| Friday, 24th November 2023, 4:50 pm

കാലം കാത്തിരുന്ന കാതല്‍

അനശ്വരത്ത് ശാരദ

സിനിമ സമൂഹത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന പ്രതീക്ഷയുടെ ഉല്‍പന്നമാണ് ജിയോ ബേബിയുടെ സിനിമകള്‍. അത്തരം നിഗമനങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍,ഫ്രീഡം ഫൈറ്റ്, തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന മറ്റൊരു മാസ്റ്റര്‍ പീസ് സിനിമയാണ് കാതല്‍  ദി കോര്‍.

മലയാള സിനിമ തൊടാന്‍ ഭയപ്പെടുന്ന ഹോമോസെക്ഷ്വാലിറ്റി പോലൊരു വിഷയത്തെ കൃത്യവും വ്യക്തവുമായി അടയാളപ്പെടുത്തുന്നതിന്റെ മനോഹരമായ കാഴ്ചയാണ് കാതല്‍.

ജിയോ ബേബി സംവിധാനം നിര്‍വഹിച്ച്, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ തിരക്കഥ എഴുതിയ സിനിമയില്‍ ഛായാഗ്രഹണം നിര്‍വഹിച്ചത് സാലു കെ തോമസാണ്. ഫ്രാന്‍സിസ് ലൂയിസ് ചിത്രസംയോജനവും, മാത്യൂസ് പുളിക്കന്‍ പാശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മമ്മുട്ടി കമ്പനിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

പൊതു മലയാളിയുടെ സങ്കല്പനങ്ങള്‍ക്ക് ദഹിക്കാത്ത വിഷയമായതുകൊണ്ടുതന്നെ മുംബൈ പോലീസ്, മൂത്തോന്‍ തുടങ്ങിയ ചുരുക്കം സിനിമകളില്‍ മാത്രം തൊട്ട് തലോടിപ്പോയ ഹോമോസെക്ഷ്വാലിറ്റി എന്ന വിഷയം നല്ല കയ്യടക്കത്തോടെ ആവിഷ്‌കരിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലൊരു സിനിമ കേരളീയ സമൂഹത്തിലെ സ്ത്രീ സങ്കല്‍പ്പങ്ങളില്‍ വരുത്തിയ വിള്ളല്‍ കാതലിലെത്തുമ്പോള്‍ മലയാളിയുടെ പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പത്തിലേക്ക് കൂടി വ്യാപിക്കുന്നുണ്ട്. ഈ രണ്ട് അനിവാര്യമായ മാറ്റങ്ങളുടെയും പിന്നില്‍ ജിയോ ബേബി എന്ന സംവിധായകന്റെ കയ്യൊപ്പുകളാണെന്നത് യാദൃശ്ചികമല്ല.

കേരളത്തിലെ കോട്ടയം പോലൊരു പ്രദേശത്തെ, പ്രത്യേകിച്ച് ക്രിസ്തീയ വിശ്വാസികളായ ഒരു സാധാരണ കുടുംബത്തെ അവലംബമാക്കിയാണ് സിനിമ ചലിക്കുന്നത്. മാത്യൂ ദേവസി എന്ന ഗൃഹനായകന്‍, ഓമന ദേവസി എന്ന ഗൃഹനായിക, മാത്യൂവിന്റെ അച്ഛന്‍ ദേവസി, ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഫെമിമാത്യൂ എന്നിവര്‍ അടങ്ങുന്ന ചെറിയ കുടുംബത്തിലും ചുറ്റുപാടുമായി നടക്കുന്ന കഥയാണ് സിനിമയുടെ കാതല്‍.

വലിയ സങ്കീര്‍ണതകളോ പിരിമുറുക്കങ്ങളോ ഇല്ലാതെ വളരെ പതിഞ്ഞ താളത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. പശ്ചാത്തല സംഗീതം ഇതിനെ ഏറെ സഹായിക്കുന്നു. സിനിമയുടെ ടൈറ്റില്‍ മ്യുസിക് മുതല്‍ക്ക് തന്നെ ആ താളം പ്രേക്ഷകരിലേക്ക് എത്തിത്തുടങ്ങുന്നുണ്ട്.

പൊതുവെ മലയാള സിനിമകളില്‍ പുരോഗമന ചിന്തകള്‍ മുന്നോട്ട് വയ്ക്കാന്‍ വിദ്യാഭ്യാസത്തിന്റെയും യൗവനത്തിന്റെയും കൂട്ടുപിടിക്കാറുള്ളതില്‍ നിന്നും വ്യത്യസ്തമായി നായിക-നായക കഥാപാത്രങ്ങള്‍ക്ക് അത്തരത്തിലൊരു പശ്ചാത്തലം നല്‍കാതിരുന്നത് എടുത്തു പറയേണ്ടുന്ന കാര്യം തന്നെയാണ്.

അവരെ സാധാരണ മലയാളികളുടെ തനിമയിലും സ്വരൂപത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിന് വ്യക്തമായ കാരണവുമുണ്ട്. ഏതൊരു വിഷയത്തെയും പ്രേക്ഷകരിലേക്കെത്തിക്കുവാന്‍ സാധാരണീകരണം അഥവാ നോര്‍മലൈസേഷന്‍ എന്ന പ്രക്രിയയ്ക്ക് എളുപ്പത്തില്‍ സാധിക്കും. ആ പ്രത്യേകതയാണ് കാതലിലെ പ്രമേയത്തെ എളുപ്പത്തില്‍ സംവേദനം ചെയ്യുന്നതും ആസ്വാദന തലത്തെ ഇത്രമേല്‍ ഹൃദ്യമാക്കുന്നതും. ഇതോടൊപ്പം ഇത്തരത്തിലൊരു വിഷയത്തെ അടയാളപ്പെടുത്താനും ചര്‍ച്ചയാക്കാനും ആവശ്യമായ പരിതസ്ഥിതി തിരക്കഥയില്‍ ചേര്‍ക്കാന്‍ തിരക്കഥാകൃത്തുക്കള്‍ കാണിച്ച വൈദഗ്ധ്യം എടുത്ത് പറയേണ്ടതാണ്.

രാഷ്ട്രീയ,സാമൂഹിക പ്രശ്‌നങ്ങള്‍ പ്രമേയമായി വരുന്ന സിനിമകളില്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ അടയാളങ്ങള്‍ ചേര്‍ക്കുന്നതിലൂടെ കഥയ്ക്ക് ലഭിക്കുന്ന ശക്തമായ പിന്‍ബലം ജിയോബേബി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അത്തരം പ്രവണതകള്‍ കാണാറുള്ളതുകൊണ്ട് തന്നെ അവയ്‌ക്കൊക്കെ ഒരു ഡോക്യു ഫിക്ഷന്‍ സ്വഭാവം കൈവരാറുണ്ട്.

സിനിമയിലെ കോടതി രംഗങ്ങളും അതില്‍ പരാമര്‍ശിക്കപ്പെടുന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയിലെ മാറ്റങ്ങളുമൊക്കെ ഈ ഡോക്യുഫിക്ഷന്‍ സ്വഭാവത്തിന്റെ ഉദാഹരണങ്ങളാണ്. സിനിമയുടെ തുടക്കത്തില്‍ കഥ സാങ്കല്‍പ്പികമാണെന്നും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലെന്നും എഴുതിച്ചേര്‍ക്കുന്നുണ്ടെങ്കിലും പ്രമേയത്തില്‍ ഈ ഡോക്യുഫിക്ഷന്‍ രീതി കൈവരുന്നു എന്നതാണ് വാസ്തവം.

അഭിനേതാക്കളെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത സിനിമയില്‍ മമ്മുട്ടി, ജ്യോതിക എന്നിവരുടെ അഭിനയത്തികവ് പ്രേക്ഷകരെ വാചാലരാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ജ്യോതികയുടെ ഓമന ദേവസി എന്ന കഥാപാത്രം അനുഭവിക്കുന്ന മാനസിക സങ്കര്‍ഷങ്ങള്‍ അതിവൈകാരികതകള്‍ ഒട്ടുമ്മില്ലാതെ അവതരിപ്പിച്ചിരിക്കുന്നു.

മമ്മൂട്ടിയുടെ ചില ക്ലോസ് ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ചില സമീപകാല സിനിമകളെ ഓര്‍മ്മപ്പെടുത്തുന്നു എന്നതൊഴിച്ചാല്‍ ഒരിക്കല്‍ കൂടി പ്രേക്ഷകരെ അത്ഭുതപ്പെടുത്താനുള്ള അഭിനയ ചേരുവകള്‍ കാതലില്‍ കാണാം.

അതോടൊപ്പം മമ്മൂട്ടിയുടെ കരിയര്‍ അവസാനിക്കാത്തിടത്തോളം ഈ സിനിമ അദ്ദേഹത്തിന്റെ കരിയര്‍ബെസ്റ്റ് എന്നും മാസ്റ്റര്‍ പീസ് എന്നും വിലയിരുത്തുന്നതിനോട് യോജിക്കാനാവില്ല.

അനഘ മായ രവി, അലക്‌സ് അലിസ്റ്റര്‍ എന്നീ യുവ അഭിനേതാക്കളും മികച്ച പ്രകടനം പുറത്തെടുത്തു. ലെസ്ബിയന്‍ കഥപറയുന്ന അനഘയുടെ ന്യൂ നോര്‍മല്‍ എന്ന ഹ്രസ്വ ചിത്രം ഈ സിനിമയിലേക്കുള്ള വഴി തെളിച്ചതാവാനാണ് സാധ്യത.

കാതല്‍ എന്ന സിനിമ നിലവിലുള്ള വൈവാഹിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുമെന്നോ, സിനിമയുടെ ശുഭപര്യാവസാനത്തിനായ് ചേര്‍ത്ത രംഗങ്ങള്‍പോലെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ സംഭവിക്കുമെന്നോ കരുതുന്നില്ലെങ്കിലും മലയാളികളുടെ മനസ്സില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കാതലെന്ന സിനിമയ്ക്കാവുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം.

content highlights: Kaathal The Core movie review

അനശ്വരത്ത് ശാരദ

We use cookies to give you the best possible experience. Learn more