| Friday, 5th January 2024, 11:53 am

കാതലിലെ പുരോഗമനവാദിയായ പള്ളീലച്ചനും ഇടവകയിലെ പ്രമാണിമാരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ കാതല്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

മാത്യു ദേവസിയും അദ്ദേഹത്തിന്റെ ഭാര്യ ഓമനയും അവരുടെ മകളായ ഫെമിയും അദ്ദേഹത്തിന്റെ പിതാവും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന മാത്യു ദേവസിയില്‍ നിന്നും ഭാര്യ ഓമന വിവാഹമോചനം ആവശ്യപ്പെടുന്നതും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിലൂടെയുമാണ് കാതലിലേക്ക്  പ്രേക്ഷകന്‍ കണക്ടാകുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി താന്‍ ജീവിച്ചുപോരുന്നത് സ്വവര്‍ഗാനുരാഗിയായ മാത്യുവിനൊപ്പമാണെന്ന് ഓമന വെളിപ്പെടുത്തുന്നതും വിവാഹമോചനമെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നതുമായ രംഗങ്ങളാണ് തുടര്‍ന്ന് സിനിമയില്‍ കാണിക്കുന്നത്.

20 വര്‍ഷം നീണ്ടുനിന്ന വിവാഹബന്ധം ഉപേക്ഷിക്കാന്‍ സഹോദരി തയ്യാറാകുന്നു എന്ന വാര്‍ത്ത എന്നാല്‍ അവളുടെ സഹോദരനെ ഉലയ്ക്കുന്നുണ്ട്. ഏത് വിധേനയും സഹോദരിയെ കൊണ്ട് ഈ തീരുമാനം പിന്‍വലിപ്പിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ പള്ളീലച്ചനേയും പള്ളിയിലെ ചില പ്രമാണിമാരേയും കൂട്ടി ഇയാള്‍ മാത്യുവിന്റെ വീട്ടിലെത്തുന്ന ഒരു രംഗമുണ്ട് സിനിമയില്‍.

പള്ളീലച്ചന്‍ വഴി സഹോദരിയുടെ മനസുമാറ്റിയെടുക്കാമെന്ന ഉദ്ദേശത്തിലാണ് അദ്ദേഹം ഇത് ചെയ്യുന്നത്. എന്നാല്‍ അവിടെ നമ്മള്‍ കാണുന്നത് വളരെ പുരോഗമനവാദിയായ, വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കും വ്യക്തി തീരുമാനങ്ങള്‍ക്കും അങ്ങേയറ്റം വിലകല്‍പ്പിക്കുന്ന അച്ചനെയാണ്.

വിവാഹമോചനത്തിന്റെ കാരണം ഇവര്‍ക്കുമുന്‍പില്‍ പറയാന്‍ ഓമന തയ്യാറാകുന്നില്ലെങ്കിലും അത് തന്റെ ഉറച്ച തീരുമാനമാണെന്ന് ഓമന പറയുമ്പോള്‍ അത് സ്വീകരിക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനുമാണ് പള്ളീലച്ചന്‍ തീരുമാനിക്കുന്നത്.

എന്നാല്‍ പള്ളീലച്ചനെ ഇരുത്തിക്കൊണ്ട് തന്നെ, ഈ വിഷയം നാട്ടുകാര്‍ അറിഞ്ഞസ്ഥിതിക്ക് മാത്യുവിനെ പള്ളിയില്‍ നിന്ന് പുറത്താക്കണമെന്നാണ് പ്രമാണിമാര്‍ പറയുന്നത്. താന്‍ പോലുമറിയാതെ മാത്യുവിനെ ഇടവകയില്‍ നിന്ന് പുറത്താക്കാന്‍ ആലോചനയുണ്ടോ എന്ന് ഈ ഘട്ടത്തില്‍ അച്ചന്റെ കഥാപാത്രം അവരോട് ചോദിക്കുന്നുണ്ട്.

ഈ ഒരു രംഗത്തിലൂടെ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ സമൂഹത്തില്‍ മതം കൈക്കൊള്ളുന്ന നിലപാടിലേക്ക് വിരല്‍ ചൂണ്ടുകയാണ് ചിത്രം. എന്നാല്‍ ഇവിടെ പൂര്‍ണമായും ഓമനയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുകയാണ് പള്ളീലച്ചന്‍.

ഓമന അവളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കൂടുതലൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ അവളെ ഒരു തലത്തിലും ബുദ്ധിമുട്ടിക്കാതെ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് അച്ചന്റെ കഥാപാത്രം.

സ്വവര്‍ഗ ലൈംഗികതയെ പിന്തുണച്ചെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രസ്താവനകള്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്നും അതിനെ കുറ്റകരമെന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങളെ അനീതിയെന്നുമായിരുന്നു
ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്.

ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും എല്‍.ജി.ബി.ടി.ക്യു വ്യക്തികളെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും അദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാത്തലിക് ബിഷപ്പുമാര്‍ സ്വവര്‍ഗ ലൈംഗികതയെ കുറ്റകരമാക്കുകയും എല്‍.ജി.ബി.ടി.ക്യു വ്യക്തികളോട് വിവേചനം കാണിക്കുകയും ചെയ്യുന്ന നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സമ്മതിച്ചിരുന്നു. എന്നാല്‍ അത്തരം മനോഭാവങ്ങള്‍ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുണ്ടാവുന്നതാണെന്നും ബിഷപ്പുമാര്‍ എല്ലാവരുടെയും അന്തസ് തിരിച്ചറിയുംവിധം മാറ്റത്തിന് തയാറാകേണ്ടതുണ്ടെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള 67 രാജ്യങ്ങള്‍ സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമായി കാണുന്നുണ്ട്.

Content Highlight: Church and Priest Roles and their Attittude on  Kaathal The core

We use cookies to give you the best possible experience. Learn more