലിയും ഇരുപക്ഷത്തായി നിന്ന് നയിച്ച ജമല്‍ യുദ്ധങ്ങളെ കുറിച്ചുള്ള ഹദീസ്/ചരിത്ര പുസ്തകങ്ങള്‍ നോക്കിയാല്‍ മതി.

ഇരുപക്ഷത്തിന്റെയും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള കാമ്പയിനിങ്ങില്‍ തല നാരിഴ കീറിയുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് വന്നത്. ഒരവസരത്തില്‍ ഖുറൈശികളില്‍ മാത്രമായി അധികാരം ഒതുങ്ങിയതിനെ കുറിച്ചുള്ള ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ കുറിച്ച് ഇമാം തബ്‌റിയുടെ പുസ്തകങ്ങളില്‍ കാണാം.

ഇനി കേരളത്തിലേക്ക് വന്നാലും ആദ്യ കാലത്ത് സംഗതി ഇത്ര മോശമല്ലായിരുന്നുവെന്ന് കാണാം. മലബാര്‍ കലാപങ്ങളില്‍ പഠനം നടത്തിയ ഇംഗ്ലീഷ് ചരിത്രകാരന്മാരെല്ലാം മാപ്പിളമാര്‍ക്കിടയില്‍ നിന്ന് (മാത്രമായി) അക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിനും അവരുടെ മൂട് താങ്ങികളായിരുന്ന ജന്മിമാര്‍ക്കുമെതിരെ പ്രക്ഷോഭം ഉയര്‍ന്നുവന്നതിന്റെ കാരണങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്.

മാപ്പിളമാരുടെ  സാമൂഹിക, രാഷ്ട്രീയ വ്യവഹാരങ്ങളും ചിന്തകളും രൂപപ്പെടുത്തിയെടുക്കുന്നതില്‍ പള്ളികള്‍ വഹിച്ച നിര്‍ണായക പങ്കാണ് അവരൊക്കെ എടുത്തു പറയുന്ന ഒരു കാര്യം.അപ്പോള്‍ ഇതാണ് പള്ളികളുടെ അതി വിശാലമായ മാനവികതയുടേയും സാമൂഹിക വീക്ഷണത്തിന്റെയും ചരിത്രം. ആരെയും മാറ്റി നിര്‍ത്താതെ എല്ലാ സമയത്തും എല്ലാവര്‍ക്കും കയറി വരാന്‍ പറ്റുന്ന സാമൂഹിക കേന്ദ്രങ്ങളായിരുന്ന നബിയുടെ പള്ളികളില്‍ നിന്ന് ഇന്നുള്ള പള്ളികളിലേക്കുള്ള ദൂരം വളരെ കൂടുതലാണ്.

സാക്ഷരതയിലും സമ്പന്നതയിലുമെല്ലാം മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ മുസ്‌ലിം പള്ളികള്‍ ഇന്ന് കേവലം നമസ്‌കാര സ്ഥലങ്ങള്‍ മാത്രമായി മാറി. പരമാവധി ആളുകളെ അകറ്റി നിര്‍ത്തുന്ന രീതിയിലാണ് പള്ളികളുടെ ഘടനയും പ്രവര്‍ത്തന രീതികളുമെല്ലാം. പെണ്ണുങ്ങളുടെ സ്ഥാനം
ഏതോ ഒരു മൂലയില്‍ ( മിക്കവാറും ഇമാമിനെയോ ആണുങ്ങളെയോ കാണാന്‍ പോലും പറ്റാത്ത രീതിയില്‍ ) ആയിരിക്കും.

പള്ളി കേന്ദ്രമായി തത്വ ചിന്ത മുതല്‍ കര്‍മശാസ്ത്രം വരെയുള്ള വിഷയങ്ങളില്‍ നൂറുകണക്കിന് ഹദീസുകള്‍ പഠിപ്പിച്ച ആയിശ ബീവിയുടെയുടെയും ഏഴാം നൂറ്റാണ്ടില്‍ ഡമാസ്‌കസിലെ ഖലീഫയെ വരെ പള്ളിയില്‍ വെച്ച് ആണുങ്ങളോടൊപ്പം ഇരുന്ന് ഹദീസ് പഠിപ്പിച്ച ഉമ്മുല്‍ ദര്‍ദയുടെയും ചരിത്രം ഇന്നാരും ഓര്‍ക്കുക പോലുമില്ല. ഏറ്റവും മഹത്വമേറിയ പള്ളിയായ മക്കയിലെ മസ്ജിദുല്‍ ഹറമിലെ നമസ്‌കാരവും കഅബക്കു ചുറ്റുമുള്ള വലയം വെക്കല്‍ അടക്കം എല്ലാറ്റിലും ആണും പെണ്ണും ഒരുമിച്ചാണ് ചെയ്യുന്നതെന്നതും ഇവര്‍ ബോധപൂര്‍വ്വം അവഗണിക്കുന്നു.

ഇന്ന് അമുസ്‌ലിങ്ങള്‍ ആരും പള്ളിയില്‍ വരുന്നില്ല. കഅബയുടെ പരിസരത്തേക്കൊന്നും മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനം പോലുമില്ല. വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത അഗതികളൊന്നും ഇന്ന് പള്ളികളെ അവരുടെ ആശാ കേന്ദ്രമായി കാണുന്നേ ഇല്ല. നമസ്‌കാരത്തിന് വേണ്ടി ഒരു ചെറിയ വിഭാഗം ഉപയോഗിക്കുന്ന കേവല “നമസ്‌കാര സ്ഥലങ്ങള്‍” മാത്രമാണ് ഇന്നത്തെ മുസ്‌ലിം പള്ളികള്‍. ഗുണത്തില്‍ പിന്നോക്കം പോയെങ്കിലും എണ്ണം കൂട്ടാന്‍ വന്‍ മല്‍സരമാണ്.  ഈ മല്‍സരത്തിന് നേതൃത്വം നല്‍കുന്നവരാണ് ഇപ്പോള്‍ കഅബ കഴുകാന്‍ ഓടി നടക്കുന്ന തങ്ങള്‍മാരും മറ്റു നേതാക്കളുമെല്ലാം.

പാശ്ചാത്യ നാടുകളിലൊക്കെ കൂടുതല്‍ തുറന്ന മനസ്സോടും വാതിലുകളോടും കൂടിയ “കമ്മ്യൂണിറ്റി സെന്ററുകള്‍” എന്ന ആശയത്തിലേക്ക് പള്ളികള്‍ മാറുമ്പോഴും ഇവിടെ മാറുന്നില്ല. ഉള്ളത് ഒറ്റപ്പെട്ട അപവാദങ്ങള്‍ മാത്രം.
പ്രവാചകനോടോ അദ്ദേഹത്തിന്റെ സന്ദേശങ്ങളോടോ ഏതെങ്കിലും രീതിയില്‍ സ്‌നേഹമുണ്ടെങ്കില്‍ ചെയ്യേണ്ടത് ആ മഹത്തായ മാതൃക ഇവിടെയുള്ള പള്ളികളിലും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്.

പെണ്ണുങ്ങളെ പള്ളിയില്‍ നിന്നും അവ ഭരിക്കുന്ന കമ്മിറ്റികളില്‍ നിന്നും  മാറ്റിനിര്‍ത്തുകയോ രണ്ടാം കിട പൗരന്‍മാരായി മാത്രം കാണുകയോ ചെയ്യുന്ന സമീപനം മാറ്റാനാണ് നോക്കേണ്ടത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പള്ളികളുടെ ഖാദിയായ ഹൈദരലി തങ്ങള്‍ക്ക് മറ്റാരെക്കാളും കൂടുതല്‍ ഉത്തരവാദിത്വം ഇക്കാര്യത്തിലുണ്ട്.  മനസ്സുണ്ടെങ്കില്‍ കഅബ കഴുകാന്‍ വേണ്ടി ഓടുന്ന സമയത്ത്  ഇവിടെയിരുന്ന് ഇതിനൊക്കെ നേതൃത്വം  നല്‍കാവുന്നതുമാണ്.

ഈ വക ചിന്തകളോടൊക്കെ പുറം തിരിഞ്ഞു നിന്ന് ആളുകളുടെ കണ്ണില്‍ പൊടിയിടാനായി കഅബ കഴുകാന്‍ നടന്നത് കൊണ്ടൊന്നും കാര്യമില്ല.  അവിടയുള്ള രാജാക്കന്‍മാരെ ഓടിച്ച പോലെ ഇവിടെയുള്ള സമുദായ നേതാക്കന്‍മാരെന്നവകാശപ്പെടുന്ന കോമാളിക്കൂട്ടങ്ങളെയും ഗതി കെട്ട മുസ്ലിങ്ങള്‍ അടിച്ചോടിക്കുന്ന ഒരു “മുസ്‌ലിം വസന്തം” വരുമെന്നാണ് സോഷ്യല്‍ മീഡിയയിലും കാമ്പസിലും തെരുവുകളിലും നിറഞ്ഞു നില്‍ക്കുന്ന മുസ്‌ലിം യുവത്വം നല്‍കുന്ന സൂചന. ബെന്‍ അലിക്ക് പിന്‍തുടര്‍ച്ചക്കാരായി കൂടുതല്‍ പേരുണ്ടാവുമെന്നാണ് ഇവരുടെ പോരാട്ടങ്ങള്‍ നമ്മോട് പറയുന്നത്.