| Friday, 29th October 2021, 3:45 pm

ദാസേട്ടന്‍ പാടിയാല്‍ മാത്രം ആസ്വദിച്ചിരുന്ന ആ പാട്ട് പാടിയെന്നെ അയാള്‍ വശീകരിച്ചു; സിനിമയില്‍ പാടണമെന്ന സന്തോഷിന്റെ ആഗ്രഹം ഒടുവില്‍ സാധിച്ചു; കാവലിലെ പ്രൊമോ സോംഗ് പുറത്ത് വിട്ട് സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി നായകനാവുന്ന പുതിയ ചിത്രം ‘കാവല്‍’ എന്ന ചിത്രത്തിലെ ‘കാര്‍മേഘം മൂടുന്നു’ എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടു.

സന്തോഷ് എന്നയാളാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് ആ പാട്ട് പാടാനുണ്ടായ കാരണവും അതിന് പിന്നിലെ കഥയും പറയുകയാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ വെച്ചാണ് സന്തോഷിനെ കാണുന്നതും പാട്ട് കേള്‍ക്കുന്നതുമെന്നാണ് സുരേഷ് ഗോപി പറയുന്നത്.

‘2019-20ലെ നിങ്ങള്‍ക്കുമാകാം കോടീശ്വരനിലെ അഞ്ചാം വസന്തം. സംഗീത ഒരു മത്സരാര്‍ഥിയായി ഹോട്ട്‌സീറ്റിലേക്ക് വന്നു. മത്സരം ഒരു വശത്ത് കൂടി നടന്നുകൊണ്ടിരിക്കുമ്പോഴും, സംഗീതയ്ക്ക് തൊട്ടുപിന്നില്‍ ഗ്യാലറിയില്‍ സന്തോഷും ഉണ്ടായിരുന്നു. പിന്നീടാണ് സന്തോഷിന്റെ ശാരീരിക അസ്വസ്ഥതകളെ കുറിച്ചറിയുന്നത്.

പാട്ടുകാരനാണെന്ന് പറഞ്ഞു. ഒരു പാട്ട് കേള്‍ക്കണമെന്ന് ഞാനും. പവിത്രം എന്ന സിനിമയിലെ പാട്ടാണ് സന്തോഷ് പാടിയത്. ആ പാട്ട് യേശുദാസ് പാടിയാല്‍ മാത്രമേ എനിക്ക് ആസ്വാദ്യകരമാവൂ എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

അങ്ങനെ വിചാരിച്ചിടത്തുനിന്ന് ദാസേട്ടനോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ട് വലിയൊരു സമര്‍പ്പണമാണ് ആ പാട്ടിലൂടെ ദാസേട്ടന് കൊടുക്കാന്‍ സന്തോഷിന് കഴിഞ്ഞത്. ആ പാട്ട് എന്നെ വശംവദനാക്കി, എന്നെ വശീകരിച്ചു,’ സുരേഷ് ഗോപി പറയുന്നു.

തന്നെ കണ്ട് സിനിമയില്‍ പാടാന്‍ ഒരു അവസരത്തിനായാണ് തന്റെ എല്ലാ ശാരീരിക അശ്വസ്ഥകളും മറന്ന് സന്തോഷ് ഇവിടെയെത്തിയതെന്നും, ഒരു അവസരം ഉറപ്പായും താന്‍ നല്‍കുമെന്ന് വാക്ക് നല്‍കിയതായും സുരേഷ് ഗോപി പറയുന്നു.

ഇതിന് പിന്നാലെയാണ് സന്തോഷ്, സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ കാവലില്‍ പാടുന്നത്.

രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. തമ്പാന്‍ എന്ന മാസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ആക്ഷന്‍ ഫാമിലി ഡ്രാമയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബര്‍ 25ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി. കെ. ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗന്‍. വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി.

പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kaarmekham Moodunnu, Promo song from the movie Kaval released

We use cookies to give you the best possible experience. Learn more