| Sunday, 26th November 2023, 5:09 pm

ക്ഷമിക്കണം ജിയോബേബി, 'കാതല്‍' എന്റെ മകളോടൊത്ത് ഞാന്‍ കാണില്ല: താഹ മാടായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ‘ എന്ന സിനിമ അടിസ്ഥാനപരമായി മുന്നോട്ടു വെക്കുന്ന പ്രമേയം, സ്ത്രീ പതിവ്രതയാവണം എന്ന ആശയമാണ്. പുരുഷന്റെ സ്വവര്‍ഗാനുരാഗമടക്കമുള്ള ലൈംഗികാഭിരുചി സാമൂഹികമായി ചരിത്ര വിജയം നേടുമെന്നാണ് ജിയോബേബി സിനിമയിലൂടെ പറഞ്ഞുവെക്കുന്നത്.

ഒരു പുരുഷന് മറ്റൊരു പുരുഷനോട് തോന്നുന്ന വൈകാരികമായ ലൈംഗിക ആകര്‍ഷണമാണ് ഉള്ളടക്കമെന്ന് ഈ സിനിമയുമായി ബന്ധപ്പെട്ട സംവാദ പരിസരങ്ങളില്‍ തോന്നാമെങ്കിലും , സ്വവര്‍ഗാനുരാഗത്തിന്റെ ( Gayism) അടിത്തട്ടനുഭവങ്ങളിലേക്ക് അത് എത്രമേല്‍ പോകുന്നുണ്ട്? സ്വവര്‍ഗാനുരാഗമെന്നത് ചിലരില്‍ കാണുന്ന സ്വാഭാവികമായ ജനിതകാവസ്ഥയാണ് ( എതിരവന്‍ കതിരവന്‍/ മാതൃഭൂമി ആഴ്ചപ്പതിപ്പ് 15, മാര്‍ച്ച് 2015) എന്ന തിരിച്ചറിവിലേക്ക് പതുക്കെയാണെങ്കിലും മലയാളി സമൂഹവും എത്തുന്നുണ്ട്. സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമപരമായി പരിരക്ഷ നല്‍കുന്ന ഏകദേശം നൂറ്റിപ്പതിനഞ്ചോളം രാജ്യങ്ങള്‍ ലോകത്തുണ്ട്.

സ്വവര്‍ഗരതി അവിടങ്ങളില്‍ തുറന്ന ജീവിതവും ഇവിടെ ‘ഒളിച്ചും മറച്ചും ‘ ചെയ്യുന്ന ലൈംഗികതയുമാണ്. സ്വവര്‍ഗാനുരാഗികളുടെ വിഷയത്തില്‍ ഇന്ത്യന്‍ കോടതികളും മാനുഷികമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്. ഉഭയസമ്മതമുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കുവാന്‍ നാസ് ഫൗണ്ടേഷന്‍ 2001ല്‍ ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ , ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 14 പൗരന്മാര്‍ക്ക് നല്‍കുന്ന നിയമത്തിന് മുന്നിലെ സമത്വം ഉറപ്പു നല്‍കി, സ്വവര്‍ഗരതിക്ക് ദല്‍ഹി ഹൈക്കോടതി 2009 ജൂലൈ 29 ന് നിയമപരമായ സാധുത നല്‍കി. സ്വവര്‍ഗാനുരാഗമെന്നത് ഒരു വിഷയമായി ദീര്‍ഘകാലമായി പശ്ചാത്തലത്തിലുണ്ട്.

മതങ്ങളില്‍, ഗ്രീക്ക് / ഇന്ത്യന്‍ പുരാണങ്ങളില്‍, പ്രാദേശികമായ ജീവിത വര്‍ത്തമാനങ്ങളില്‍ ആ പ്രമേയം ഭിന്ന മാനങ്ങളിലുണ്ട്. ‘കുണ്ടനടി ‘പോലെയുള്ള പരിഹാസ്യകരമായ ചാര്‍ത്തലുകള്‍ മലബാറില്‍ അത്തരം ലൈംഗികാനുഭവങ്ങള്‍ക്ക് പതിച്ചു നല്‍കി. 

ഇനി ‘കാതല്‍ ‘ എന്ന സിനിമയിലേക്ക് വരാം.

മാത്യു എന്ന സ്വവര്‍ഗാനുരാഗിയായ പുരുഷന്‍ അഭിമുഖീകരിക്കുന്നതല്ല യഥാര്‍ഥ ധര്‍മ്മസങ്കടമെന്ന് ആ സിനിമ വ്യക്തമാക്കുന്നുണ്ട്. അയാള്‍ സ്വന്തം അച്ഛനാല്‍ ധാര്‍മ്മികമായ ഒരു കുടുംബ ജീവിതം പരിശീലിപ്പിക്കപ്പെട്ട മകനാണ്. മലയാളി കുടുംബ ധാര്‍മ്മികത എന്ന് പറയുന്നത് മതാത്മകതയോട് അരു ചേര്‍ന്നു നില്‍ക്കുന്നതാണ്. സന്തതിപരമ്പരകളെ ഉത്പാദിപ്പിക്കുക എന്ന ആശയമാണ് മതം പ്രചോദിപ്പിക്കുന്ന ദാമ്പത്യ ജീവിതം. പ്രത്യുത്പാദനമെന്ന ഈ ജൈവ ലക്ഷ്യം മതരഹിത ദാമ്പത്യം പേറുന്നവരിലും കാണാം. ‘ കുഞ്ഞുണ്ടാവാന്‍ വേണ്ടി രതി ‘ എന്നതാണ് ദാമ്പത്യ സെക്‌സിന്റെ മൂലകമായി പ്രവര്‍ത്തിക്കുന്ന ചിന്ത.ഓമന എന്ന സ്ത്രീ മതാത്മക ചിന്തയുടെ ഈ ഒരു ലൈംഗിക/ദാമ്പത്യമാര്‍ഗരേഖയാണ് ശാരീരികമായി പിന്തുടര്‍ന്നത്.

സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവില്‍ നിന്ന് ആ സ്ത്രീ കുഞ്ഞിനെ ചോദിച്ച് വാങ്ങി. ഇരുപത് വര്‍ഷത്തിനിടയില്‍ ആ സ്ത്രീ നടത്തിയ ലൈംഗിക ബന്ധം എത്രയാണെന്ന് സിനിമയില്‍ കൃത്യമായി പറയുന്നുണ്ട്. ആ എണ്ണം വെച്ചുള്ള സൂചന തന്നെ പ്രത്യുത്പാദന കണ്‍വെന്‍ഷനല്‍ ലൈംഗികതയുടെ സൂചനയാണ്. കല്യാണം കഴിഞ്ഞാല്‍ മകന്റെ സ്വവര്‍ഗാനുരാഗം മാറുമെന്ന് (മാറില്ല എന്ന് ഡോക്ടര്‍ പറഞ്ഞതല്ലേ എന്ന് അപ്പനോട് മാത്യു വിതുമ്പലോടെ ചോദിക്കുന്നുണ്ട് ) അച്ഛന്‍ പ്രതീക്ഷിച്ചതു പോലെ, കുഞ്ഞുണ്ടായാല്‍ ഭര്‍ത്താവിന് തന്നോട് ലൈംഗികമായ ഇണക്കമുണ്ടാകുമെന്ന് ഓമന എന്ന ഭാര്യയും പ്രതീക്ഷിച്ചിരിക്കുമോ?

യാഥാസ്ഥിതിക മത ജീവിതം നയിക്കുന്ന ഓമന അങ്ങനെ പ്രതീക്ഷിക്കാന്‍ സാധ്യതയുണ്ട്. തേരാ പേരാ നടക്കുന്ന വാല്യക്കാരായ മക്കളോ അല്ലെങ്കില്‍ തീരെ ചുണ കെട്ട മക്കളോ മങ്ങലം കഴിഞ്ഞാല്‍ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്ന എത്രയോ അച്ഛനമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍, നിരാശാഭരിതമായ ജീവിതമാണ് അങ്ങനെ ‘വിവാഹ പരിഹാരങ്ങ ‘ളിലൂടെ നല്ലൊരു ജീവിതം പ്രതീക്ഷിച്ച മക്കളില്‍ നിന്ന് പലര്‍ക്കുമുണ്ടായത്. മക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട ഒരു കുടുംബ പരിഹാരമായി വിവാഹത്തെ കാണുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന സിനിമയാണ് ‘ കാതല്‍ ‘.

ലൈംഗികമായി തന്നെ പ്രചോദിപ്പിക്കാത്ത മാത്യുവുമായി ജീവിക്കുന്ന ഓമന, വിവാഹത്തിനിടയില്‍ ഒരു ഇതര ലൈംഗികത നേടുന്നതായി എവിടെയും സൂചനയില്ല. തന്റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണ്, എന്നറിഞ്ഞിട്ടും അയാളില്‍ നിന്ന് കുട്ടി വേണം എന്നാഗ്രഹിക്കുകയും അതിനുവേണ്ടി മാത്രമുള്ള ഇണചേരലില്‍ തന്നെ അതു സാധിച്ചെടുക്കുകയും ചെയ്യുന്ന ഓമന അന്യപുരുഷനുമായി കിടക്ക പങ്കിടാതിരുന്നത് എന്തുകൊണ്ടാണ്? വിവാഹേതരമായ ഏത് ലൈംഗിക ബന്ധവും സ്ത്രീകള്‍ക്ക് ‘ അന്യതാ ബോധവും’ പാപവുമാണ് എന്ന സാമ്പ്രദായിക മതാത്മക ബോധ്യമാണ് അതിന് കാരണം. അതൊരു വിക്ടോറിയന്‍ സദാചാര ഭാവനയാണ്.

വിവാഹേതര ബന്ധം കുറ്റകൃത്യമാണ് എന്ന പാപ ചിന്തയായിരിക്കാം ഓമനയുടെ പ്രശ്‌നം, മാത്യു അത്തരം പാപചിന്ത പേറുന്നുമില്ല. സ്ത്രീ പതിവ്രതയായിരിക്കണം എന്ന ആശയമാണ് ഈ സിനിമ ഉറപ്പോടെ പറയുന്നത്. ‘രൊക്കം ഒരു ഭര്‍ത്താവ് ‘ മാത്രമാണ് ഓമനയ്ക്ക്. അടിയടരുകളില്‍ ഈ സിനിമ പറയുന്നത് സ്വവര്‍ഗാനുരാഗിയായി ഒരു മനുഷ്യന്റെ വിങ്ങലല്ല. ഭര്‍ത്താവ് ഗേ ആണെന്നറിഞ്ഞിട്ടും, ലൈംഗികസുഖം നേടാന്‍ മറ്റൊരു പുരുഷനെയും കണ്ടെത്താന്‍ കഴിയാത്ത ഹതഭാഗ്യയായ സ്ത്രീയുടെ ദു:ഖമാണ് അത് പകര്‍ത്തുന്നത്. ഒരര്‍ഥത്തില്‍, സ്ത്രീയെ സംബന്ധിക്കുന്ന മതാത്മക ധാര്‍മ്മിക പ്രബോധനമാണ് ഈ സിനിമ. ഓമന എന്ന സ്ത്രീയില്‍ മതം പ്രവര്‍ത്തിക്കുന്നത്:

ഒന്ന്, അസംതൃപ്ത ദാമ്പത്യ ജീവിതം നയിക്കുമ്പോഴും ഭര്‍ത്താവില്‍ നിന്ന് കുഞ്ഞുണ്ടാവണം എന്നാഗ്രഹിക്കുന്നു. രണ്ട്,വിവാഹ ജീവിതത്തില്‍ അസംതൃപ്ത ലൈംഗിക ജീവിതം പേറുമ്പോഴും ലൈംഗികസുഖം എന്ന പ്രാഥമികമായ ബോഡി നീഡ് നേടാന്‍ ഓമന മറ്റൊരു വഴിയും തേടുന്നില്ല. ഇത്രയും ദീര്‍ഘമായ ലൈംഗിക പിരിമുറുക്കം അനുഭവിക്കുന്ന സ്ത്രീക്ക് കോണ്‍ഡം വാങ്ങി അത് ആരില്‍ നിന്നും നേടാവുന്നതേയുള്ളൂ. മകള്‍ മദ്യപിക്കാനാഗ്രഹിക്കുന്നത് മൗനത്തോടെ കേട്ടിരിക്കുന്ന, പച്ചപ്പാവമായ മാത്യു ഭാര്യയുടെ വിവാഹേതര ലൈംഗികത അറിഞ്ഞാല്‍ തന്നെ ആഹ്ലാദിക്കാനാണ് സാധ്യത. കാരണം, അയാള്‍ അങ്ങനെയാണ്. വക്കീല്‍ മാത്യുവിനോട് പറഞ്ഞതു പോലെ മൈം ആണ് അയാളുടെ ചലനങ്ങള്‍.

അങ്ങനെ ഇതര ലൈംഗികത എന്നത് സ്ത്രീക്ക് പാപവും പുരുഷന് ചരിത്ര വിജയം നേടിക്കൊടുക്കുന്ന ലൈംഗിക സാധൂകരണവുമായി ലളിതവല്‍ക്കരിക്കുന്നു, കാതല്‍.

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില ആശയങ്ങള്‍ ഈ സിനിമ മുന്നോട്ടു വെക്കുന്നു. അച്ഛനും അമ്മയും അച്ഛാച്ഛനും ഇരിക്കുമ്പോള്‍ മദ്യപിക്കാന്‍ ‘ആഗ്രഹിക്കുന്ന ‘ആ മകള്‍, സ്വതന്ത്ര്യത്തെ തീരെ ചെറിയ പ്രായത്തില്‍ മനസ്സിലാക്കിയത് എവ്വിധമായിരിക്കും? ഏതായാലും എന്റെ മകളുമായി ഈ സിനിമ കാണാന്‍ ഒരു പിതാവായ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് അത്രയും ചെറിയ പ്രായത്തില്‍ തന്നെ കുരുത്തം കെട്ട ചില ബോധ്യങ്ങള്‍ ‘കാതല്‍ ”ഉത്പാദിപ്പിക്കുന്നു. കുടിക്കുന്നതിന് ഒരു പ്രായമുണ്ട്. പ്രായത്തെക്കുറിച്ച് ഉള്ള ആ ധാരണ ഇവിടെ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു.ആ ഡ്രൈവിങ്ങ് സ്‌കൂള്‍ മാഷോടൊപ്പം ഒരു ‘ വെളുത്ത ആണ്‍കുട്ടിയെ ‘ഒറ്റയ്ക്ക് പാര്‍പ്പിക്കുക വഴി ‘അതോ ഇതോ മാത്യൂസിന്റെ ഹോമോ സെക്ഷ്വല്‍ പാര്‍ട്ണര്‍ എന്ന ഉല്‍പ്രേക്ഷ സൃഷ്ടിക്കുന്നുമുണ്ട് ,സിനിമ. പ്രേക്ഷകര്‍ക്കാവശ്യമായ പൈങ്കിളി ധാരണകള്‍ ഒളിച്ചു കടത്തുന്നത് ഇങ്ങനെയാണ്.

‘കാതല്‍ ‘ മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ്. കിടപ്പറ / അടുക്കള – ഈ ദ്വന്ദ്വങ്ങള്‍ക്കിടയില്‍ ജീവിതം വലിച്ചു മുറുക്കാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യയെ ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിര്‍ത്തുന്നു. മകന്‍ ഗേ എന്നറിഞ്ഞാല്‍ ഭാവിയുമായി ബന്ധപ്പെട്ട പാരന്റിങ്ങ് എങ്ങനെയുള്ളതാവണം എന്ന വിഷയവും ഇത് മുന്നോട്ടു വെക്കുന്നു. എന്നാല്‍, യാഥാസ്ഥിതിക മതാത്മക ലൈംഗികതയാണ് ഈ സിനിമ മുന്നോട്ടു വെക്കുന്നത്. കാതല്‍ മികച്ച ചലച്ചിത്രാനുഭവമാകുകുമ്പോഴും, മികച്ചത് മൂല്യവത്തായിരിക്കണമെന്നില്ല എന്ന വിമര്‍ശനം കൂടിയുണ്ട്. സ്ത്രീവിരുദ്ധതയുടെ അഗാധമായ ഗര്‍ത്തം ഈ സിനിമ കാണിച്ചു തരുന്നു.

ഈ സിനിമ കാണിച്ചുതരുന്ന വിമര്‍ശന രഹിതമായ മൂല്യം, മമ്മൂട്ടി എന്ന നടനാണ്. എന്തൊരു അത്ഭുതമാണ് ആ മനുഷ്യന്‍! ഇങ്ങനെയൊരു പ്രമേയം ചിത്രീകരിച്ച ജിയോ ബേബിയും സംഘവും നമ്മുടെ ചലച്ചിത്രാനുഭവത്തെ വലിയ രീതിയില്‍ പൊളിച്ചെഴുതിയിരിക്കുന്നു. വിമര്‍ശിക്കപ്പെടുമ്പോഴും ജിയോബേബിയും മമ്മൂട്ടിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ വെച്ച ധീരത സര്‍ഗാത്മകമാണ്.

Content Highlights: Kaathal – the core movie review

We use cookies to give you the best possible experience. Learn more