ആകാംക്ഷ ഒളിപ്പിച്ച് കാതൽ, മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്
Film News
ആകാംക്ഷ ഒളിപ്പിച്ച് കാതൽ, മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th November 2023, 8:02 am

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബി ഒരുക്കുന്ന കാതൽ ദി കോർ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. വർഷങ്ങൾക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രഖ്യാപനം മുതൽ തന്നെ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കാതൽ. എപ്പോഴും വ്യത്യസ്ത സിനിമകൾ സമ്മാനിച്ചിട്ടുള്ള മമ്മൂട്ടി കമ്പനി ഒരുക്കുന്ന അടുത്ത ചിത്രമാണ് കാതൽ ദി കോർ.

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയുന്നത്. പേരിൽ നിന്ന് വ്യത്യസ്തമായ കഥാപരിസരമാണ് ട്രെയ്ലറിൽ കാണാൻ കഴിയുന്നത്. പ്രകടനം കൊണ്ട് മമ്മൂട്ടി വീണ്ടും മലയാളികളെ അത്ഭുതപെടുത്തുമെന്ന് വ്യക്തമാണ്. ട്രെയ്ലറിൽ മമ്മൂട്ടി കഥാപാത്രം പറയുന്നത്, താൻ ആരോടും അധികം സംസാരിക്കാത്ത ഒരാളാണ് എന്നാണ്.

ഒരു ഇലക്ഷനുമായി ബന്ധപെട്ടുള്ള സംഭവങ്ങൾ ട്രെയ്ലറിൽ കാണിക്കുന്നുണ്ട്. കാണുന്ന പ്രേക്ഷകന് ആകാംക്ഷ തോന്നുന്ന ട്രെയ്‌ലർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്.

ആദർശ് സുകുമാരനും പോൾസൺ സക്കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ.
നവംബർ 23 മുതൽ തീയേറ്ററുകളിൽ എത്തുന്ന കാതൽ ദി കോറിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സാലു കെ. തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.

കണ്ണൂർ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ഈ വർഷത്തെ ഐ.എഫ്.എഫ്.കെ യിൽ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുമെന്ന് നേരത്ത വാർത്ത വന്നിരുന്നു. കാതൽ ദി കോറിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Content Highlight: Kaathal The Core Movie Trailer Released