| Saturday, 12th November 2022, 6:22 pm

പൂമുഖ വാതില്‍ക്കല്‍ പുഞ്ചിരിയുമായി മമ്മൂട്ടിയും ജ്യോതികയും; കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

വീടിന്റെ വാതില്‍ക്കല്‍ ഇരിക്കുന്ന മമ്മൂട്ടിയേയും ജ്യോതികയേയുമാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് കമന്റ് ബോക്‌സില്‍ എത്തിയത്.

ഒരിടവേളക്കുശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കാതല്‍. കാതല്‍ സിനിമയുടെ സെറ്റ് കഴിഞ്ഞ ദിവസം നടന്‍ സൂര്യ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ വീഡിയോ മമ്മൂട്ടിക്കമ്പനി പങ്കുവെക്കുകയും ചെയ്തിരുന്നു. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് സൂര്യ അതിഥിയായി ലൊക്കേഷനില്‍ എത്തിയത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും കാതല്‍ ടീമിനുമൊപ്പം ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം തിരികെ പോയത്.

മാത്യു ദേവസി എന്ന കഥാപാത്രത്തെയായിരിക്കും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുക. ഷൂട്ടിനായി വെച്ചിരിക്കുന്ന ഒരു ഫ്ളക്സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ളക്സില്‍ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.

സാലു കെ തോമസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്- ഫ്രാൻസിസ് ലൂയിസ്, മ്യൂസിക് – മാത്യൂസ് പുളിക്കൻ, ആർട്ട് – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിങ്, സൗണ്ട് ഡിസൈൻ – ടോണി ബാബു MPSC, വരികൾ – അലീന, കോസ്റ്റ്യൂംസ് – സമീറ സനീഷ്, മേക്കപ്പ് – അമൽ ചന്ദ്രൻ, കോ-ഡയറക്ടർ – അഖിൽ അനന്തൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് – മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മസിലാമണി, സ്റ്റിൽസ് – ലെബിസൺ ഗോപി, പി.ആർ.ഒ – പ്രതീഷ്, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, ഡിസൈൻ – ആൻ്റണി സ്റ്റീഫൻ എന്നിവരാണ് അണിയറ പ്രവർത്തകർ.

Content Highlight: kaathal first look poster

Latest Stories

We use cookies to give you the best possible experience. Learn more